ബീജാപൂർ : കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ എട്ട് ജവാൻമാർ കൊല്ലപ്പെട്ടതിന് പിന്നാല പരിശോധനകൾ വ്യാപകമാക്കി സുരക്ഷാ സേന. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കുഴിബോംബ് നീക്കം ചെയ്യാനുള്ള പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇന്നലെ രാവിലെ ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിലാണ് ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) എട്ട് ജവാൻമാരും ഒരു സിവിലിയൻ ഡ്രൈവറും കൊല്ലപ്പെട്ടത്.
ഈ സഹചര്യത്തിൽ സൈനികർക്ക് പുറമെ സാധാരണക്കാർക്കും ഭീഷണിയായേക്കാവുന്ന കുഴിബോംബുകൾ നീക്കം ചെയ്യുന്നത് അനിവാര്യമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സംഭവ സ്ഥലത്ത് സൈന്യം വൻ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
സ്ഫോടനം ശക്തമായതിനാൽ കോൺക്രീറ്റ് റോഡിൽ വലിയ കുഴിയും വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. അതുപോലെ വാഹനത്തിന്റെ അവശിഷ്ടങ്ങൾ മീറ്ററുകളോളം ചിതറിക്കിടക്കുന്നുണ്ട്. ദന്തേവാഡ, നാരായൺപൂർ, ബിജാപൂർ പോലീസിന്റെ സംയുക്ത ഓപ്പറേഷനിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ജവാൻമാരെ ലക്ഷ്യം വച്ചായിരുന്നു സ്‌ഫോടനം നടന്നതെന്ന് ബസ്തർ ഇൻസ്‌പെക്ടർ ജനറൽ സുന്ദർരാജ് പി പറഞ്ഞു.
അതിനിടെ തിങ്കളാഴ്ച രാവിലെ ഛത്തീസ്ഗഡിലെ ബിജാപൂർ ഐഇഡി സ്ഫോടനത്തിൽ ജില്ലാ റിസർവ് ഗാർഡ് ഉദ്യോഗസ്ഥരുടെ ജീവൻ നഷ്ടപ്പെട്ടതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ജീവൻ വെടിഞ്ഞ സൈനികരുടെ ത്യാഗങ്ങൾ വെറുതെയാകില്ലെന്ന് ഉറപ്പുനൽകാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയെ അദ്ദേഹം ആവർത്തിച്ചു പറഞ്ഞു.
കൂടാതെ 2026 മാർച്ചോടെ നക്സലിസം ഇന്ത്യൻ മണ്ണിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: