മഹാകവി ഉള്ളൂരിന്റെ ഏറ്റവും ഉജ്വലമായ കാവ്യരചന ഏതെന്ന് ചോദിച്ചാല്‍ ‘കര്‍ണ്ണഭൂഷണം’ എന്നാണ് ഉത്തരം. സഞ്ജയന്‍ (എം.ആര്‍.നായര്‍) വിശേഷിപ്പിച്ചതുപോലെ അത് ‘കൈരളിയുടെ പുണ്യ’മാണ്. ഉള്ളൂരിന്റെ ‘പ്രേമസംഗീത’മൊന്നും മറന്നല്ല ഇപ്പറഞ്ഞത്.
ആ ഖണ്ഡകാവ്യം, മഹാഭാരതത്തിലെ കര്‍ണ്ണന്റെ കഥയാണ്. കൗരവ പാണ്ഡവന്മാരുടെ ആയോധനാഭ്യാസ മികവ് പ്രദര്‍ശിപ്പിക്കുന്ന അരങ്ങേറ്റവേളയില്‍, വെല്ലുവിളിയാകുന്ന കര്‍ണ്ണനെ അയോഗ്യനാക്കാന്‍ കൃപാചാര്യര്‍ കര്‍ണ്ണനോട് കുലവും ജാതിയും മഹിമയും ചോദിക്കുന്ന അവസരമുണ്ട്. ഉള്ളൂര്‍ എഴുതിയത് ഇങ്ങനെയാണ്: ”കോമളമാകുമപ്പൈക്കൂട്ടില്‍ നിന്നൊരു/ഗോമായുവിന്‍ രുതം കേട്ടിതപ്പോള്‍”എന്ന്. ‘സുന്ദരവും ശാന്തവുമായ പശുത്തൊഴുത്തില്‍നിന്ന് ഒരു കുറുക്കന്‍ ഓരിയിടുന്ന ഒച്ചകേട്ടു’ എന്ന് അര്‍ത്ഥം. ഗോമായു എന്നാല്‍ കുറുക്കന്‍. ഏറ്റവും ശുഭകരമായ ഒരു ചടങ്ങിനിടെ, ജാതിയും കുലവും ആചാരവും മഹിമയും ചോദിച്ച് വിശിഷ്ടാവസരത്തെ, വികൃതമാക്കിയ ആ ചോദ്യം. കര്‍ണ്ണന്റെ ശിഷ്ടകഥയും മഹാഭാരത പരിണാമവും യുദ്ധത്തിലൂടെയാണെങ്കിലും സനാതന ധര്‍മ സംസ്ഥാപനമാണല്ലോ അതിന്റെ പരിണാമം. അത്തരത്തില്‍ സംഭവിച്ച ഒരു കുറുക്കന്റെ ഓരിയിടലിനെക്കുറിച്ച് പറയാനാണ് ‘കര്‍ണഭൂഷണം’ എടുത്ത് ചാര്‍ത്തിയത്.
സംസ്‌കാരം തിരിച്ചറിവാണ്. സ്വയം അറിയുന്നതുവരെ വാസ്തവത്തില്‍ ഒരറിവും അറിയുന്നവനെ സംബന്ധിച്ച് സമ്പൂര്‍ണമാകുന്നില്ല. അതുകൊണ്ടാണ്, കത്തുന്ന നിലവിളക്കിലെ തിരിയില്‍ തൊടരുതെന്ന് ഓരോ സന്ധ്യയിലും അമ്മയും അമ്മൂമ്മയും കുഞ്ഞിനോട് എത്ര പറഞ്ഞിട്ടും, ഒരിക്കല്‍ തൊടുന്നതും പൊള്ളല്‍ അറിഞ്ഞ് പിന്നെ തൊടാത്തതും. അറിവിനെ ധരിക്കുന്നതും അറിയുന്നതും രണ്ടാണ്. അതിനെയാണ് ശ്രീനാരായണ ഗുരു ”അറിവിലുമേറിയറിഞ്ഞീടുക ” എന്ന് ‘ആത്മോപദേശ ശതക’ത്തില്‍ വര്‍ണിച്ചത്.
ഇതിഹാസത്തിലെ കര്‍ണന്റെ രംഗപ്രവേശത്തിനു സമാനമായി സംഭവിച്ച ഒന്നായിരുന്നു വര്‍ക്കല ശിവഗിരിയില്‍ കേട്ട ഒരു അപശബ്ദമെന്നു പറയാനാണ് ഇത്രയും പറഞ്ഞത്. അവിടം കോമളമായ ശാന്തമായ ഒരു പൈക്കൂടുപോലെയായിരുന്നു. അവിടെ ശ്രീനാരായണ ഗുരുദേവന്റെ ‘മതം’ അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കുറുക്കന്റെ ഓരിയിടല്‍ പോലെയായിപ്പോയി. അത് തികച്ചും അസ്ഥാനത്ത്, അനവസരത്തില്‍ ഉയര്‍ന്ന അപസ്വരമായി. എന്തിനായിരുന്നു അത്? എന്തുകൊണ്ട് ആ വേദിയില്‍? ആരെ തോല്‍പ്പിക്കാന്‍? ആരെ വാഴിക്കാന്‍! ആര്‍ക്കുവേണ്ടി? ഏറെ വിശകലനം ചെയ്യേണ്ട വിഷയമാണത്. രാഷ്‌ട്രീയമായി, അത് പ്രാദേശിക- സംസ്ഥാന- രാഷ്‌ട്രീയ ദേശീയ -രാഷ്‌ട്രീയ തലത്തില്‍ മാത്രമല്ല അന്തര്‍ദേശീയ രാഷ്‌ട്രീയ തലത്തില്‍വരെ സ്വാധീനവും ബാധയും ഉണ്ടാക്കുന്ന സംഭവമായി. അത് ഒരേസമയം ‘പരിത്രാണന’ത്തിനും ‘വിനാശന’ത്തിനുമുള്ള അവസരവുമായി എന്നു വേണം പറയാന്‍.
കുറുക്കന്‍ അങ്ങനെയാണ്; ചോരയും കുറച്ച് മാംസവുമേ വേണ്ടൂ. അതിനായി എന്തും ചെയ്യും. പഞ്ചതന്ത്രത്തില്‍ അവനുണ്ട്, ‘ദമനക’നെന്ന പേരില്‍; വ്യത്യസ്തനായ കുറുക്കന്‍. രണ്ടാം ക്ലാസിലെ കേരള പാഠാവലി മലയാളം പുസ്തകത്തിലുമുണ്ട്; ‘കുട്ടനും മുട്ടനും’ എന്ന പാഠത്തില്‍, 1980 വരെ. സഹോദരങ്ങളായ ആട്ടിന്‍ കുട്ടികളെ തമ്മില്‍ തലയിടിപ്പിച്ച് അവര്‍ ചോര വാര്‍ക്കുമ്പോള്‍ ആ ചോര സ്വാദോടെ നുണയുന്ന കുറുക്കനാണ് പാഠപുസ്തകത്തിലെ കഥയില്‍. ശിവഗിരിയില്‍, അഹിംസയും നീതിയും പറഞ്ഞ, ”അപരന്ന് അസുഖമുണ്ടാകാതെ വേണം സ്വന്തം സുഖം നോക്കാന്‍” എന്നുപദേശിച്ച ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശങ്ങളൊന്നും തിരിച്ചറിയാതെ, ഗുരുവിനെ ഒരു വരിയെങ്കിലും മനസ്സിലാക്കാതെ, ഔചിത്യം എന്താണെന്ന് അറിയാതെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാവും ശ്രീനാരായണ ഗുരുവിന്റെ മതം ആ വേദിയില്‍ വിഷയമാക്കി ഉയര്‍ത്തിയത്. ”ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന് ഗുരു പറഞ്ഞത് ”ഒറ്റത്തെരഞ്ഞെടുപ്പ്, ഏക സിവില്‍ നിയമം; ഏക വിദ്യാഭ്യാസ പദ്ധതി” എന്നിങ്ങനെയുള്ള ഭരണാഹ്വാനമായി തെറ്റിദ്ധരിച്ചിട്ടുണ്ടാവുമോ മുഖ്യമന്ത്രി! എഴുതിക്കൊടുത്ത പ്രസംഗം വായിക്കുകയും പിന്നെ പറഞ്ഞുപോയത് വ്യാഖ്യാനിച്ച് അബദ്ധത്തിലാവുകയുമായിരുന്നോ? ഇത്തരം ഒട്ടേറെ ചോദ്യങ്ങളുണ്ട്. ശരിയുത്തരം അവരില്‍നിന്ന് കിട്ടില്ല. കാരണം, ലക്ഷ്യം ‘ചോരയും കുറച്ചു മാംസവും’ മാത്രമാണ്. അത് ഏത് വിധേനയും നേടുകയാണ് പദ്ധതിയും. അതിന് ഗുരുവിന്റെ മൊഴിയും എഴുത്തും കവിതയും കഥയും ഉപദേശവും ഒന്നും അറിയേണ്ടതില്ല. മാത്രമല്ല, ഗുരു പറഞ്ഞതൊക്കെ അനുസരിച്ചാല്‍ ഒരു കള്ളക്കച്ചവടവും ‘കള്ളു’ കച്ചവടവും നടത്താനുമാകില്ല. അതിനാല്‍ എക്കാലത്തും ഗുരുവിനെ ഒന്നുകില്‍ അവഗണിക്കുക, അല്ലെങ്കില്‍ അപഗ്രഥിച്ച് അവമാനിക്കുകയാണ് പതിവ്. അത് പിണറായി വിജയന്റെ രാഷ്‌ട്രീയമാണ്; രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ നയമാണ്. ‘ശ്രീനാരായണന്‍’ എന്നല്ലാതെ ആ പാര്‍ട്ടിയുടെ താത്ത്വികാചാര്യന്‍ സഖാവ് ഇഎംഎസ്, ശ്രീനാരായണ ഗുരുവിനെ പരാമര്‍ശിച്ചിട്ടില്ലല്ലോ.
പക്ഷേ സനാതന ധര്‍മ്മത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ക്കും വാക്യങ്ങള്‍ക്കും ഒപ്പം നില്‍ക്കാന്‍ പോകുന്നതല്ലല്ലോ ഈ ‘ഗോമായുവിന്റെ രുതം’ (കുറുക്കന്റെ ഓരി) എന്നതാണ് സമാധാനം. പക്ഷേ, തിരുത്തേണ്ടവര്‍ പലരും മിണ്ടാതിരിക്കുന്നു എന്നതിലാണ് ഉത്കണ്ഠ.
30 വര്‍ഷം മുമ്പ്,1995 ഒക്ടോബര്‍ 11 ന്, ശിവഗിരിക്കുന്നില്‍ കേരളത്തിലെ സായുധരായ പോലീസ് കടന്നുകയറിയ സംഭവം കേരള ചരിത്രത്തിലെ ദുഃഖകരവും ലജ്ജാകരവുമായ അനുഭവമാണ്. അതിനിടയാക്കിയ സാഹചര്യങ്ങള്‍ ഏറെയാണ്. അത് കാലമേറെ മുമ്പേ ചിലര്‍ കാലേ കൂട്ടി തയാറാക്കിയ കാര്യപരിപാടി നടപ്പാക്കിയതിന്റെ ഫലമായിരുന്നു. ഭീകരപ്രവര്‍ത്തനത്തിന് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ് വിചാരണ നേരിടുന്ന, അന്നത്തെ ഐഎസ്എസിന്റെയും പിന്നീട് പിഡിപിയുടെയും നേതാവായിരുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ കിങ്കരന്മാരെ ഒഴിപ്പിക്കാനും കോടതി വിധി നടപ്പാക്കാനുമായിരുന്നു അത്. അന്നത്തെ കുതന്ത്രം ശിവഗിരിയെ കളങ്കപ്പെടുത്തലായിരുന്നു. അത് നടക്കാതെ പോയപ്പോള്‍ ആശയത്തെ വെല്ലുവിളിച്ച് ശിവഗിരിക്കുന്നിനെ ചുവപ്പിക്കാന്‍ നടത്തുന്ന പല്‍ക്കാലത്തെ ചിലരുടെ ശ്രമങ്ങള്‍ക്ക് കൈത്താങ്ങാകുന്ന പരസ്യ പ്രഖ്യാപനമായിരുന്നില്ലേ മുഖ്യമന്ത്രിയെന്ന നിലയില്‍നിന്ന് പിണറായി നടത്തിയത്? സംശയിക്കണം. കാരണം, പിണറായി വിജയന്‍ പറഞ്ഞാല്‍ അത്രയ്‌ക്കൊക്കെ കണക്കാക്കിയാല്‍ മതി. ഇത് പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനാണ് പറഞ്ഞത്! അതും ശിവഗിരിക്കുന്നില്‍ത്തന്നെ!!
ശിവഗിരിക്കും അമേരിക്കന്‍ ‘ഡീപ് റേറ്റിനും’ തമ്മില്‍ എന്ത് ബന്ധം എന്ന് ചോദ്യം ഉയര്‍ന്നേക്കാമെങ്കിലും ഈ വിഷയത്തില്‍ അതും സംശയിക്കണം. ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി കോഴിക്കോട്ട് ‘ഡീപ് സ്റ്റേറ്റിന്റെ ഇടപെടല്‍ ഭാരതത്തില്‍’ എന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസം സെമിനാര്‍ നടത്തി. ഇതര രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ അമേരിക്ക നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ‘ഡീപ് സ്റ്റേറ്റി’നെക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തി പഠിക്കുന്ന എഴുത്തുകാരന്‍ വിഷ്ണു അരവിന്ദ് സെമിനാറില്‍ സംസാരിക്കവേ, പിണറായി വിജയന്റെ ശിവഗിരി പ്രസംഗത്തിനുപിന്നില്‍ ഡീപ് സ്റ്റേറ്റിന്റെ കൈയുണ്ടോ എന്ന് സംശയിക്കാന്‍ പോലും അവകാശമുണ്ടെന്ന് സൂചിപ്പിച്ചു. മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതിക്കൊടുത്തവര്‍ അറിഞ്ഞോ അറിയാതെയോ ഡീപ് സ്റ്റേറ്റിന്റെ വിശാലമായ ശൃംഖലയില്‍ കണ്ണിയായിക്കഴിഞ്ഞിരിക്കാം എന്നാണ് കാരണം പറഞ്ഞത്. സെമിനാര്‍ ഉദ്ഘാടനം ചെയ്ത വിദേശകാര്യ- നയതന്ത്ര വിശകലന വിദഗ്‌ദ്ധയും ദല്‍ഹി സര്‍വകലാശാലാ മുന്‍ പ്രൊഫസറുമായ ഡോ.ശാന്താ നെടുങ്ങാടി പറഞ്ഞതും കൂട്ടിവായിക്കുമ്പോള്‍ സംശയം ബലപ്പെടും: ”ഡീപ് സ്റ്റേറ്റുണ്ട്. അത് നിഴല്‍പോലെയാണ്. ഉണ്ട്, പക്ഷേ തൊട്ടറിയാനാവാത്തതിനാല്‍ പിടികൂടാനുമാവില്ല. ഡീപ് സ്റ്റേറ്റ് പ്രവര്‍ത്തനം ഓരോ കാലത്ത് ഓരോ തരത്തിലാണ്. ബിസിനസുകാര്‍, രാഷ്‌ട്രീയക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ബ്യൂറോക്രാറ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ നിതിന്യായ സംവിധാനം ഒക്കെ അറിഞ്ഞോ അറിയാതെയോ അതില്‍ കണ്ണിചേരും…സമൂഹത്തില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ത്തമ്മില്‍ സംഘര്‍ഷമുണ്ടാക്കുകയാണ് അതിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതി….”
ശിവഗിരി തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് വേണമെന്ന് ഗുരു കല്‍പ്പിച്ച ശരീരശുദ്ധി, ആഹാരശുദ്ധി, മനശ്ശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി ഇവയില്‍ ഒന്നെങ്കിലും ഉണ്ടായിരുന്നിരിക്കുമോ മുഖ്യമന്ത്രിക്ക് അന്നത്തെ ആ പ്രഭാഷണ വേളയില്‍? തീര്‍ത്ഥാടനത്തിന് ഗുരു കല്‍പ്പിച്ച എട്ടുലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനങ്ങള്‍ ഇവിയില്‍ ഒന്നെങ്കിലും പിണറായിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നോ? ഡീപ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനമായിത്തന്നെയാണ് ഗവേഷകരും വിശകലനക്കാരും ‘കട്ടിങ് സൗത്ത്’ എന്ന ചിലരുടെ ലക്ഷ്യത്തെയും സംഘടിത പ്രവര്‍ത്തനത്തേയും കാണുന്നത്. സനാതന ധര്‍മ്മത്തെ തമിഴ്നാട് സര്‍ക്കാരും കേരള സര്‍ക്കാരും കിട്ടുന്ന എല്ലാ വേദികളിലും തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ തെളിഞ്ഞുവരുന്നുണ്ട്; അത് നടപ്പിലാകാനിടയില്ലാത്ത വികല സ്വപ്നമാണെങ്കിലും. ‘കുട്ടനും മുട്ടനും’ കഥയിലെ കുറുക്കന്‍ ഒടുവില്‍ തമ്മില്‍ തലയിടിക്കുന്ന ആട്ടിന്‍ കുട്ടികള്‍ക്കിടയില്‍ ചതഞ്ഞ് ചാവുകയായിരുന്നുവെന്ന ശുഭാന്ത്യമോര്‍ത്ത് സമാധാനവുമുണ്ട്!
പിന്‍കുറിപ്പ്:
ഈ സാഹചര്യത്തിലും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഉടുപ്പ് ധരിക്കണോ അഴിക്കണോ എന്നാണ് ചിലരുടെ തര്‍ക്കം. അനുവദിച്ചിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നും വിരലിലെണ്ണാവുന്നവരേ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നുള്ളു. അതാണ് വിശ്വാസികളുടെ വികാരം. ക്ഷേത്രം കത്തിനശിക്കട്ടെ എന്നിടത്തു നിന്ന്, ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന മനംമാറ്റത്തിലാണ് വലിയ സമാധാനം. എന്നാല്‍, ക്ഷേത്രങ്ങള്‍ ആരാധനാലയങ്ങളായി നിലനിര്‍ത്താന്‍ പ്രതിരോധം നടത്തേണ്ടിവരുന്നു എന്നത് ആശങ്കയുമാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: