ജറുസലേം : ഇന്നലെ രാത്രിയും ഇന്നുമായി ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിലുടനീളം നടത്തിയ റെയ്ഡുകളിൽ കുറഞ്ഞത് മൂന്ന് ഹമാസ് തീവ്രവാദികളെ കൊലപ്പെടുത്തി. വടക്കൻ വെസ്റ്റ് ബാങ്കിലെ തമുൻ ഗ്രാമത്തിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത രണ്ട് തീവ്രവാദികളെ വ്യോമാക്രമണത്തിൽ വധിച്ചതായി സൈന്യം അറിയിച്ചു.
തൊട്ടടുത്ത ഗ്രാമമായ താലൂസയിൽ മറ്റൊരു തീവ്രവാദി കൊല്ലപ്പെട്ടതായും ഒരു ഇസ്രായേൽ സൈനികന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായി 20ലധികം തീവ്രവാദികളെ പിടികൂടിയതായി സൈന്യം അറിയിച്ചു.
നേരത്തെ വെസ്റ്റ് ബാങ്കിൽ ഇസ്രയേലികൾ സഞ്ചരിച്ച ബസിനുനേരെ തോക്കുധാരികൾ വെടിയുതിർക്കുകയും 70 വയസ്സുള്ള രണ്ട് സ്ത്രീകളെയും 35 വയസ്സുള്ള ഒരു പോലീസുകാരനെയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ഇസ്രായേൽ സൈന്യം പ്രത്യേക ഓപ്പറേഷനുകളിൽ ആ അക്രമികളെ പിന്തുടരുകയായിരുന്നു.
അതേ സമയം ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ കഴിഞ്ഞ 15 മാസങ്ങളിൽ പലസ്തീനികൾ ഇസ്രായേലികൾക്ക് നേരെ വെടിവെപ്പും ആക്രമണങ്ങളും നിരവധി തവണ നടത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ കമാൻഡോകൾ പ്രദേശത്തുടനീളം രാത്രിയിലടക്കം റെയ്ഡുകൾ ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: