ഗുവഹാത്തി: വിമന്‍സ് അണ്ടര്‍ 23 ട്വന്റി 20 ട്രോഫിയില്‍ മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് തോല്പിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് പന്ത് ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് ബാറ്റിങ് നിരയില്‍ ആര്‍ക്കും തന്നെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായില്ല. കണിശതയോടെ പന്തെറിഞ്ഞ കേരള ബൗളര്‍മാര്‍ മധ്യപ്രദേശിന്റെ സ്‌കോറിങ് ദുഷ്‌കരമാക്കി.
20 റണ്‍സെടുത്ത ഓപ്പണര്‍ കനിഷ്‌ക ഥാക്കൂറാണ് മധ്യപ്രദേശിന്റെ ടോപ് സ്‌കോറര്‍. കേരളത്തിന് വേണ്ടി ഭദ്ര പരമേശ്വരന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. നിത്യ ലൂര്‍ദ്ദ്, അലീന എം.പി. എന്നിവരും മികച്ച രീതിയില്‍ പന്തെറിഞ്ഞു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 14 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ അനന്യ പ്രദീപും ക്യാപ്റ്റന്‍ നജ്‌ല സി.എം.സി.യും ചേര്‍ന്നുള്ള കൂട്ടുകെട്ട് കേരളത്തിന് വിജയമൊരുക്കി. അനന്യ പ്രദീപ് 39 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ നജ്‌ല 21 റണ്‍സെടുത്തു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: