ന്യൂദല്‍ഹി: പല കാര്യങ്ങളിലും സമാന ചിന്താഗതികളുള്ള മോദിയും ട്രംപും ഉയര്‍ത്തിയ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഒരു വിക്കറ്റ് വീണിരിക്കുന്നു. കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ രാജിയെക്കുറിച്ചാണ് പറയുന്നത്. ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും അഭയം നല്‍കുകയും കാനഡയുടെ മണ്ണില്‍ കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ കൊടും ഭീകരന് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളാണെന്ന് വരെ ആരോപിച്ച ജസ്റ്റിന് ട്രൂഡോയ്ക്ക് എതിരെ കരുനീക്കി വരികയായിരുന്നു മോദി സര്‍ക്കാര്‍.
ട്രൂഡോ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ നടത്തിയ കൊലപാതക ആരോപണത്തിന് തെളിവില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തിന് മുന്പില് കാണിച്ചുകൊടുക്കാന്‍ മോദിയ്ക്ക് കഴിഞ്ഞു. ഒപ്പം കാനഡയിലെ പ്രതിപക്ഷ പാര്‍ട്ടികളെയും ട്രൂഡോയുടെ തന്നെ ലിബറല്‍ പാര്‍ട്ടിയിലെ നേതാക്കളെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ വിജയിച്ചു. വിദേശകാര്യമന്ത്രി ജയശങ്കര്‍ ഒരു വിദേശസമ്മേളനത്തില്‍ പ്രസംഗിച്ചത് മറക്കാന്‍ കഴിയില്ല. “ഒരു ഭാഗത്ത് ഇന്ത്യയുടെ ഏകതയെപ്പറ്റി ഉച്ചത്തില്‍ പ്രസംഗിക്കുന്ന ജസ്റ്റിന് ട്രൂഡോ ഇന്ത്യയെ വെട്ടിമുറിക്കണമെന്ന് വാദിക്കുന്ന ഖലിസ്ഥാന്‍ വാദികള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ വൈരുധ്യം അപഹാസ്യമാണ്”.. ജയശങ്കറിന്റെ ഈ പ്രസ്താവന സൃഷ്ടിച്ച മുഴക്കം ലോകനേതാക്കള്‍ക്ക് എളുപ്പം മറക്കാന്‍ സാധിക്കുന്നതല്ല.
ഇതിനിടയിലാണ് ട്രംപ് യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ജസ്റ്റിന് ട്രൂഡോയുടെ ബദ്ധശത്രുവാണ് ട്രംപ്. ഇനി മേല്‍ കാനഡയില്‍ നിന്നും യുഎസിലേക്ക് അയയ്ക്കുന്ന ചരക്കുകള്‍ക്ക് വന്‍നികുതി ഏര്‍പ്പെടുത്തുമെന്നും കാനഡ യുഎസിന്റെ 51ാം സംസ്ഥാനം മാത്രമായിരിക്കുമെന്നും യുഎസ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉടന്‍ ട്രംപ് പ്രസ്താവിച്ചത് ട്രൂഡോയുടെ കൂട്ടാളികളെ ഞെട്ടിച്ചുകളഞ്ഞു. ജസ്റ്റിന് ട്രൂഡോയോടുള്ള ശത്രുത മൂത്താല്‍ ട്രംപ് കാനഡയെ ബാക്കിവെച്ചേക്കില്ലെന്ന് ഭയന്ന സ്വന്തം പാര്‍ട്ടിക്കാരും പ്രതിപക്ഷപാര്‍ട്ടികളും കൈകോര്‍ത്ത് ജസ്റ്റിന് ട്രൂഡോയ്ക്കെതിരെ നീങ്ങിയതോടെ ട്രൂഡോ ഔട്ട്. ജോ ബൈഡനും ബില്‍ ക്ലിന്റണും ഒബാമയും ഉള്‍പ്പെടുന്ന ഡമോക്രാറ്റ് പാര്‍ട്ടിയിലെ ചിലരും ജോര്‍ജ്ജ് സോറോസിനെപ്പോലുള്ള ശതകോടീശ്വരന്മാരും അമേരിക്കന്‍ രഹസ്യപ്പൊലീസിലെ ചില ഉന്നതോദ്യോഗസ്ഥരും ആയുധക്കച്ചവടക്കാരും ചേര്‍ന്നുള്ള ലോബിയായ ഡീപ് സ്റ്റേറ്റ് ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി അവര്‍ ഖലിസ്ഥാനികളെ വെച്ച് മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്. അതിന്റെ ഭാഗമായാണ് ഖലിസ്ഥാനികളെ സംരക്ഷിച്ചുകൊണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ജസ്റ്റിന് ട്രൂഡോ കുറ്റപ്പെടുത്തിയത്. പക്ഷെ അതെല്ലാം വേണ്ടത്ര തെളിവുകളുടെ അഭാവത്താല്‍, വെറും ഗൂഢപദ്ധതികളുടെ ഭാഗമാണെന്ന് ലോകം തന്നെ തിരിച്ചറിഞ്ഞിരിക്കുകയാണ്.
ഇനി ഒരാള്‍ കൂടിയുണ്ട്. ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയായി മോദി സര്‍ക്കാരിനെതിരെ കൊലവിളി മുഴക്കുന്ന ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ്. ഗ്രാമീണ്‍ ബാങ്ക് എന്ന മൈക്രോ ക്രെഡിറ്റ് ബാങ്കിംഗ് ((ചെറിയ തുകകള്‍ പാവങ്ങള്‍ക്ക് കടം കൊടുക്കുന്ന പണമിടപാട് സ്ഥാപനം) ആരംഭിക്കുകയും പിന്നീട് അതില്‍ നിന്നും കോടികള്‍ തട്ടിയെടുക്കുകയും ചെയ്ത ഇദ്ദേഹത്തിന് നോബല്‍ സമ്മാനം നല്‍കിയതില്‍ അതിശയമില്ല. യുഎസിലെ ഡമോക്രാറ്റുകളും അവരുടെ എന്‍ജിഒ പടകളും അവരുടെ അജണ്ടകളെ പിന്തുണയ്ക്കുന്നവര്‍ക്ക് ചില എല്ലിന് കഷ്ണങ്ങള്‍ വലിച്ചെറിഞ്ഞു കൊടുക്കാറുണ്ട്. അക്കൂട്ടത്തില്‍പ്പെട്ടതാണ് മുഹമ്മദ് യൂനസിന് ലഭിച്ച നോബല്‍ സമ്മാനം.
ഇപ്പോള്‍ അദ്ദേഹം ചില എന്‍ജിഒകള്‍ക്കും ഡീപ് സ്റ്റേറ്റിനും വേണ്ടി മോദി സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. ഷേഖ് ഹസീനയെ വിട്ടുകൊടുത്തില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് പരസ്യമായി മുഹമ്മദ് യൂനസ് ഈയിടെ പ്രസ്താവിച്ചത് മറക്കാറായിട്ടില്ല. ബംഗ്ലാദേശിലെ ഹിന്ദുക്കളെ ഒരു വശത്ത് ആക്രമിക്കുകയും മറുവശത്ത് ന്യൂനപക്ഷ ഹിന്ദുക്കള്‍ അവിടെ സുരക്ഷിതരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത് ഇരട്ടത്താപ്പ് നടത്തന്ന നേതാവാണ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തിയ മുഹമ്മദ് യൂനസ് . ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തിയ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ട് മാസം ഒന്നായി. ഇതുവരെ ജാമ്യാപേക്ഷ നല്കാന് പോലും സമ്മതിച്ചത് ഈയിടെയാണ്.അതില്‍ ജാമ്യപേക്ഷ തള്ളുകയും ചെയ്തു. ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ തള്ളിയ വിധിയെ കോടതി വരാന്തയില്‍ ഉറക്കെ ബഹളം വെച്ചാണ് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുടെ വക്താക്കളായ അഭിഭാഷകര്‍ സ്വാഗതം ചെയ്തത്. അതിനു മുന്‍പ് ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യത്തിന് വേണ്ടി ബംഗ്ലാദേശ് കോടതിയില്‍ വാദിക്കാന്‍ പോകുമെന്ന് പറഞ്ഞ മൂന്ന് അഭിഭാഷകരും ഇസ്ലാമിക തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടു. മുഹമ്മദ് യൂനസിനെതിരെ വിദേശകാര്യമന്ത്രാലയം ഐക്യരാഷ്ട്രസഭയിലും മറ്റ് ആഗോളവേദികളിലും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അരാക്കന്‍ ആര്‍മി എന്ന മ്യാന്മറിലെ തേരാവാദ ബുദ്ധമതക്കാരുടെ സേന ബംഗ്ലാദേശിന്റെ ചില അതിര്‍ത്തിപ്രദേശവും സെന്റ് മാര്‍ട്ടിന്‍സ് ദ്വീപും പിടിച്ചെടുത്തു. ഇവരെ നേരിടാന്‍ പോലും ബംഗ്ലാദേശ് സൈന്യത്തിനാവുന്നില്ല. ബംഗ്ലാദേശില്‍ കൊടും പട്ടിണിയാണ്. കോടികള്‍ കുടിശ്ശിക ഉള്ളതിനാല്‍ അദാനി വൈദ്യുതി വിതരണം പാടെ വെട്ടിക്കുറച്ചു. മൂന്ന് നേരം ജനങ്ങള്‍ക്ക് ഭക്ഷണം നല്കാന് അരി പോലുമില്ല. ഇന്ത്യയാണ് ഈയിടെ അരി നല്‍കിയത്. പൊതുവേ ജനങ്ങള്‍ക്ക് തന്നെ മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍ ഒരു ഭാരമായിരിക്കുകയാണ്. കുറച്ചു നാളുകള്‍ക്കുള്ളില്‍ സ്ഥിരം സര്‍ക്കാരിനെ ജോലി ഏല്പിക്കാം എന്ന വ്യവസ്ഥയോടെ ഇടക്കാല സര്‍ക്കാരിന്റെ അധിപനായി വന്ന മുഹമ്മദ് യൂനസിന് ഇതുവരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മുഹമ്മദ് യൂനസ് ഇനിയും അധികാരത്തില്‍ തുടരുന്നതില്‍ ജമാ അത്തെ ഇസ്ലാമി നേതാക്കളും ബംഗ്ലാദേശ് സൈന്യവും അസ്വസ്ഥരാണ്. ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമി വീണ്ടും കലാപത്തിനായി തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. അതേ സമയം സൈനികമേധാവി ഇന്ത്യയുമായുള്ള ചങ്ങാത്തം ആവശ്യമാണെന്ന് ഈയിടെ പ്രഖ്യാപിച്ച് മുഹമ്മദ് യൂനസിനെ ഞെട്ടിച്ചിട്ടുണ്ട്. അതിനിടെ ജനവരി 20ന് യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കും. മുഹമ്മദ് യൂനസിന്റെ ബദ്ധശത്രുവാണ് ഡൊണാള്‍ഡ് ട്രംപ്. എന്തായാലും മുഹമ്മദ് യൂനസ് ബംഗ്ലാദേശ് വിട്ട് എങ്ങോട്ടെങ്കിലും ഓടിപ്പോകേണ്ട ഗതികേടിലാണ്. വൈകാതെ ഈ വിക്കറ്റും വീഴാുന്‍ സമയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: