മുനമ്പം: വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ ഒരവകാശവും ഇല്ലേയെന്ന് മുനമ്പം ജുഡീഷ്യല്‍ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ക്കു മുന്നില്‍ മുനമ്പം നിവാസികള്‍. ഞങ്ങള്‍ക്ക് എവിടെ പോകണമെന്ന് അറിയില്ല. മക്കളുടെ വിവാഹം പോലും മുടങ്ങി, വായ്പ എടുക്കാന്‍ സാധിക്കാത്തതിനാല്‍ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം മുടങ്ങി. വീട് പുതുക്കി പണിയാന്‍ സാധിക്കുന്നില്ല, ലൈഫ് പദ്ധതിയില്‍ നിന്നും ലഭിച്ച വീടു പോലും നിര്‍മിക്കാന്‍ സാധിക്കുന്നില്ലെന്ന് കമ്മീഷനു മുമ്പില്‍ പ്രദേശവാസികള്‍.
മുനമ്പത്തെ വിഷയങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനുവേണ്ടിയാണ് കമ്മിഷന് ഇന്നലെ മുനമ്പം സന്ദര്‍ശിച്ചത്. മുനമ്പത്ത് വഖഫ് അധിനിവേശം നടത്താനുള്ള നീക്കത്തിനെതിരെ പൊരുതുന്ന ഭൂസംരക്ഷണ സമിതിയുടെ സമരപന്തല്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തകരുമായി സംസാരിച്ചു. വീടുകളിലും സന്ദര്‍ശനം നടത്തി. സാധാരണക്കാരായ ആളുകള്‍ വര്‍ഷങ്ങളായി താമസിക്കുന്ന സ്ഥലമാണിതെന്നും ഭൂമി വില കൊടുത്ത് വാങ്ങിയവരുടെ കാര്യം പ്രധാനമായി പരിശോധിക്കേണ്ടതെന്ന് ജസ്റ്റിസ് രാമചന്ദ്രന് നായര്‍ പറഞ്ഞു.
വഖഫ് ബോര്‍ഡിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണവും ഫറൂഖ് കോളജ് ട്രസ്റ്റില്‍ നിന്നും വിവരങ്ങള്‍ ലഭിക്കേണ്ടതായിട്ടുണ്ട്. കുറെ ഭൂമി കടലെടുത്ത് പോയിട്ടുണ്ട്. തീരദേശം ഉള്‍പ്പെടെയുള്ള ഭൂമി സംബന്ധിച്ച് പരിശോധിക്കണം. ഈ മാസം 10നു ശേഷം ഹിയറിങ് ആരംഭിക്കും. ഫെബ്രുവരി അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ കെ. മീര, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരും സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു.
നോഡല്‍ ഓഫീസര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹെര്‍ട്ടിസ്, പള്ളിപ്പുറം വില്ലേജ് ഓഫീസര്‍ ജാന്‍സി ജോസ്, കുഴുപ്പിള്ളി വില്ലേജ് ഓഫീസര്‍ നജ്മ കെ.എം എന്നിവര്‍ കമ്മിഷനോടൊപ്പം ഉണ്ടായിരുന്നു.
ദുരിതബാധിത പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഭൂസംരക്ഷണ സമിതി ചെയര്മാന് ജോസഫ്റോക്കി പാലക്കന്, സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശേരി, എസ്എന്‍ഡിപി മുനമ്പം ശാഖ പ്രസിഡന്റ് മുരുകന് കാതികുളത്ത് എന്നിവര്‍ ജനങ്ങളുടെ ദുരവസ്ഥ സംബന്ധിച്ച് വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: