ന്യൂദൽഹി : 1993-ൽ പുറത്തിറങ്ങിയ ജാപ്പനീസ്-ഇന്ത്യൻ ആനിമേഷൻ ചിത്രമായ “രാമായണം : ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” ജനുവരി 24-ന് ഇന്ത്യൻ തിയേറ്ററുകളിൽ എത്തുമെന്ന് സിനിമയുടെ വിതരണക്കാർ ബുധനാഴ്ച അറിയിച്ചു. “രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” ഇന്ത്യയിലുടനീളം വിതരണം ചെയ്യുന്നത് ഗീക്ക് പിക്‌ചേഴ്‌സ് ഇന്ത്യ, എഎ ഫിലിംസ്, എക്സൽ എൻ്റർടൈൻമെൻ്റ് എന്നിവർ ചേർന്നാണ്.
ആരാധകർക്കും പുതുമുഖങ്ങൾക്കും ഒരുപോലെ “ഈ പ്രിയപ്പെട്ട ഇതിഹാസം” പരിചയപ്പെടുത്തുന്നതിൽ അഭിമാനമുണ്ടെന്ന് ഗീക്ക് പിക്‌ചേഴ്‌സ് ഇന്ത്യയുടെ സഹസ്ഥാപകൻ അർജുൻ അഗർവാൾ പറഞ്ഞു. ഒന്നിലധികം ഭാഷകളിൽ അവതരിപ്പിക്കുന്നതിലൂടെ, ഈ കാലാതീതമായ കഥ ഇന്ത്യയുടെ എല്ലാ കോണുകളിലെയും ഹൃദയങ്ങളെ സ്പർശിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് ഒരു സിനിമ എന്നതിലുപരി ജാപ്പനീസ് ആനിമേഷന്റെ സമാനതകളില്ലാത്ത കലാവൈഭവത്തിലൂടെ ഇന്ത്യയുടെ പൈതൃകം പ്രദർശിപ്പിക്കുന്ന തലമുറകളെ ബന്ധിപ്പിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ ആഘോഷമാണിതെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
ഈ ആനിമേറ്റഡ് ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പുതിയ ഡബ്ബുകളോടെ അതിന്റെ യഥാർത്ഥ ഇംഗ്ലീഷ് പതിപ്പിനൊപ്പം 2024 ഒക്ടോബർ 18 ന് 4K ഫോർമാറ്റിൽ റിലീസ് ചെയ്യാൻ നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നതാണ്. എന്നാൽ സിനിമ കൂടുതൽ തീയറ്ററുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമയുടെ റിലീസ് പുനഃക്രമീകരിച്ചത്.
“രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” സംവിധാനം ചെയ്തത് യുഗോ സാക്കോ, റാം മോഹൻ, കൊയിച്ചി സസാക്കി എന്നിവർ ചേർന്നാണ്. അതിന്റെ ആദ്യ ഹിന്ദി പതിപ്പിൽ “രാമായണം” സ്റ്റാർ അരുൺ ഗോവിൽ രാമന്റെ കഥാപാത്രത്തിന് ശബ്ദം നൽകി. നമ്രത സാഹ്നി സീതയായി അഭിനയിച്ചു. അന്തരിച്ച അമരീഷ് പുരിയാണ് രാവണന് ശബ്ദം നൽകിയത്. മുതിർന്ന നടൻ ശത്രുഘ്നൻ സിൻഹയാണ് ആമുഖം അവതരിപ്പിച്ചത്.
ബാഹുബലി ഫ്രാഞ്ചൈസി, ബജ്രംഗി ഭായ്ജാൻ, ആർആർആർ തുടങ്ങിയ സിനിമകൾക്ക് പേരുകേട്ട പ്രശസ്ത തിരക്കഥാകൃത്ത് വി വിജയേന്ദ്ര പ്രസാദ് ചിത്രത്തിന്റെ പുതിയ പതിപ്പുകളുടെ ക്രിയേറ്റീവ് അഡാപ്റ്റേഷന് മേൽനോട്ടം വഹിച്ചിട്ടുണ്ട്. നേരത്തെ “രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” 1993-ലെ 24-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നുവെങ്കിലും സിനിമാ ഹാളുകളിൽ റിലീസ് ചെയ്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക