India

ബെംഗളൂരു എയ്‌റോ ഇന്ത്യ 15-ാമത് എഡീഷൻ ഫെബ്രുവരി 10 മുതൽ ; രജിസ്ട്രേഷനും ടിക്കറ്റ് നിരക്കും അറിയാം

Published by

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയ്‌റോ ഷോയായ ‘എയ്‌റോ ഇന്ത്യ’യക്ക് വേദിയാകാൻ ബെംഗളൂരു ഒരുങ്ങുന്നു. എയ്‌റോ ഇന്ത്യയുടെ 15-ാമത് എഡീഷൻ ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ നടക്കും. മേഖലയിൽ നിന്നുള്ള വലിയ സൈനിക പ്ലാറ്റ്‌ഫോമുകളുടെ എയർ ഡിസ്‌പ്ലേകളും സ്റ്റാറ്റിക് പ്രദർശനങ്ങളും എയ്‌റോ ഇന്ത്യയിൽ ഉൾപ്പെടുന്നുണ്ട്.പരിപാടിയുടെ ആദ്യ മൂന്ന് ദിവസങ്ങൾ (ഫെബ്രുവരി 10, 11, 12) ബിസിനസ് ദിവസങ്ങളായിരിക്കും. 13, 14 തീയതികൾ പ്രദർശനം കാണാൻ ആളുകളെ അനുവദിക്കുന്നതിന് പൊതു ദിവസങ്ങളായി സജ്ജീകരിച്ചിട്ടുണ്ട്.

ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ’ എന്ന വിശാലമായ പ്രമേയത്തിലൂടെ, വിദേശ – ഇന്ത്യൻ സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം രൂപപ്പെടുത്തുന്നതിനും സ്വദേശിവൽക്കരണ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് ആഗോള മൂല്യ ശൃംഖലയിലെ പുതിയ വഴികൾ കണ്ടെത്തുന്നതിനും പരിപാടി വേദി ഒരുക്കും. പരിപാടിയുടെ ഭാഗമായി ഒരു ആമുഖ സെഷൻ, ഉദ്ഘാടന പരിപാടി, പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവ്, സിഇഒമാരുടെ റൗണ്ട് ടേബിൾ, മന്ഥൻ സ്റ്റാർട്ട്-അപ്പ് ഇവൻ്റ്, എയർ ഷോകൾ, ഇന്ത്യ പവലിയൻ ഉൾപ്പെടുന്ന ഒരു വലിയ പ്രദർശന ഏരിയ, എയ്‌റോസ്‌പേസ് കമ്പനികളുടെ വ്യാപാര മേള എന്നിവ ഉൾപ്പെടുന്നു.

രജിസ്ട്രേഷനും ടിക്കറ്റ് നിരക്കും: എയ്‌റോ ഇന്ത്യ 2025ന്റെ വിസിറ്റർ രജിസ്ട്രേഷൻ എയ്‌റോ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.aeroindia.gov.in/ ൽ ആരംഭിച്ചിട്ടുണ്ട്. മൂന്ന് വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുക. ജനറൽ, ബിസിനസ്, എയർ ഡിസ്പ്ലേ വ്യൂയിങ് ഏരിയ എന്നിങ്ങനെയാണ് ടിക്കറ്റുകൾ. ബിസിനസ് ദിവസങ്ങളിലാണ് ബിസിനസ് വിസിറ്റർ പാസുകൾ ഉപയോഗപ്പെടുത്താനാകുക. ഇന്ത്യൻ പൗരന്മാർക്ക് 5000 രൂപയും വിദേശ പൗരന്മാർക്ക് 150 ഡോളറുമാണ് ബിസിനസ് ടിക്കറ്റ് നിരക്ക്.

പൊതു ദിവസങ്ങളിലേക്കുള്ള ജനറൽ പാസിന് ഇന്ത്യൻ പൗരന്മാർക്ക് 2,500 രൂപയും വിദേശ പൗരന്മാർക്ക് 50 ഡോളറുമാണ്. ജനറൽ പാസ് ഉപയോഗിച്ച് എക്സിബിഷൻ ഏരിയയിലേക്കും എയർ ഡിസ്പ്ലേ വ്യൂയിങ് ഏരിയയിലേക്കും പ്രവേശനം അനുവദിക്കും. എയർ ഡിസ്പ്ലേ വ്യൂയിങ് ഏരിയ പാസ് ബുക്കിങ് ആരംഭിച്ചിട്ടില്ല. ഇതുപയോഗിച്ച് എയർ ഡിസ്പ്ലേ വ്യൂയിങ് ഏരിയയിലേക്ക് മാത്രമാകും പ്രവേശനം. ഇന്ത്യൻ പൗരന്മാർക്ക് 1000 രൂപയും വിദേശ പൗരന്മാർക്ക് 50 ഡോളറുമാണ് എയർ ഡിസ്പ്ലേ വ്യൂയിങ് ഏരിയ പാസിന്റെ നിരക്ക്. മുഴുവൻ ടിക്കറ്റുകൾക്കും ജിഎസ്ടി ബാധകമാണ്.

സമയക്രമംരാവിലെ ഒൻപതുമുതൽ വൈകുന്നേരം ആറു മണിവരെ എക്സിബിഷൻ നടക്കും. സൈനിക വിമാനങ്ങളുടെ ഉൾപ്പെടെയുള്ള ഡിസ്പ്ലേ രാവിലെയും ഉച്ചകഴിഞ്ഞുമായി ദിവസം രണ്ടു തവണ നടക്കും. 2023ലെ എയറോ ഇന്ത്യയിൽ ഏഴ് ലക്ഷത്തിലധികം പേർ സന്ദർശിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക