ന്യൂഡൽഹി : വർഷങ്ങളായി ഡൽഹിയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ തിരിച്ചയക്കാനുള്ള നടപടികൾ ഊർജിതമാക്കി. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെയും ലഫ്റ്റനൻ്റ് ഗവർണറുടെയും നിർദ്ദേശപ്രകാരം, 15 ജില്ലകളിലെ ചേരികളിൽ താമസിക്കുന്ന 16,000 ത്തോളം പേരുടെ പട്ടിക ഡൽഹി പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇവരിൽ 750 പൗരന്മാരുടെ ആധാർ, വോട്ടർ കാർഡ് തുടങ്ങിയ രേഖകൾ വ്യാജമാണെന്നും പോലീസിന് സംശയമുണ്ട്.
മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഈ പൗരന്മാരുടെ രേഖകൾ ഡൽഹി പോലീസ് പരിശോധിച്ചുവരികയാണ്. രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞാൽ ഉടൻ റദ്ദാക്കും. ഇവരെയാകും ആദ്യഘട്ടത്തിൽ കസ്റ്റഡിയിലെടുത്ത് ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുക.
ഒരു മാസത്തിനുള്ളിൽ ഇതുവരെ 75 ബംഗ്ലാദേശി പൗരന്മാരെ അവരുടെ രാജ്യത്തേക്ക് അയച്ചതായി പോലീസ് വ്യക്തമാക്കി. പടിഞ്ഞാറൻ ഡൽഹിയിലെ ചേരി പ്രദേശങ്ങളിൽ നിന്നാണ് അനധികൃതമായി സ്ഥിരതാമസമാക്കിയ ബംഗ്ലാദേശി പൗരന്മാരിൽ ഭൂരിഭാഗവും പിടിക്കപ്പെട്ടത്.
ടൂറിസ്റ്റ്, ബിസിനസ് വിസകളിൽ ബംഗ്ലാദേശിൽ നിന്ന് വരുന്ന പൗരന്മാരെയും ഡൽഹി പോലീസ് പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം വിസകളിൽ വരുന്ന പല പൗരന്മാരും ഇന്ത്യയിൽ തന്നെ തുടരാൻ ശ്രമിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട് . മൂന്ന് വർഷമായി ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന ഒരു ബംഗ്ലാദേശിയെ മംഗലാപുരിയിൽ നിന്ന് പാലം വില്ലേജ് പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: