India

മഹാകുംഭമേള തടസ്സപ്പെടുത്തുമെന്ന് ഖലിസ്ഥാൻ ഭീകരൻ പന്നൂൻ

മഹാകുംഭ് പ്രയാഗ് രാജ് 2025 ഒരു യുദ്ധക്കളമാകും

Published by

ന്യൂദെൽഹി:ഈ മാസം 13 ന് തുടങ്ങി ഫെബ്രുവരി 26 ന് അവസാനിക്കുന്ന മഹാകുംഭമേള പ്രയാഗ് രാജ് 2025 തടസ്സപ്പെടുത്തുമെന്നും ഒരു യുദ്ധക്കളമാക്കുമെന്നും ഖലിസ്ഥാൻ ഭീകരനും നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നൂൻ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഹിന്ദുത്വ പ്രത്യയ ശാസ്തത്തെ എതിർക്കാൻ വേണ്ടി പ്രയാഗ് രാജ് ചലോ എന്ന ആഹ്വാനവും പന്നൂൻ വീഡിയോയിലൂടെ നടത്തുന്നുണ്ട്. ലഖ്നൗവിലെയും പ്രയാഗ് രാജിലെയും വിമാനത്താവങ്ങളിൽ ഖാലിസ്ഥാനി, കാശ്മീരി പതാകകൾ ഉയർത്താനും അദ്ദേഹം തന്റെ അനുയായികൾക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ പന്നൂൻ ഉയർത്തുന്ന രണ്ടാമത്തെ ഭീഷണിയാണിത്. കുംഭമേളയുടെ പ്രധാന സ്നാന തീയ്യതികളായ മകര സംക്രാന്തി (ജനുവരി – 14), മൗനി അമാവാസി ( ജനുവരി – 29 ), ബസന്ത് പഞ്ചമി (ഫെബ്രുവരി – 3) എന്നിവ തടസ്സപ്പെടുത്തുമെന്നായിരുന്നു ആദ്യ വീഡിയോയിലെ ഭീഷണി.

പന്നുന്റെ ആദ്യ ഭീഷണി ഉയർന്നപ്പോൾ അഖില ഭാരതീയ അഘാഡ പരിഷത് പ്രസിഡൻ്റ് മഹന്ത് പുരി ശക്തമായി തിരിച്ചിച്ചു. പന്നൂന്റെ ഭീഷണി തങ്ങൾ തള്ളിക്കളയുകയാണെന്നും പന്നൂൻ ഭ്രാന്തനാണെന്നും ഇത്തരം നൂറുകണക്കിന് ഭ്രാന്തന്മാരെ ഞങ്ങൾ കണ്ടിട്ടുണ്ടെന്നും മഹന്ത് രവീന്ദ്ര പുരി പറഞ്ഞു. പന്നൂൻ എന്ന വ്യക്തി നമ്മുടെ മഹാകുംഭമേളയിൽ പ്രവേശിക്കാൻ തുനിഞ്ഞാൽ അയാളെ ഞങ്ങൾ അടിച്ചു പുറത്താക്കും. ഹിന്ദുക്കളെയും സിഖുകാരെയും ഭിന്നിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല. ഇത് സിഖുകാരും ഹിന്ദുക്കളും ഒന്നിക്കുന്ന മേളയാണ്. നമ്മുടെ സനാതനധർമ്മത്തെ നിലനിർത്തിയത് സിഖ് സമൂഹമാണ്. അവർ സനാതനധർമ്മത്തെ സംരക്ഷിച്ചവരാണ്. മഹന്ത് വ്യക്തമാക്കി. പിലിഭിത്തിൽ യുപി, പഞ്ചാബ് പൊലിസുമായി ഏറ്റുമുട്ടി മൂന്ന് ഖാലിസ്ഥാനി തീവ്രവാദികൾ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിലായിരുന്നു പന്നൂന്റെ ഭീഷണി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by