യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ജയിച്ച ശേഷം കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അമേരിക്കയിലെ ട്രംപിന്റെ വസതിയിലെത്തി ഒരു രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. കാനഡയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഭയന്നാണ് ട്രൂഡോ അഭയം തേടി ട്രംപിന്റെ കാല്ക്കലെത്തിയത്. എന്നാല്‍ ട്രംപ് അക്ഷരാര്‍ത്ഥത്തില്‍ ട്രൂഡോയെ പരിഹസിക്കുകയായിരുന്നു. യുഎസിന്റെ 51-ാം പ്രവിശ്യയാക്കാമെന്നും അതിന്റെ ഗവര്‍ണറായി ജസ്റ്റിന് ട്രൂഡോയെ നിയമിക്കാമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം മുഴുവന്‍ കാനഡക്കാരെയും നാണംകെടുത്തുന്നതും അപമാനിക്കുന്നതുമായിരുന്നു. ട്രൂഡോയുടെ നയങ്ങളില്‍ പൊറുതിമുട്ടിക്കഴിഞ്ഞിരുന്ന കാനഡക്കാരുടെ രോഷം ആളിക്കത്തിയതോടെ നില്കക്കള്ളിയില്ലാതെയുള്ള രാജിയായിരുന്നു ട്രൂഡോയുടെത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നാണംകെട്ടുള്ള അനിവാര്യമായ രാജിയായിരുന്നു അത്.
കഴിഞ്ഞമാസം ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവച്ചതോടെ ട്രൂഡോയ്ക്കെതിരെ വന്‍ ജനരോക്ഷം ഉയരുകയും ആഗോളതലത്തില്‍ പ്രതിച്ഛായ തകരുകയും ചെയ്തിരുന്നു. ട്രൂഡോയുടെ രാജി എത് നിമിഷവും ഉണ്ടാകുമെന്ന പ്രതീതിയുണ്ടായിരുന്നു. അതാണിപ്പോള്‍ സംഭവിച്ചത്.
കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയെന്ന പ്രതിച്ഛായയിലാണ് ട്രൂഡോ പടിയിറങ്ങുന്നത്. ഒരു ദശാബ്ദക്കാലത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ജസ്റ്റിന് ട്രൂഡോ 2015ലാണ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. കാനഡയെ അതിന്റെ ലിബറല്‍ വേരുകളിലേക്ക് തിരികെ നയിച്ചത് തുടക്കത്തില്‍ ആഘോഷമായി. എന്നാല്‍ മൂന്നാം വട്ടം അധികാരത്തിലെത്തിയത് ഭൂരിപക്ഷമില്ലാതെ. ഭീകരസംഘടനയുടെ പിന്തുണയോടെയാണ് ഭരണം നയിച്ചത്. ഭീകരരുടെ കൈയിലെ കളിപ്പാട്ടമായി ട്രൂഡോ മാറി. അധികാരം നിലനിര്‍ത്തുന്നതിനായി ഖാലിസ്ഥാന്‍ ഭീകരരെ പ്രീണിപ്പിക്കുകയും അവര്‍ക്കുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുകയും ഭാരതവുമായുള്ള പതിറ്റാണ്ടുകളായുള്ള ദൃഢമായ ബന്ധം തകര്‍ക്കുകയുമാണ് ട്രൂഡോ ചെയ്തത്.
ട്രൂഡോയുടെ ഭാരത വിരുദ്ധആരോപണങ്ങള്
ഖാലിസ്ഥാന്‍ ഭീകരനായ ഹര്‍ദീപ് സിങ് നിജ്ജര്‍ 2023 ജൂണില്‍ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവച്ച് കൊല്ലപ്പെട്ടതിനു പിന്നില്‍ ഭാരതമാണെന്ന് ആരോപിക്കുകയായിരുന്നു ജസ്റ്റിന് ട്രൂഡോ ചെയ്തത്. കാനഡ പാര്‍ലമെന്റില്‍ ഒരു തെളിവുമില്ലാതെ മുഴുവന്‍ നയതന്ത്ര മര്യാദകളും കാറ്റില്‍ പറത്തിയായിരുന്നു ട്രൂഡോ ഭാരതത്തിനെതിരെ ആരോപണമുന്നയിച്ചത്. കനേഡിയന്‍ പ്രതിപക്ഷം ഇതിനെതിരെ രംഗത്തുവന്നെങ്കിലും ഖാലിസ്ഥാന്‍ ഭീകരരെ പ്രീണിപ്പിക്കുന്നതിനായി നിലപാട് തുടരുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഭാരതത്തിന്റെ നയതന്ത്ര കാര്യാലയത്തിനും നയതന്ത്ര പ്രതിനിധികള്‍ക്കും നേരെ ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്തിയപ്പോള്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാതെ ട്രൂഡോ നിശബ്ദത പാലിക്കുകയായിരുന്നു. ഗുരുദ്വാരകളില്‍ ഭാരത വിരുദ്ധ പോസ്റ്ററുകള്‍ പതിപ്പിച്ചു. എല്ലാ അര്‍ത്ഥത്തിലും ഖാലിസ്ഥാന്കാരനെപ്പോലെയായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രിയുടെ നിലപാടുകള്‍. നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഭാരതത്തിന്റെ ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വമാണെന്ന് നിര്‍ലജ്ജം ചില പത്രങ്ങിളില് വാര്‍ത്തവരുത്താന്‍ പോലും ശ്രമിച്ച് ട്രൂഡോ തരംതാഴ്ന്നു.
ഭാരതത്തില്‍ കാര്‍ഷിക ഭേദഗതി ബില്ലിനെതിരെ കര്‍ഷകസംഘടനകളുടെ മറവില്‍ ഖാലിസ്ഥാന്‍ പിന്തുണയോടെ സമരം നടന്നപ്പോള്‍ അതിനെ അനുകൂലിക്കുകയും എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയുമായിരുന്നു ട്രൂഡോ. ഖാലിസ്ഥാന്‍ ഭീകരരായിരുന്നു കാര്‍ഷിക ബില്ലിനെതിരെ നടന്ന സമരത്തിന് പണമൊഴുക്കിയത്. ഇത് തടയാന്‍ ശ്രമിക്കാതെ ഭാരതത്തെ വിമര്‍ശിക്കനാണ് കനേഡിയന്‍ പ്രധാനമന്ത്രി ശ്രമിച്ചത്. ഭാരതത്തില്‍ നടന്ന ജി 20 ഉച്ചകോടിക്കെത്തിയ വിമാനം തകരാറിലായി ഭാരതത്തില്‍ ദിവസങ്ങളോളം കഴിയേണ്ടി വന്നത് ട്രൂഡോയ്ക്ക് കാനഡയില്‍ കോമാളി പരിവേഷം നല്കി. ആഗോളതലത്തില്‍ത്തന്നെ ട്രൂഡോ പരിഹാസ കഥാപാത്രമായി. ഇതെല്ലാം കാനഡക്കാര്‍ക്ക് ക്ഷമിക്കാവുന്നതിലുമധികമായിരുന്നു.
ട്രൂഡോയുടെ ഭരണത്തില്‍ കനേഡിയക്കാര്‍ പൊറുതിമുട്ടുകയായിരുന്നു. പണപ്പെരുപ്പം ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ന്ന അവസ്ഥയിലായതോടെ വിലക്കയറ്റത്തില്‍ കാനഡക്കാര്‍ വലഞ്ഞു. വീടുമേടിക്കാനോ വാടകയ്ക്ക് താമസിക്കാനോ സാധിക്കാത്ത അവസ്ഥയിലായി കാനഡക്കാര്‍. തൊഴിലില്ലായ്മ രൂക്ഷമായി. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് തൊഴിലന്വേഷിച്ച് പോകേണ്ട ഗതികേടിലായി അവര്‍. ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള വന്‍തോതിലുള്ള അഭയാര്‍ത്ഥികളെ കാനഡയില്‍ അധിവസിപ്പിച്ച ട്രൂഡോയുടെ നയം അമ്പേ പാളി. ഇവരുടെ ഭീഷണി ജനങ്ങളെ ആശങ്കയിലാക്കി, എണ്‍പത് ശതമാനത്തോളം കാനഡക്കാര്‍ക്കാണ് തൊഴില്‍തേടി അലയേണ്ടി വന്നത്. ഖാലിസ്ഥാന്‍ ഭീകരരുടെ പാര്‍ട്ടിയുടെ പിന്തുണയോടെയായിരുന്നു ഭരണം നിലനിര്‍ത്തിയിരുന്നത്. അവസാനം അവരും പിന്തുണ പിന്‍വലിക്കുകയായിരുന്നു. ട്രൂഡോയുടെ പതനം മുന്‍കൂട്ടിക്കണ്ടാണ് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവച്ചത്.
കൂനിന്മേല് കുരുവെന്നപോലെ അടുത്തിടെ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും ലിബറല്‍ പാര്‍ട്ടി പരാജയപ്പെട്ടതോടെ ട്രൂഡോയുടെ രാഷ്ട്രീയ ഭാവിക്കു മീതെ ഇരുള് പരന്നു. അതിനൊപ്പം പഴയ വിശ്വസ്തരും സഖ്യകക്ഷിയുമായിരുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയും ട്രൂഡോയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇന്ന് നടക്കുന്ന ലിബറല്‍ പാര്‍ട്ടിയുടെ കോക്കസ് യോഗത്തില്‍ പുറത്താക്കാനുള്ള നീക്കമുണ്ടാകുമെന്ന് ഉറപ്പായതോടെ അതിനു മുന്‍പുതന്നെ ട്രൂഡോയുടെ രാജി പ്രഖ്യാപനം നടത്തി കാവല്‍ പ്രധാനമന്ത്രിയായി മാറുന്ന തന്ത്രമാണ് ട്രൂഡോ ഇപ്പോള്‍ പയറ്റിയതെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: