Entertainment

മല്ലികയും ജഗതിയും വിവാഹശേഷം മദ്രാസിലെത്തി, ആശങ്കയുണ്ടായിരുന്നു:ശ്രീകുമാരൻ തമ്പി

Published by

കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികളെ ത്രസിപ്പിച്ച നടന്‍ ജഗതി ശ്രീകുമാര്‍ ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് നടക്കാനോ സംസാരിക്കാനോ സാധിക്കാതെ ഇപ്പോഴും വിശ്രമ ജീവിതത്തിലാണ് താരം.

 

എന്നിരുന്നാലും ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ആരാധകരും മലയാള സിനിമ ലോകവും. കോളേജില്‍ പഠിക്കുന്ന കാലത്തെ നാടകങ്ങളിലും മറ്റുമൊക്കെ സജീവമായിരുന്ന ജഗതിയെ സിനിമയില്‍ കോമഡി താരമാക്കിയതിനെ കുറിച്ച് പറയുകയാണ് സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ജഗതി ശ്രീകുമാറിന് ആ പേര് നല്‍കിയത് താന്‍ ആണെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. ശശികുമാര്‍ സംവിധാനം ചെയ്തു ഞാന്‍ നിര്‍മ്മിച്ച ‘ചട്ടമ്പി കല്യാണി’ എന്ന സിനിമയുടെ ടൈറ്റിലില്‍ ആണ് ആദ്യമായി ആ പേര് പ്രത്യക്ഷപ്പെട്ടത്. തന്റെ പേരിനൊപ്പം ജഗതി എന്ന സ്ഥലപ്പേര് വേണ്ട ശ്രീകുമാര്‍ എന്നു മാത്രം മതിയെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അക്കാലത്ത് ശ്രീകുമാറിന്റെ പ്രേമവിവാഹത്തില്‍ തുടര്‍ന്ന് പിതാവ് ജഗതി എന്‍ ആചാര്യമായി അകല്‍ച്ചയിലായിരുന്നു

 

ബഹദൂറിന്റെ സ്ഥാനത്ത് പുതിയ ഒരു പയ്യനെ അവരോധിച്ച നിര്‍മാതാവായ എന്നോട് സംവിധായകന്‍ ശശികുമാര്‍ പിണങ്ങിയിരുന്നു. എന്നാല്‍ ആദ്യ രംഗം ഷൂട്ട് ചെയ്തതോടെ ശശികുമാറിന്റെ മുഖം തെളിഞ്ഞു. അടൂര്‍ ഭാസിയോട് എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോള്‍ ‘കൊള്ളാം നല്ല ടൈമിംഗ് ഉണ്ടായിരുന്നു’ എന്നായിരുന്നു മറുപടി. എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത ജനപിന്തുണ നേടിയെടുക്കുന്ന ഒരു താരമായി അമ്പിളി വളരുമെന്ന് ഞാന്‍ പോലും കരുതിയിരുന്നില്ല.

 

ബന്ധുക്കള്‍ അറിയാതെ വിവാഹിതരായ അമ്പിളിയും മല്ലികയും മദ്രാസില്‍ എത്തിയപ്പോള്‍ അവരുടെ ഭാവിയെക്കുറിച്ച് എനിക്ക് ഉല്‍ക്കണ്ഠ തോന്നിയിരുന്നു. അതിന് കാരണവുമുണ്ട്. മല്ലികയുടെ അമ്മ എന്റെ നാട്ടുകാരിയാണ്. ഒരുകാലത്ത് ഹരിപ്പാട് ഗ്രാമത്തിലെ പ്രമാണിയായിരുന്ന കോട്ടയ്‌ക്കകത്ത് വേലുപിള്ളയുടെ മകള്‍. എന്റെ കുടുംബവും ആ കുടുംബവും തമ്മില്‍ അകന്ന ബന്ധവുമുണ്ട്.

 

അങ്ങനെ ശ്രീകുമാറിനെയും മല്ലികയെയും സഹായിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നിയത് ഈ പശ്ചാത്തലത്തിലാണ്. ബന്ധുക്കലുടെ അനുവാദമില്ലാതെ എടുത്തു ചാടി വിവാഹിതരായതിന് അവരെ കുറ്റപ്പെടുത്താന്‍ എനിക്ക് അവകാശമില്ല. എന്റെ വിവാഹവും ഒരു എടുത്ത ചാട്ടമായിരുന്നു

 

അമ്പിളി എന്ന ശ്രീകുമാറിനെ ഹാസ്യത്തിലേക്ക് തിരിച്ചുവിട്ടു എന്നതാണ് ഞാന്‍ ചെയ്ത നന്മയെന്ന് വിശ്വസിക്കുന്നു. അമ്പിളിക്ക് ചിരിപ്പിക്കാനുള്ള കഴിവുണ്ടെന്നും അയാള്‍ അതില്‍ ശോഭിക്കുമെന്നും ഞാന്‍ മനസ്സിലാക്കിയത് എന്റെ മക്കളില്‍ നിന്നാണ്. അമ്പിളി മദ്രാസിലെ എന്റെ വീട്ടില്‍ പതിവ് സന്ദര്‍ശകനായിരുന്നു.

 

അക്കാലത്ത് എന്റെ മകള്‍ കവിതയ്‌ക്ക് മൂന്നും മകന് രണ്ടു വയസ്സുമായിരുന്നു പ്രായം. അമ്പിളി കാണിക്കുന്ന വിവിധ ഭാവങ്ങള്‍ കണ്ട് കുട്ടികള്‍ പൊട്ടിച്ചിരിക്കും. അദ്ദേഹത്തിന്റെ വരവിന് വേണ്ടി അവര്‍ക്ക് കാത്തിരിക്കും. അമ്പിളിയെ കാണുമ്പോള്‍ മക്കളുടെ ആഹ്ലാദം കൂടും. അത് കണ്ടതോടെയാണ് അദ്ദേഹത്തിന് മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിവുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്. എന്നാല്‍ ഹാസ്യ നടനാവുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല…’ എന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക