ശബരിമല ക്ഷേത്രത്തില്‍ അനുഭവപ്പെടുന്ന ഈശ്വരീയപ്രഭാവവും സര്‍വലൗകിക സഹോദര്യവും ഭക്തസൗഹാര്ദ്ദവും അയ്യപ്പവിശ്വാസത്തെ വിശ്വപ്രസിദ്ധമാക്കി എന്നതിനു തെളിവാണ് ഏഴാംകടലിനക്കരെ വരെ ഉയര്‍ന്ന അയ്യപ്പക്ഷേത്രങ്ങള്‍.
ശബരിമല സന്നിധാനത്ത് ആര്‍ക്കും പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനും യാതൊരു തടസ്സവുമില്ല. പണ്ഡിതനും പാമരനും ധനികനും ദരിദ്രനും സന്നിധാനത്തു സമന്മാരാണ്. കോടിക്കണക്കിന് ഭക്തര്‍ എല്ലാ പ്രതിസന്ധികളെയും അവഗണിച്ച് ശബരിമലയിലെത്തി കലിയുഗവരദനായ അയ്യപ്പ സ്വാമിയെ കണ്ടു വണങ്ങി സായുജ്യമണയുന്നു.
സര്വ്വസമഭാവനയുടെ, ഭക്തനും ഭഗവാനും ഒന്നെന്ന തത്ത്വോപദേശമരുളുന്ന ക്ഷേത്രം ലോകത്ത് വേറെ ഒരിടത്തും ഉണ്ടാകില്ല എന്നത് തര്‍ക്കമറ്റ വസ്തുതയാണെങ്കിലും
ശബരിമല സന്നിധാനത്തെത്തി അയ്യപ്പ സ്വാമിയുടെ ചൈതന്യ വിഗ്രഹം കണ്ടു വണങ്ങാന്‍ കഴിയാത്തവര്‍ക്കുവേണ്ടി ഇതര സംസ്ഥാനങ്ങളില്‍ മാത്രമല്ല ഏഴാംകടലിനക്കരെയുള്ള അമേരിക്കയില്‍ പോലും അയ്യപ്പക്ഷേത്രങ്ങള്‍ നിലവിലുണ്ട്.
പതിറ്റാണ്ടുകള്‍ മുന്‍പേ നിര്‍മ്മിച്ചവയാണ് ഈ ക്ഷേത്രങ്ങളില്‍ പലതും. ഇവയിലെല്ലാം ശബരിമലയ്ക്ക് തുല്യമായ പൂജാവിധികളാണ് അനുഷ്ടിച്ചു പോരുന്നതും. അമേരിക്കയിലെ ബ്രിഡ്ജ് വാട്ടര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ശബരിമലയ്ക്ക് സമാനമായ പതിനെട്ടാം പടിയാണ് ഉള്ളത്. ടെക്സസിലെ ഓംകാര മഹാഗണപതി ക്ഷേത്രത്തിലും അയ്യപ്പ സാനിധ്യമുണ്ട്.
ഏറ്റവും കൂടുതല്‍ ഭക്തര്‍ ശബരിമലയിലെത്തുന്നത് ആന്ധ്ര, കര്‍ണാടക, തമിഴ് നാട് എന്നിവിടങ്ങളില്‍ നിന്നാണ്. തമിഴ് നാട്ടിലെ ചെന്നൈ നഗരത്തില്‍ മാത്രം ചെറുതും വലുതുമായ പത്തോളം അയ്യപ്പ ക്ഷേത്രങ്ങളാണുള്ളത്. അണ്ണാ നഗര്‍, ആവടി, കോടമ്പാക്കം, കെ.കെ. നഗര്‍, മാടിപ്പാക്കം, മഹാലിംഗപുരം, പോണാമാലി, രാജാ അണ്ണാമലൈപുരം, ടി നഗര്‍ എന്നിവയ്ക്ക് പുറമെ കാഞ്ചീപുരം, പുതുക്കോട്ട, ചിന്നപ്പനഗര്, രാമനാഥപുരം, തിരുനല്‍വേലിയിലെ കാരക്കുറിച്ചി എന്നിവിടങ്ങളിലാണ് ഈ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. കോയമ്പത്തൂരിനു സമീപം കോവൈപുത്തൂരിലും ഒരു അയ്യപ്പക്ഷേത്രമുണ്ട്. കര്‍ണാടകയില്‍ ഇരുപതിലേറെ അയ്യപ്പ ക്ഷേത്രങ്ങളാണുള്ളത്. ബംഗളൂരു നഗരത്തിലെ ജലഹള്ളി, തിപ്പസാന്ദ്ര, സുബ്ബണ്ണപാളയം, വിജനപുരം, ജെ.സി. നഗര്‍, വസന്തനഗര്‍, കലസിപാളയം, വണ്ണാര്‍ പേട്ട്, സുദ്ദഗുണ്ട പാളയം, മല്ലേശ്വരം, ജയനഗര്‍, മാഡിവാല എന്നിങ്ങനെ നീളുന്നതാണ് അയ്യപ്പ ക്ഷേത്രങ്ങള്‍.
കൂര്‍ഗ്, ദാവണ്‍ഗരൈ, മൈസൂരു എന്നിവിടങ്ങളിലും ശബരീശ ക്ഷേത്രങ്ങളുണ്ട്. ആന്ധ്രയിലെ വിശാഖപട്ടണം, ഭീമാവരം, ദ്വാരപുഡി, അണപര്ത്തി,കാക്കിനഡ, പലകൊള്ളു, ഹൈദരബാദ്, സെക്കന്ദരാബാദ് എന്നിവിടങ്ങളിലാണ് അയ്യപ്പ ക്ഷേത്രങ്ങള്‍. ഗുജറാത്തിലെ അഹമദാബാദ്, രാജ് കോട്ട്, വെരാവല്‍ എന്നിവയ്ക്ക് പുറമെ പഞ്ചലോഹപ്രതിഷ്ഠയുള്ള ക്ഷേത്രം വാഡിയിലും സ്ഥിതി ചെയ്യുന്നു. മറ്റൊരു പ്രസിദ്ധമായ അയ്യപ്പ ക്ഷേത്രമുള്ളത് മഹാരാഷ്ട്രയിലെ കാഞ്ഞൂര്‍ മാര്‍ഗിലാണ്.
പുരാതനമായ ആദ്യ അയ്യപ്പ ക്ഷേത്രമാണിത്. ശ്രീ അയ്യപ്പ സേവാ സംഘമാണ് മിനി ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍. നീലിമല കയറിയുള്ള തീര്‍ത്ഥാടനത്തെ ഓര്‍മ്മിപ്പിക്കും വിധം 108 പടികളാണ് ഇവിടെയുള്ളത്. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും അയ്യപ്പ മാഹാത്മ്യം വിളിച്ചോതുന്ന തത്വമസിയുടെ പൊരുള്‍ അനാവരണം ചെയ്യുന്ന പ്രസിദ്ധങ്ങളായ നിരവധി ക്ഷേത്രങ്ങളുണ്ട്.
അമേരിക്കയിലെ അയ്യപ്പക്ഷേത്രം
ഏഴാം കടലിനക്കരെയുമുണ്ട് അയ്യപ്പസ്വാമി പ്രധാനപ്രതിഷ്ഠയായ ക്ഷേത്രം. ഫ്ലോറിഡയിലെ ടാംപയില്‍ ആണ് പതിനെട്ടുപടികളോടു കൂടിയ അയ്യപ്പക്ഷേത്രം ഉള്ളത്. ശ്രീ അയ്യപ്പ സൊസൈറ്റി ഓഫ് ടാംപ(ശാസ്ത) ആണ് ക്ഷേത്രം നിര്‍മ്മിച്ചത്. 2000-ല്‍ ആണ് അമേരിക്കയിലെ ഒട്ടേറെ അയ്യപ്പഭക്തര്‍ ചേര്‍ന്ന് ശാസ്ത സൊസൈറ്റിക്ക് രൂപം കൊടുത്തത്. ശബരിമലയിലേതു പോലെ ഇവിടെയും മണ്ഡല മകരവിളക്കുകാലത്താണ് ദര്‍ശനത്തിനു പ്രാധാന്യം.
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഭാരതീയവംശജരായ പുതുതലമുറയ്ക്ക് ഭഗവദ് ഗീത, യോഗ, ധ്യാനം, സംസ്കൃത പഠനം എന്നിവയിലൊക്കെ പരിശീലനം നല്‍കുന്നതിനും ഈ ക്ഷേത്രത്തില്‍ പ്രത്യേക ക്ലാസുകളുണ്ട്.
ശാസ്താ എന്ന് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ അതിലെ ഓരോ അക്ഷരത്തിനും പ്രത്യേക അര്ത്ഥനിഷ്കര്ഷയും ക്ഷേത്രഭാരവാഹികള്‍ നല്‍കിയിട്ടുണ്ട്. ആദ്യാക്ഷരമായ എസ് സത്സംഗത്തെ സൂചിപ്പിക്കുമ്പോള്‍ എ എന്ന അക്ഷരം ആരാധനയെ സൂചിപ്പിക്കുന്നു. രണ്ടാമത്തെ എസ് സമത്വഭാവനയേയും റ്റി എന്ന അക്ഷരം തത്ത്വമസി മഹാവാക്യത്തേയും സൂചിപ്പിക്കുന്നു. അവസാന അക്ഷരമായ എ ആത്മസിദ്ധിയുടെ പ്രതീകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: