Categories: News

പിഎഫ്‌ഐക്ക് പണം: മലയാളികളുടെ 10,000 അക്കൗണ്ടുകള്‍ എന്‍ഐഎ കണ്ടെത്തി; കൊടും ഭീകരന്‍ പിടിയില്‍

കാപ്പനു പണം അയച്ചവരും പട്ടികയില്‍

Published by

ന്യൂദല്‍ഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനു ധനം സമാഹരിച്ച മലയാളികളെ എന്‍ഐഎ കണ്ടെത്തി. ഇവരുടെ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ കണ്ടെത്തിയ എന്‍ഐഎയും ഇഡിയും ഇവര്‍ക്കെതിരേ ശക്തമായ നടപടി തുടങ്ങി.

പോപ്പുലര്‍ ഫ്രണ്ട് 13,000 അക്കൗണ്ടുകള്‍ വഴിയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പണം സ്വരൂപിച്ചതെന്നും ഇവയില്‍ പതിനായിരവും മലയാളികളുടേതാണെന്നുമാണ് എന്‍ഐഎയും ഇഡിയും കണ്ടെത്തിയത്. തങ്ങളുടെ അക്കൗണ്ടുകള്‍ എന്‍ഐഎ കണ്ടെത്തിയെന്നും നാട്ടിലേക്കു പോയാല്‍ അറസ്റ്റിലാകുമെന്നും വ്യക്തമായ മലയാളികള്‍ കുടുംബാംഗങ്ങെള ഗള്‍ഫ് രാജ്യങ്ങളിലെത്തിച്ചിരിക്കുകയാണ്. അറസ്റ്റ് ഭയന്ന് ഇവര്‍ ഗള്‍ഫില്‍ത്തന്നെ കഴിയുകയാണ്.

ഇങ്ങനെ പിഎഫ്‌ഐക്കായി കുഴല്‍പ്പണ ഇടപാടുകളില്‍പ്പെട്ട 13,000 പേരാണ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്താന്‍ പേടിച്ചിരിക്കുന്നത്. എന്‍ആര്‍ഐ അക്കൗണ്ട് വിവരങ്ങള്‍ ഇഡിയാണ് എന്‍ഐഎക്ക് കൈമാറിയത്.

ഇവ പരസ്യപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രതിപ്പട്ടികയിലുണ്ടോയെന്നു പ്രതികള്‍ക്കും അറിയില്ല. വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോഴാകും പിടി വീഴുക. ഹാഥ്‌റസ് കേസ് പ്രതികളായ സിദ്ദിഖ് കാപ്പന്റെയും റൗഫ് ഷെരീഫിന്റെയും ഭാര്യമാരുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്കു പണമയച്ചവരും ലിസ്റ്റിലുണ്ട്.

ഇങ്ങനെ പിഎഫ്‌ഐക്കു പണം സ്വരൂപിച്ച ബിഹാര്‍ സ്വദേശി ഭീകരനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ദുബായ്‌യിയില്‍ നിന്നു ദല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ആലത്തിനെയാണ് എന്‍ഐഎ പിടികൂടിയത്.

ആലത്തിന്റെ അക്കൗണ്ടില്‍ വന്‍തോതില്‍ പണമെത്തിയത് എന്‍ഐഎ കണ്ടെത്തിയിരുന്നു. പിഎഫ്‌ഐയുടെ ആയുധ പരിശീലനം കിട്ടിയ ആലമിനെതിരേ പ്രത്യേക എന്‍ഐഎ കോടതി അറസ്റ്റ് വാറണ്ടും ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. കേസിലെ 18-ാം പ്രതിയാണ് ആലം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക