ന്യൂദല്‍ഹി: സീസണില്‍ മങ്ങിയ പ്രകടനത്തില്‍ തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഐഎസ്എലില്‍ ജീവശ്വാസം നിലനിര്‍ത്താന്‍ ഇന്ന് പഞ്ചാബ് എഫ്‌സിക്കെതിരെ. വരുന്ന ഓരോ മത്സരങ്ങളും നിര്‍ണായകമായിരിക്കേ ബ്ലാസ്റ്റേഴ്‌സിന് താരങ്ങളുടെ പരിക്ക് വീണ്ടും വിനയാകുന്നുണ്ട്.
കഴിഞ്ഞ സീസണില്‍ ഡിസംബറില്‍ അവസാനിച്ച ലീഗിന്റെ ആദ്യ പകുതി വരെ ടീം ഒന്നാമതായിരുന്നു. മുന്‍നിരയിലെ മൂന്ന് താരങ്ങളാണ് പിന്നീട് തുടരെ തുടരെ പരിക്കിന്റെ പിടിയിലായത്. അതോടെ തകര്‍ന്നു തുടങ്ങിയ ടീം പിന്നീട് ഇതുവരെ കരകയറിയിട്ടില്ല. ഇതിനിടെ മുന്‍കോച്ചിനെ മാറ്റി സ്വീഡനില്‍ നിന്നും മികായേല്‍ സ്റ്റാറെ എന്ന പുതിയ പരിശീലകനെ വരെ കൊണ്ടുവന്നു. ക്വെയിം പെപ്ര, അഡ്രിയാന്‍ ലൂണ എന്നിവരെല്ലാം ടീമില്‍ തിരിച്ചെത്തി. നോഹ് സദൂയി, ജിമിനെസ് ജീസസ് എന്നീ താരങ്ങള്‍ കൂടി പുതിയ സീസണിലേക്ക് വന്നു. പക്ഷെ ടീമിന്റെ മോശം പ്രകടത്തില്‍ മാറ്റമുണ്ടായില്ല. ഒടുവില്‍ കോച്ചിനെ പുറത്താക്കി മുന്‍ ഭാരത ഫുട്‌ബോള്‍ ഗോളിയും സഹ പരിശീലകനുമായ ടി.ജി. പുരുഷോത്തമനെ ഇടക്കാല കോച്ചാക്കിയിരിക്കുകയാണിപ്പോള്‍.
പുരുഷോത്തമന് കീഴില്‍ ഒരു മത്സരത്തില്‍ ജയിക്കുകയും കഴിഞ്ഞ കളി തോല്‍ക്കുകയും ചെയ്തു. ഇന്ന് മൂന്നാമത്തെ പോരാട്ടമാണ്. പട്ടികയില്‍ ഇന്നത്തെ എതിരാളി പഞ്ചാബ് എഫ്‌സി കേരളത്തെക്കാള്‍ രണ്ട് സ്ഥാനങ്ങള്‍ക്ക് മുന്നിലാണ്. ഇന്ന് ജയിച്ചാലും പഞ്ചാബിന് തൊട്ടുതാഴെയെത്താന്‍ മാത്രമേ ടീമിന് സാധിക്കൂ.
ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ എഫ്‌സി ഗോവ ഒഡീഷ എഫ്‌സിയെ 4-2ന് തോല്‍പ്പിച്ചു. രണ്ടാം പോരില്‍ കരുത്തരായ ബെംഗളൂരു എഫ്‌സിയെ ജംഷെഡ്പുര്‍ എഫ്‌സി 2-1ന് കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: