തിരുവനന്തപുരം: വെള്ളാര്‍മലയിലെ കുട്ടികള്‍ക്ക് അതൊരു നാടകമായിരുന്നില്ല. മറിച്ച് തങ്ങള്‍ നേരിട്ട സന്ദര്‍ഭങ്ങളെല്ലാം അവര്‍ നാടകത്തിലൂടെ ജീവിച്ചു കാണിച്ചു. വേദിയില്‍ അവര്‍ ഓരോരുത്തരും ജീവിക്കുകയായിരുന്നു. മഴയും മല വെള്ളപ്പാച്ചിലും കുറ്റാകൂരിരിട്ടുമെല്ലാം അവര്‍ ജീവിച്ചു കാണിച്ചപ്പോള്‍ സദസ് വിങ്ങി. വയനാട് ദുരന്തഭൂമിയില്‍ നിന്നെത്തിയ വെള്ളാര്‍മല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളാണ് കാണികളുടെ കണ്ണീരും കരഘോഷവും നേടിയെടുത്തത്.
ആ ദുരന്തരാത്രി മനസില്‍വച്ചാണ് തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന ചെറുകഥ നാടകമാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുട്ടികള്‍ അവതരിപ്പിച്ചത്. വെള്ളാര്‍മല ദുരന്തത്തെത്തുടര്‍ന്ന് ക്യാമ്പില്‍ ഉന്മേഷമില്ലാതെ ചടഞ്ഞിരിക്കുന്ന കുട്ടികള്‍ക്ക് അദ്ധ്യാപകന്‍ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥ പറഞ്ഞുകൊടുക്കുന്നിടത്താണ് നാടകമാരംഭിക്കുന്നത്. കഥയിലെ കേന്ദ്രകഥാപാത്രമായ ചേന്നന്റെ നായയുടെ ഭാവങ്ങളാണ് നാടകത്തിലുടനീളം നിറഞ്ഞു നിന്നത്. വെള്ളപ്പൊക്കത്തില്‍ യജമാനനെ പിരിയേണ്ടിവന്ന നായയുടെ ദയനീയമായ നിലവിളിയും കാത്തിരിപ്പും ജീവസുറ്റതാക്കിയത് ദുരന്തത്തിന് ഇരയായ അമല്‍ജിത്ത് എന്ന മിടുക്കന്‍. മേപ്പാടി ഒന്നാംവയലിലെ വാടകവീട്ടില്‍ നിന്നെത്തിയ ഈ 12കാരന്‍ വയനാട് ദുരന്തത്തില്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടുവന്നതാണ്. മണ്ണില്‍ പുതഞ്ഞുപോയ അമല്‍ജിത്തിനെ രക്ഷിക്കുന്നതിനിടെ അച്ഛന്‍ ബൈജുവിനും സഹോദരി സല്‍നയ്‌ക്കും പരിക്കേറ്റു. വീടും നഷ്ടപ്പെട്ടു. തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായകള്‍ തന്നെ വിട്ടുവിരിഞ്ഞ വേദനയില്‍ നിന്നാണ് അമല്‍ജിത്ത് പകര്‍ന്നാടിയത്. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട നായകളെ നഷ്ടമായ വേദനയില്‍നിന്ന് അവനിനിയും മുക്തനായിട്ടില്ല.
വി.കെ. അയാന്‍, മുഹമ്മദ് അന്‍സില്‍, കെ.ആര്‍. നിരഞ്ജന്‍, സായൂജ് ആര്‍. നായര്‍, പി.വി. നിവേദിത, എ.വി. വൈഗ എന്നിവരാണ് നാടകത്തില്‍ വേഷമിട്ടത്. ആര്‍. അര്‍ച്ചന, അനുഷ് സത്യന്‍, എം.ബി. അനന്യ എന്നിവര്‍ പിന്നണിയില്‍. നാടകവേദിയില്‍ ഇവരെല്ലാം അവരുടെ അനുഭവങ്ങളില്‍ ജീവിച്ചു. ഇവരില്‍ പത്തുപേരും വയനാട് ദുരന്തത്തില്‍ ഉരുള്‍ കവര്‍ന്ന 33 കുഞ്ഞുജീവനുകളുടെ ചങ്ങാതിമാരാണ്. തകഴി സ്മാരകസമിതി സെക്രട്ടറി കെ.ബി. അജയകുമാറാണ് നാടകത്തിന്റെ രചന. ജാബ് മഠത്തിലാണ് സംവിധാനം. കുട്ടികളെ ദുരന്തസ്മരണയില്‍നിന്ന് വേര്‍പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രഥമാദ്ധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ മാഷിന്റ നേതൃത്വത്തിലുള്ള അദ്ധ്യാപകരുടെ പരിശ്രമമാണ് നാടകത്തിന് പിന്നില്‍. ജില്ലാതലത്തില്‍ അപ്പീല്‍നേടിയാണ് ടീം മത്സരത്തിനെത്തിയത്. ഇത് കഥയല്ല മാഷേ ഞങ്ങളുടെ ജീവിതമാണെന്ന് കുട്ടികള്‍ കണ്ണീരോടെ പറയുമ്പോള്‍ സദസ് ഒന്നാകെ കരഞ്ഞു. അതിജീവിതമീ ജീവിതം…’ എന്ന പാട്ടോടെയാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: