ബെംഗളൂരു : സംസ്ഥാനത്തെ ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതല്‍ പ്രാബല്യത്തിൽ. സര്‍ക്കാരിന് കീഴിലുള്ള കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെ.എസ്.ആർ.ടി.സി.), നോർത്ത് വെസ്റ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(എൻ.ഡബ്ല്യു.കെ.ആർ.ടി.സി.), കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെ.കെ.ആർ.ടി.സി.), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) എന്നീ മൂന്നു കോർപ്പറേഷന്റെ ബസുകളിലെ ടിക്കറ്റ് നിരക്കില്‍ 15 ശതമാനം വർധനയാണ് വരുത്തിയത്
കേരളമടക്കമുള്ള സംസ്ഥാനാന്തര സർവീസുകളിലെ നിരക്കുകളിൽ 100 രൂപ മുതൽ 120 രൂപ വരെ വർധനവുണ്ടാകും. ഓൺലൈനിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് വർധന ബാധകമാകില്ല. ബെംഗളൂരു നഗരത്തിലെ ബി.എം.ടി.സി ബസുകളിലെ മിനിമം ടിക്കറ്റ് നിരക്ക് 5 രൂപയിൽ നിന്നും 6 രൂപയാകും. മറ്റു സ്റ്റേജുകളിലെ നിരക്കുകളിലും മാറ്റമുണ്ടാകും.
അതേ സമയം സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്ന് കർണാടക സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് എസ്. നടരാജ് ശർമ്മ അറിയിച്ചു. സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് സൗജന്യ യാത്ര ശക്തി പദ്ധതി നടപ്പിൽ വരുത്തിയതോടെ സ്വകാര്യ ബസ് വ്യവസായം കനത്ത നഷ്ടത്തിലാണെന്നും സർക്കാർ ബസുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തിയതോടെ പുരുഷയാത്രക്കാരിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: