ന്യൂദൽഹി: തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ. വോട്ടിംഗ് മെഷീനിൽ അട്ടിമറി നടത്താനോ ഹാക്ക് ചെയ്യാനോ ആവില്ല. വോട്ടെടുപ്പിന് മുമ്പും ശേഷവും ഇവിഎം പരിശോധിക്കാറുണ്ട്. ഇവിഎം അട്ടിമറി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്. എല്ലാ പരാതികൾക്കും ആരോപണങ്ങൾക്കും കമ്മീഷന്റെ കയ്യിൽ ഉത്തരമുണ്ട്. മറുപടിക്ക് അവസരം നൽകാതെ വോട്ടർപട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കാറില്ല.
തെരഞ്ഞെടുപ്പുകളെല്ലാം സുതാര്യമാണ്. ഇ.വി.എം. അട്ടിമറി ആരോപണങ്ങള്‍ കോടതി തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഇ.വി.എമ്മില്‍ ക്രമക്കേട് നടത്താനാകില്ല. ഓരോഘട്ടത്തിലും സൂക്ഷ്മപരിശോധന നടത്താറുണ്ട്. ഇ.വി.എം. കമ്മിഷനിങ് മുതല്‍ വോട്ടെണ്ണല്‍ വരെ ഓരോഘട്ടത്തിലും ഇത് സ്ഥാനാര്‍ഥികളെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാരെയും ബോധ്യപ്പെടുത്താറുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യംചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. എന്നാല്‍, അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ശരിയല്ല. വോട്ടര്‍മാരെല്ലാം നല്ല ധാരണയുള്ളവരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വന്ന ഫലങ്ങള്‍ വ്യത്യസ്തമാണ്. 2020 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പാര്‍ട്ടികളാണ് വലിയകക്ഷികളായി തെരഞ്ഞെടുക്കപ്പെട്ടതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: