Article

സ്ത്രീ ശാക്തീകരണത്തിന്റെ നവ ഭാവമായി പഞ്ചായത്ത് സെ പാര്‍ലമെന്റ്

നിതാശാക്തീകരണം എന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രഖ്യാപിത അജണ്ടകളിലൊന്നാണ്. ഗ്രാമങ്ങളിലെ കൃഷിയിടങ്ങളില്‍ ഡ്രോണുകള്‍ നിയന്ത്രിക്കുന്ന വനിതകള്‍ക്കൊപ്പം യുദ്ധവിമാനം പറത്തുന്ന വനിതകളെയും നവഭാരതം ഇന്ന് കാണിച്ചുതരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എല്ലാ രംഗങ്ങളിലും വനിതകളുടെ മുന്നേറ്റമാണ് കാണുന്നത്. ഗ്രാമപ്പഞ്ചായത്ത് അംഗം മുതല്‍ രാഷ്‌ട്രപതി വരെ ഇന്ന് വനിതയാണ്.

ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട ക്ഷേമ പ്രവര്‍ത്തനങ്ങളുടെയെല്ലാം പ്രധാന ഉപഭോക്താവ് വനിതകളാണ്. പ്രധാനമന്ത്രി ആവാസ് യോജന മുതല്‍ ലാഖ്പതി ദീദി വരെയുള്ള പദ്ധതികള്‍ ഇതിന് തെളിവാണ്. സ്ത്രീകളുടെ അന്തസും ജീവിത നിലവാരവും ഉയര്‍ത്തുന്ന പദ്ധതികള്‍ ഒന്നിന് പുറകെ ഒന്നായി സര്‍ക്കാര്‍ നടപ്പാക്കുന്നു. സ്ത്രീകള്‍ നയിക്കുന്ന വികസനം എന്ന ആശയം ദല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പ്രധാന പ്രമേയമാക്കി മോദി സര്‍ക്കാര്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു.

വനിതാ സംവരണ ബില്‍ പാസാക്കിയതിനൊപ്പം വനിതകളെ പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റ് തലം വരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുന്നു. ഇത്തരത്തിലുള്ള പദ്ധതിയുടെ ഭാഗമാണ് ദേശീയ വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പഞ്ചായത്ത് സെ പാര്‍ലമെന്റ്. രാജ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാകെ തെരഞ്ഞെടുക്കപ്പെട്ട 14 ലക്ഷം വനിതാ ജനപ്രതിനിധികള്‍ ഉണ്ടെന്നാണ് കണക്ക്. ആകെ ജനപ്രതിനിധികളുടെ 46 ശതമാനമാണിത്. 2024 ജനുവരി എട്ടിനാണ് ദല്‍ഹി സംവിധാന്‍ സദനില്‍ ആദ്യ പഞ്ചായത്ത് സെ പാര്‍ലമെന്റ് സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ത്രിതല പഞ്ചായത്തുകളിലെ അഞ്ഞൂറിലധികം വരുന്ന വനിതാ അംഗങ്ങളാണ് അന്ന് പങ്കെടുത്തത്.

രണ്ടാം പഞ്ചായത്ത് സെ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം സംവിധാന്‍ സദനിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്നു. കേരളത്തില്‍ നിന്നുള്ള എട്ടുപേരുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വനവാസി വിഭാഗത്തില്‍പ്പെട്ട അഞ്ഞൂറിലധികം വനിത ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍ പഞ്ചായത്ത് സെ പാര്‍ലമെന്റിന്റെ ഭാഗമായി. രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവുമായുള്ള കൂടിക്കാഴ്ചയും സംവിധാന്‍ സദനിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനവും പ്രതിനിധികള്‍ക്ക് പുതിയ കരുത്തും ഊര്‍ജ്ജവുമാണ് പകര്‍ന്ന് നല്‍കിയത്.

പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിത ജനപ്രതിനിധികളുടെ നേതൃത്വപരമായ കഴിവുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് ഇത്തവണ പഞ്ചായത്ത് സെ പാര്‍ലമെന്റിലൂടെ ലക്ഷ്യമിട്ടത്. നിയമ നിര്‍മ്മാണ പ്രക്രിയ, ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അവബോധം നല്‍കാനും ഭരണഘടനാ വ്യവസ്ഥകള്‍, പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കാനും പരിപാടി ലക്ഷ്യമിട്ടു.

ഗ്രാമപ്പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍ഭയമായി നിര്‍വഹി ക്കണമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രതിനിധികളോട് പറഞ്ഞു. പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ നമ്മുടെ ജനാധിപത്യത്തിന്റെ ആണി ക്കല്ലാണ്. രാജ്യത്തിന്റെയും പൗരന്മാരുടെയും സമഗ്രവികസനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതിന് അര്‍ഹരായ ആളുകളെ ബോധവത്കരിക്കണം. കുട്ടികള്‍ക്ക് കൃത്യസമയത്ത് വാക്സിനേഷന്‍ നല്‍കുന്നുണ്ടെന്നും ഗര്‍ഭിണികള്‍ക്ക് ശരിയായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്നും കുട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നില്ലെന്നും ഉറപ്പാക്കണം. സ്ത്രീധനം, ഗാര്‍ഹിക പീഡനം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ കാമ്പയിനുകള്‍ നടത്തണമെന്നും രാഷ്‌ട്രപതി പറഞ്ഞു.

സംവിധാന്‍ സദനിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന പഞ്ചായത്ത് സെ പാര്‍ലമെന്റ് സമ്മേളനം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉദ്ഘാടനം ചെയ്തു. സ്പീക്കറുടെ നേതൃത്വത്തില്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം ചേര്‍ന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു. നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഗ്രാമപ്പഞ്ചായത്തുകളെ കൂടുതല്‍ വികേന്ദ്രീകൃതമാക്കണമെന്ന് ഓം ബിര്‍ള ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഭാരതത്തിന്റെ കാലഘട്ടത്തില്‍ പാര്‍ലമെന്റും നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വയനാട് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പാലക്കാട് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, വയനാട് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അമ്പിളി, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, പാലക്കാട് പുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വള്ളി, കാസര്‍കോട് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍, ബളാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, ഇടുക്കി എടമലക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി എന്നിവ രാണ് കേരളത്തില്‍ നിന്ന് പഞ്ചായത്ത് സെ പാര്‍ലമെന്റില്‍ പങ്കെടുത്തത്. കിലയിലെ സീനിയര്‍ ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.ഐ. റിസ്മിയയായിരുന്നു നോഡല്‍ ഓഫീസര്‍.

ട്രൈബല്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെയും ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെയും സഹകരണത്തോടെയാണ് ദേശീയ വനിതാ കമ്മീഷന്‍ പരിപാടി സംഘടിപ്പിച്ചത്. വിദഗ്‌ദ്ധരുടെ നേതൃത്വത്തിലായിരുന്നു ശില്പശാലകള്‍. പാര്‍ലമെന്റ് മന്ദിരം, സംവിധാന്‍ സദന്‍, പ്രധാനമന്ത്രി സംഗ്രഹാലയ, രാഷ്‌ട്രപതി ഭവന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനവും ഒരുക്കിയിരുന്നു. ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികവും ഭരണഘടനയുടെ 75-ാം വാര്‍ഷികവും ആഘോഷിക്കുന്ന വേളയില്‍ സംഘടിപ്പിച്ച പരിപാടി എസ്ടി വിഭാഗത്തില്‍പ്പെട്ട വനിത പഞ്ചായത്ത് പ്രതിനിധികള്‍ക്കുള്ള അംഗീകാരമായി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക