Kerala

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പുകള്‍

പണം വാങ്ങിയത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എന്‍ എം വിജയന്‍ കത്തില്‍ വെളിപ്പെടുത്തുന്നു

Published by

വയനാട് : ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പുകള്‍ പുറത്തുവന്നു. കുടുംബത്തിനും കെപിസിസി അധ്യക്ഷനുമായി എഴുതിയ കത്തുകളാണ് പുറത്തെത്തിയത്.

നാല് ആത്മഹത്യാക്കുറിപ്പുകള്‍ ആണ് എന്‍ എം വിജയന്‍ തയാറാക്കിയത്. കെപിസിസി പ്രസിഡന്റിനും മൂത്ത മകനും പ്രത്യേകം കത്തുകളുണ്ട്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയെ കുറിച്ചും മകനോട് മാപ്പു പറഞ്ഞുമാണ് കത്തുകള്‍. കെപിസിസി അധ്യക്ഷനെഴുതിയ കത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ഉണ്ട്.

കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു എന്‍ എം വിജയന്‍ എന്ന് വ്യക്തമാകുന്ന ആത്മഹത്യാക്കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. അരനൂറ്റാണ്ട് കാലം പാര്‍ട്ടിക്ക് വേണ്ടി ജീവിതം തുലച്ചു. മരണത്തിന് ശേഷം പാര്‍ട്ടി തലത്തില്‍ ഇടപെടലുകള്‍ ഇല്ലെങ്കില്‍ എഴുതിവെച്ച നാല് കത്തും പുറത്തുവിടണമെന്നും കുടുംബത്തിനുളള കത്തില്‍ പറയുന്നു.

അര്‍ബന്‍ ബാങ്കിലെ കടബാധ്യത പാര്‍ട്ടി ഏറ്റെടുത്തില്ലെങ്കില്‍ എല്ലാ കത്തുകളും വിവരങ്ങളും പരസ്യമാക്കണം. മൃതദേഹം ശ്മശാനത്തില്‍ അടക്കണമെന്നും കത്തിലുണ്ട്.

പണം വാങ്ങിയത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എന്‍ എം വിജയന്‍ കത്തില്‍ വെളിപ്പെടുത്തുന്നു.ബാങ്ക് നിയമനത്തിനായി പണം വാങ്ങാന്‍ നിര്‍ദ്ദേശിച്ചത് കോണ്‍ഗ്രസ് എംഎല്‍എ ആണ്.പ്രശ്‌നം വന്നപ്പോള്‍ നേതൃത്വം കയ്യൊഴിയുകയായിരുന്നു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെഴുതിയ സാമ്പത്തിക ബാധ്യതകളെ കുറിച്ചുളള കത്തില്‍ ഐസി ബാലകൃഷ്ണനും എന്‍ഡി അപ്പച്ചനും പണം വാങ്ങിയെന്ന് പറയുന്നുണ്ട്. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും മരിക്കേണ്ടി വരുമെന്നും കെപിസിസി നേതൃത്വത്തിന് എഴുതിയ കത്തില്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by