ലക്നൗ : ശനിയാഴ്ച വാരണാസി ജില്ലാ കോടതിയിൽ ജ്ഞാൻവാപി കേസിന്റെ വാദം കേൾക്കുന്നതിനിടെ കോടതി മുറിയിൽ ഓടിക്കയറി വാനരൻ .
ഹിയറിംഗ് നടക്കുന്നതിനിടെ എത്തിയ കുരങ്ങൻ കോടതി മുറിയ്‌ക്കുള്ളിൽ മുഴുവൻ സമയവും അലഞ്ഞു നടന്നു. സിജെഎം കോടതിയിലെ മേശപ്പുറത്തും കയറി എങ്കിലും ആർക്കും ഒരു ഉപദ്രവവും വരുത്തിയില്ല . വിസ്താരം പൂർത്തിയാക്കി അല്പനേരം കഴിഞ്ഞപ്പോഴേയ്‌ക്കും വാനരനും സ്ഥലം കാലിയാക്കി.
നിരവധി പേർ ഈ കുരങ്ങിന്റെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. വാദം കേൾക്കാൻ ബജ്റംഗബലി തന്നെ വന്നതായാണ് ഹിന്ദുപക്ഷ അഭിഭാഷകർ പറഞ്ഞത്.
39 വർഷം മുമ്പ്, 1986 ഫെബ്രുവരി ഒന്നിന്, ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയുടെ ഉത്തരവനുസരിച്ച് അയോധ്യയിലെ തർക്ക മന്ദിരം തുറന്നിരുന്നു. അയോധ്യയിലെ അന്നത്തെ ജില്ലാ ജഡ്ജിയായിരുന്ന കെ എം പാണ്ഡെ 1991ൽ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയിൽ ആ സംഭവം പരാമർശിച്ചിട്ടുണ്ട്.
പൂട്ട് തുറക്കാനുള്ള ഉത്തരവെഴുതുമ്പോൾ, ഒരു കരിങ്കുരങ്ങ് തന്റെ കോടതിയുടെ മേൽക്കൂരയിൽ ദിവസം മുഴുവൻ കൊടി പിടിച്ച് ഇരുന്നുവെന്ന് അദ്ദേഹം എഴുതിയിരുന്നു. വിധി കേൾക്കാനെത്തിയവർ കുരങ്ങന് പഴവും കടലയും നൽകിയെങ്കിലും അത് ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല. വിധി പറഞ്ഞ ശേഷമാണ് കുരങ്ങൻ പോയത്. ഇതിനുശേഷം വീട്ടിലെത്തിയപ്പോൾ ആ സമയത്ത് കുരങ്ങൻ തന്റെ വീടിന്റെ വരാന്തയിൽ ഇരിക്കുന്നതാണ് കണ്ടതെന്നും കെ എം പാണ്ഡെ പറഞ്ഞിരുന്നു. അത് ഒരു ദൈവിക ശക്തിയായിരുന്നുവെന്നും താൻ പ്രണാമം അർപ്പിച്ചുവെന്നും അദ്ദേഹം എഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: