ശാസ്താംനട (കൊല്ലം): ഒരു ലക്ഷം രൂപ വിലയുള്ള വിദേശ ഇനം വളര്‍ത്തു പക്ഷിയെയും കുഞ്ഞുങ്ങളെയും അകത്താക്കിയ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. സിനിമാപ്പറമ്പ് എഎസ് സ്ഥാപനങ്ങളുടെ ഉടമകളായ പോരുവഴി കമ്പലടി അജി-ഷാനവാസ് സഹോദരന്മാരുടെ വീട്ടില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം.
വീടിന്റെ മുന്‍വശത്ത് പ്രത്യേകം തയാറാക്കിയ കെട്ടിടത്തിലാണ് നെറ്റ് വിരിച്ച് വിദേശ ഇനത്തില്‍പ്പെട്ട നിരവധി പക്ഷികളെ ഇവര്‍ വളര്‍ത്തുന്നത്. തടികൊണ്ട് തീര്‍ത്ത ചെറിയ കൂട്ടില്‍ മുട്ട ഉണ്ടോ എന്നറിയാന്‍ കൈയിടാന്‍ ഒരുങ്ങുമ്പോഴാണ് ഷാനവാസിന് പന്തികേട് തോന്നിയത്. തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ അംഗമായ കുട്ടപ്പന് എത്തി പാമ്പിനെ പിടികൂടി. എട്ട് അടിയിലധികം നീളവും നാല് വയസും തോന്നിക്കുന്ന മൂര്‍ഖനെയാണ് പിടികൂടിയത്. തണുപ്പ് കാലം ഏറെ ഇഷ്ടപ്പെടുന്നതിനാല് ഭക്ഷണം തേടിയും ഇണചേരാനുമായി പാമ്പുകള്‍ വീടുകളുടെ പരിസരത്ത് ഉള്‍പ്പെടെ എത്താനുള്ള സാധ്യത കൂടുതലാണെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കുട്ടപ്പന് പറഞ്ഞു. പിടികൂടിയ പാമ്പിനെ കോന്നി വനം വകുപ്പിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: