തിരുവനന്തപുരം: ഇടുക്കി ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസിലെ സൂരജ് ഷാജി ഭരതനാട്യ വേദിയില്‍ ചുവടുവയ്ക്കുമ്പോള്‍ അമ്മ സന്ധ്യയുടെ മനസു നിറയെ ആധിയാണ്.
കലോത്സവത്തില്‍ പങ്കെടുക്കാനായി വാങ്ങിയ കടം എങ്ങനെ വീട്ടുമെന്നറിയില്ല. നൃത്ത പഠനവും വേഷവുമെല്ലാം നൃത്ത അധ്യാപകന് ജിഷ്ണുവാണ് നല്‍കുന്നത്. എങ്കിലും മേക്കപ്പിനെങ്കിലും പണം നല്‍കണം. സ്കൂള്‍ തലം മുതല്‍ മത്സരിക്കാനായി പലപ്പോഴായി വാങ്ങിയ കടം അമ്പതിനായിരം കഴിഞ്ഞു. സൂരജിന്റെ അച്ഛന് ഷാജിക്ക് കൂലിപ്പണിയാണ്. സബ്ജില്ല മത്സരത്തിനുള്ള പരിശീലനം നടക്കുമ്പോള്‍ ഷാജി മഞ്ഞപ്പിത്തം ബധിച്ച് കിടപ്പിലായതാണ്. ആ സമയം സന്ധ്യ ഏലത്തോട്ടത്തില്‍ പണിക്ക് പോയാണ് വീട്ടു ചെലവ് നടത്തിയത്. പൈസ ഇല്ലാതെ വന്നതോടെ കലോത്സവത്തിന് തിരുവനന്തപുരത്തേക്കുള്ള യാത്ര മുടങ്ങുമെന്ന് വന്നപ്പോള്‍ അസുഖം പൂര്‍ണമായി മാറും മുന്നേ കഴിഞ്ഞ ദിവസം ഷാജി പണിക്കിറങ്ങി. പക്ഷെ ആരോഗ്യം അനുവദിച്ചില്ല, പനി കൂടി തിരിച്ചു പോന്നു.
സൂരജ് വേദിയില്‍ നൃത്തം വയ്ക്കുമ്പോള്‍ ഷാജി വീട്ടില്‍ പനിപിടിച്ച് കിടപ്പിലാണ്. നാളെ കുച്ചുപ്പുടിയിലും സൂരജ് മത്സരിക്കുന്നുണ്ട്. തിരുവനന്തപുരത്ത് താമസിക്കാന്‍ പണം തികയാത്തതിനാല്‍ സൂരജിനെ നൃത്താധ്യാപകനോടൊപ്പം വിട്ടശേഷം സന്ധ്യയും മകള്‍ സൂര്യയും കൊല്ലത്തുള്ള ബന്ധുവീട്ടിലേക്ക് പോയി. നാട്ടിലെത്തിയാലുടന്‍ ഏലത്തോട്ടത്തില്‍ പണിക്കിറങ്ങാനുള്ള തയാറെടുപ്പിലാണ് സന്ധ്യ. ഷാജിയെ നല്ല ആശുപത്രിയില്‍ ചികിത്സിപ്പിക്കണം, പലിശയ്ക്കെടുത്ത പണം തിരികെ നല്‍കണം, സൂരജിന്റെ പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ആഗ്രഹം പോലെ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിന് ചേര്‍ക്കണം. ആശങ്കകളും ആധിയും അവസാനിക്കുന്നില്ല ആ അമ്മ മനസ്സില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: