ഗുവാഹത്തി: അസമിലെ കല്‍ക്കരി ഖനിക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സൈന്യം രംഗത്ത്. ഖനിക്കുള്ളിലേക്ക് ഇറങ്ങിയാണ് സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 18 തൊഴിലാളികളാണ് ഖനിക്കുള്ളില്‍ കുടുങ്ങികിടക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ദിമാ ഹസാവോ ജില്ലയിലെ ഉമറാംഗ്‌സോയിലുള്ള ഖനിയിലാണ് അപകടമുണ്ടായത്.
പതിനാല് മണിക്കൂറുകൾ പിന്നിട്ടിട്ടും ഒരു തൊഴിലാളിയെപ്പോലും പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല. ഖനിക്കുള്ളില്‍ വെള്ളം കയറിയതോടെയാണ് തൊഴിലാളികള്‍ കുടുങ്ങിയത്. മൂന്നുറടിയോളം ആഴമുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്. ഇതില്‍ നൂറടി താഴ്ചയില്‍ വരെ വെള്ളമെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
യന്ത്രസഹായമില്ലാതെ മണ്‍വെട്ടികളടക്കം ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കി അകത്തുകടക്കുകയും കല്‍ക്കരി നിക്ഷേപം കാണുന്നതുവരെ കുഴിച്ച് ചെല്ലുന്നതുമായ ഖനനരീതിയാണ് ഇവിടങ്ങളിലുള്ളത്. റാറ്റ് ഹോള്‍ മൈനിംഗ് എന്ന പേരിലറിയപ്പെടുന്ന ഇത്തരം ഖനനരീതി രാജ്യത്ത് നിരോധിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: