കണ്ണൂര്‍: പിണറായി പഞ്ചായത്തില്‍ ദേവസ്വം ഭൂമി കൈയേറി റസ്റ്റ് ഹൗസ് പണിയുന്നതിനെതിരെ ദേവസ്വം ഊരാളന്‍ കലക്ടര്‍ക്കും പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും പരാതി നല്‍കി. കേളാലൂര്‍ ദേവസ്വത്തിന് വേണ്ടി രണ്ടാം ഊരാളന്‍ അടിമനയില്ലത്ത് ദാമോദരന്‍ നമ്പൂതിരിയാണ് പരാതി നല്‍കിയത്. പാതിരിയാട് വില്ലേജിലെ 151 ബ്ലോക്ക് 104 സര്‍വ്വേ നമ്പറില്‍പ്പെട്ട ഒരേക്കര്‍ ഭൂമി കൈയേറിയാണ് പൊതുമരാമത്ത് റസ്റ്റ് ഹൗസ് നിര്‍മിക്കുന്നത്.
ദേവസ്വം ഊരാളരെ അറിയിക്കാതെ സ്ഥലം പുറമ്പോക്കായി പ്രഖ്യാപിച്ചാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിടം പണിയുന്നത്. കോഴിക്കോട് റീജിയണല്‍ പുരാവസ്തു വകുപ്പില്‍ നിന്ന് ലഭിച്ച രേഖയില്‍ സ്ഥലം ദേവസ്വം ഭൂമിയാണെന്നതിന് തെളിവായി അടങ്കലുണ്ടായിരിക്കെയാണ് രേഖകളൊന്നുമില്ലാതെ പിഡബ്ലുഡി പുറമ്പോക്കാണെന്ന് സ്ഥാപിച്ച് സ്ഥലം കൈയേറിയതെന്ന് ഊരാളര്‍ പറയുന്നു. വില്ലേജ് ഓഫീസിലെ രേഖകളിലും സ്ഥലം ദേവസ്വത്തിന്റേതാണെന്നതിന് കൃത്യമായ തെളിവുകളുണ്ട്. രേഖ കൈയിലില്ലെന്നും രേഖയ്‌ക്കായി വില്ലേജില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നുമാണ് പിഡബ്ല്യുഡി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് റസ്റ്റ് ഹൗസ് പണിയുന്നത്.
2024 സപ്തം. 3 നാണ് മന്ത്രി മുഹമ്മദ് റിയാസ് റസ്റ്റ് ഹൗസ് നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. പിണറായി ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് 5.08 കോടി രൂപ ചെലവില്‍ റസ്റ്റ് ഹൗസിന്റെ നിര്‍മാണ പ്രവൃത്തി നടത്തുന്നത്. പണി ആരംഭിച്ചെങ്കിലും ഇപ്പോള്‍ മൂന്ന് മാസമായി നിര്‍മാണം നിലച്ചിട്ട്. കഴിഞ്ഞദിവസം വീണ്ടും പണി ആരംഭിച്ചപ്പോഴാണ് ദേവസ്വം അധികൃതര്‍ കത്ത് നല്‍കിയത്.
ഇത്തരത്തില്‍ ക്ഷേത്രഭൂമി ഏറ്റെടുക്കാനോ കെട്ടിടം പണിയാനോ പൊതുമരാമത്തിന് അധികാരമില്ലെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ദേവസ്വം രണ്ടാം ഊരാളന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക