ന്യൂദെൽഹി:ആംആദ്മി പാർട്ടി മന്ത്രിസഭയിലെ രണ്ട് മുൻ മന്ത്രിമാരും മുൻ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനുമടക്കം ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ 29 പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. പാർട്ടിയുടെ ഡൽഹിയിലെ രണ്ട് മുൻ എംപിമാരാണ് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുഖ്യമന്ത്രി അതിഷിയെയും നേരിടുന്നത്. മുൻ എഎപി മന്ത്രിമാരായ കൈലാഷ് ഗെഹ് ലോട്ട്, രാജ്കുമാർ ആനന്ദ് എന്നിവർ യഥാക്രമം ബിജ്വാസൻ, പട്ടേൽ നഗർ എന്നീ മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടും. ദെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന അരവിന്ദ് സിംഗ് ലൗലി ഗാന്ധി നഗറിൽ നിന്നും മത്സരിക്കും. ഇവിടെ ബിജെപിയുടെ സിറ്റിംഗ് എംഎൽഎയായ അനിൽ കുമാർ ബാജ്പേയിയെ ഒഴിവാക്കിയാണ് ലൗലിക്ക് സീറ്റ് നൽകിയത്.
ന്യൂദെൽഹി സീറ്റിൽ നിന്നും മത്സരിക്കുന്ന ദെൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നേരിടാൻ ബിജെപി നേതാവും മുൻ ദെൽഹി മുഖ്യമന്ത്രിയുമായിരുന്ന സാഹിബ് സിംഗ് വർമ്മയുടെ മകനും ദെൽഹിയിൽ നിന്നുമുള്ള മുൻ എംപിയുമായ പർവേഷ് സാഹിബ് സിംഗ് വർമ്മയെയാണ് രംഗത്തിറക്കിയത്. ഇവിടെ ദെൽഹി മുൻ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിന്റെ മകനും മുൻ എംപിയുമായ സന്ദീപ് ദീക്ഷിതാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ഒരു മുൻ മുഖ്യമന്ത്രിയെ നേരിടാൻ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ എത്തുന്നുവെന്ന പ്രത്യേകതയാണ് ഇത്തവണ ന്യൂഡൽഹി മണ്ഡലത്തിനുള്ളത്. മുഖ്യമന്ത്രി അതിഷിയെ നേരിടുന്നത് 10 വർഷക്കാലം ഡൽഹിയിൽ നിന്നുള്ള എംപിയായിരുന്ന രമേശ് ബിധുരിയാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത് മുൻ എഎപി നേതാവും മഹിള കോൺഗ്രസ് അധ്യക്ഷയുമായ അൽക ലാംബയെയാണ്. അടുത്തിടെ ബിജെപിയിൽ ചേർന്ന മുൻ എഎപി എംഎൽഎ കർത്താർ സിംഗ് തൻവാറിനെ ഛത്തർപൂരിൽ നിന്നും മുൻ കോൺഗ്രസ് എംഎൽഎ രാജ്കുമാർ ചൗഹാനെ മംഗൾപുരിയിൽ നിന്നും പാർട്ടി മത്സരിപ്പിക്കുന്നു. പാർട്ടിയുടെ ആദ്യ പട്ടികയിൽ രണ്ട് വനിതകൾ മാത്രമാണുള്ളത്. ഷാലിമാർ ബാഗിൽ നിന്നുള്ള രേഖ ഗുപ്ത, സീമാപുരിയിൽ നിന്നുള്ള കുമാരി റിങ്കു എന്നിവരാണ് വനിത സ്ഥാനാർത്ഥികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക