തിരുവനന്തപുരം: കേരളത്തെയാകെ കലയുടെ ആവേശത്തിലാക്കി തലസ്ഥാനത്ത് 5 നീണ്ടുനിന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. സമാപന സമ്മേളനം വൈകിട്ട് അഞ്ച് മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ മുഖ്യാതിഥികളാകും. മന്ത്രി ജി ആര്‍ അനില്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സ്വര്‍ണ കപ്പ് പ്രധാനവേദിയിലേക്ക് എത്തിക്കുന്നതോടെ സമാപനസമ്മേളനത്തിന് തുടക്കമാകും. വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. സ്വര്‍ണ കപ്പ് രൂപകല്പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരെ ആദരിക്കും.
കലോത്സവത്തിലെ ആകെ മത്സരയിനങ്ങളായ 249 എണ്ണത്തിൽ 198 എണ്ണവും പൂർത്തീകരിച്ചു. ഇന്ന് ഉച്ചയ്‌ക്ക് 3.30 യോടെ അപ്പീലിലടക്കം തീർപ്പുണ്ടാക്കി നടപടിക്രമങ്ങൾ പൂർത്തീകരിക്കുമെന്നും വൈകീട്ട് നാല് മണിയോടെ സ്വർണകപ്പ് വേദിയിലെത്തിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഇന്നലെ വൈകിട്ട് വരെ മുന്നിലായിരുന്ന കണ്ണൂരിനെ രാത്രിയോടെ രണ്ട് പോയിന്റുകള്‍ക്ക് തൃശ്ശൂര്‍ പിന്നിലാക്കി. തൃശ്ശൂര്‍-945, കണ്ണൂര്‍-943, പാലക്കാട്-941 എന്നിങ്ങനെയാണ് പോയിന്റുനില. 939 പോയിന്റുമായി കോഴിക്കോടും മലപ്പുറം 916പോയിന്റുമായി പിന്നാലെയുണ്ട്.
സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് 156 പോയിന്റുമായി സ്‌കൂളുകളില്‍ ബഹുദൂരം മുന്നിലാണ്. തിരുവനന്തപുരം വഴുതക്കാട് കാര്‍മലും വയനാട് മാനന്തവാടി എംജിഎംഎച്ച്എസ്എസും 101പോയിന്റുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലുണ്ട്. മൂന്നാം സ്ഥാനത്തുള്ള പത്തനംതിട്ട കിടങ്ങൂര്‍ എസ്‌വിജിവിഎച്ച്എസ്എസിന് 99 പോയിന്റാണുള്ളത്.
കലോൽസവത്തിന്റെ സമാപന ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന സർക്കാർ-എയ്ഡഡ്-അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഉണ്ടാകും. സെന്‍ട്രല്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് പൊതുജനങ്ങളുടെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: