കൊച്ചി: സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ 27 പേർക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് എടുത്തത്. ഹണി റോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമൻ്റുകൾക്കെതിരെയാണ് നടി പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം നടി ഒരു വ്യക്തി തന്നെ ലൈംഗിക ചുവയോടുകൂടി ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുന്നു എന്ന വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് മോശം കമൻ്റുകൾ നിറഞ്ഞത്. ഇതോടെ നടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് റിപ്പോർട്ട്. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
ഹണിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായിരുന്നു.
ഒരു വ്യക്തി തന്നെ നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്നായിരുന്നു താരത്തിന്റെ കുറിപ്പ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹണി റോസ് അധിക്ഷേപ പരാമര്‍ശം വ്യക്തമാക്കി രംഗത്തെത്തിയത്. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നതായി താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.
പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്. ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല…’ -ഇതായിരുന്നു ഹണി റോസിന്റെ കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: