മലപ്പുറം:നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ പി വി അന്‍വര്‍ അറസ്റ്റില്‍ എം എല്‍ എ. നിയമസഭാ സാമാജികനാണ് താനെന്നതിനാല്‍ അറസ്റ്റിന് വഴങ്ങുകയാണ്. ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിക്കണമെന്ന് അറസ്റ്റ് ചെയ്ത് കൊണ്ട് പോകവെ അന്‍വര്‍ പറഞ്ഞു.
ഗുണ്ടാതലവനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകും പോലെയാണ് തന്നെ കൊണ്ടു പോകുന്നതെന്ന് അന്‍വര്‍ പറഞ്ഞു. മലയോര മേഖലയിലെ ക്രൈസ്തവര്‍ക്ക് കൂടി വേണ്ടിയാണ് താന്‍ വനം വിഷയത്തില്‍ ഇടപെട്ടതെന്ന് അന്‍വര്‍ പറഞ്ഞു.ജീവനുണ്ടെങ്കില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അനീതിക്കെതിരെ പോരാടും.
ഇവിടെ പിണറായി പറയും പോലെയേ നടക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. പി വി അന്‍വര്‍ സിന്ദാബാദ്, പിണറായിസം തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അണികള്‍ വിളിക്കവെയാണ് പൊലിസ് അന്‍വറിനെ അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രി 9.45ഓടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്.
കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തിലാണ് എം എല്‍ എയെ അറസ്റ്റ് ചെയ്തത്.സംഭവത്തില്‍ നിലമ്പൂര്‍ പൊലീസാണ് കേസെടുത്തത്. പതിനൊന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് സൂചന.
കേസെടുത്തതിന് പിന്നാലെ പി വി അന്‍വറിനെ അറസ്റ്റ് ചെയ്യാനായി പൊലീസ് ഒതായിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. പുറത്ത് 150 ല്‍ പരം പൊലീസുകാര്‍ കാവല്‍ നില്‍ക്കെ ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടിനുളളില്‍ കയറി.അന്‍വറിന്റെ മെഡിക്കല്‍ പരിശോധനയും വീട്ടിനുളളില്‍ വച്ച് നടത്തി.ഒരു മണിക്കൂറോളം വീടിനുളളിലും പുറത്തുമായി പൊലീസുണ്ടായിരുന്നു.
പൊലീസ് അന്‍വറിന്റെ വീട്ടിലെത്തിയതിന് പിന്നാലെ പുറത്ത് ഡി എം കെ പ്രവര്‍ത്തകരും നാട്ടുകാരും കൂടി നില്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ പുറത്ത് നിന്നാരെയും പൊലീസ് വീടിനകത്തേക്ക് കടത്തി വിട്ടില്ല.കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെ വകുപ്പുകള്‍ പ്രകാരമാണ് പി വി അന്‍വറിനെതിരെ കേസെടുത്തിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: