India

ഐഎസ്ആര്‍ഒയ്‌ക്ക് ചരിത്ര നേട്ടം: ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ചു

Published by

ബെംഗളൂരു: ബഹിരാകാശത്ത് ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരത്തുള്ള ഇനേര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റില്‍ (ഐഐഎസ്‌യു) വികസിപ്പിച്ച യന്ത്രക്കൈ ബഹിരാകാശത്തു പ്രവര്‍ത്തിപ്പിച്ചാണ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇതിലൂടെ ചുരുക്കം ചില രാജ്യങ്ങള്‍ക്കു മാത്രം സ്വന്തമായ റീലൊക്കേറ്റബിള്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ (ആര്‍ആര്‍എം-ടിഡി) എന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ഐഎസ്ആര്‍ഒ വിജയകരമായി നടത്തിയത്.

റീലൊക്കേറ്റബിള്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍ എന്നതിനെയാണ് ചലിക്കുന്ന യന്ത്രക്കൈ എന്നു വിശേഷിപ്പിക്കുക. ഒരു ബഹിരാകാശ പേടകം അതിന്റെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കേ വിവിധ ആവശ്യങ്ങള്‍ക്കു സുരക്ഷിതമായി ഉപയോഗിക്കുന്നതിനുദ്ദേശിച്ചുള്ളതാണ് ഇത്തരം യന്ത്രക്കൈകള്‍. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന് ഇത്തരം സംവിധാനമുണ്ട്. ബഹിരാകാശത്ത് വസ്തുക്കള്‍ പിടിച്ചെടുക്കാനും അവയെ നീക്കി ഉദ്ദേശിച്ച സ്ഥലത്തേക്കു കൊണ്ടുവരാനും യന്ത്രക്കൈ ഉപയോഗിക്കും. മാത്രമല്ല, അറ്റകുറ്റപ്പണികള്‍ക്കും ഇവ വലിയ സഹായമാണ് ചെയ്യുക. നിരീക്ഷണങ്ങള്‍ നടത്തുക, അവശിഷ്ടങ്ങള്‍ ശേഖരിക്കുക എന്നിവയെല്ലാം ഈ റോബോട്ടിക് കൈ ചെയ്യും. ബഹിരാകാശത്തെത്തിയ റോക്കറ്റിന്റെ ഭാഗങ്ങള്‍ പുനരുപയോഗിക്കുന്ന പോയം 4ല്‍ (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്പിരിമെന്റല്‍ മൊഡ്യൂള്‍) ആണ് യന്ത്രക്കൈ പ്രവര്‍ത്തിക്കുന്നത്.

സ്‌പെയ്‌ഡെക്‌സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എല്‍വി സി60 ദൗത്യത്തിലാണ് ഐഎസ്ആര്‍ഒയുടെ ഈ യന്ത്രക്കൈ ബഹിരാകാശത്തേക്ക് അയച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഭാവിയില്‍ ഭാരതത്തിന്റെ ബഹിരാകാശ നിലയത്തില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. ഭാരത ബഹിരാകാശ നിലയത്തില്‍ പ്രവര്‍ത്തിക്കേണ്ട യന്ത്രക്കൈയുടെ പ്രാഥമിക രൂപമായി ഇതിനെ വിലയിരുത്താം.

ഭാവിയില്‍ പേടകങ്ങളില്‍ ഇന്ധനം നിറയ്‌ക്കാനുള്‍പ്പെടെ ഈ സംവിധാനം ഉപയോഗിക്കാം. ഭാവി ബഹിരാകാശ നിലയത്തിലേക്കും ചന്ദ്രനിലേക്ക് അടുത്ത ദൗത്യത്തിനുമുള്ള സാങ്കേതിക വിദ്യകളുടെയും പരീക്ഷണങ്ങളാണ് ഇനി നടക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക