ന്യൂഡൽഹി : യുഎസ് ജനപ്രതിനിധി സഭയിൽ സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യൻ വംശജരായ ആറ് അംഗങ്ങൾ . ഡോ. ആമി ബെറി, സുഹാസ് സുബ്രഹ്മണ്യൻ, ശ്രീ താനേദാർ, റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ എന്നിവരാണ് യുഎസിൽ ഇന്ത്യയുടെ അഭിമാനമുഖങ്ങളായി മാറിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് എംപി ഡോ ആമി ബെറി സോഷ്യൽ മീഡിയ എക്‌സിൽ പങ്ക് വച്ച പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത് . ‘ 12 വർഷം മുമ്പ് ഞാൻ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ഏക എംപി ഞാനായിരുന്നു. അതിനുശേഷം മൂന്നുപേരെ തിരഞ്ഞെടുത്തു. എന്നാൽ ഇപ്പോൾ ഞങ്ങൾ മൂന്നല്ല.. ആറുപേരുണ്ട്. ഇത് അമേരിക്കൻ ചരിത്രത്തിലെ ഒരു നിമിഷമാണ്. വരും വർഷങ്ങളിലും യുഎസ് പാർലമെൻ്റിൽ ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകളുടെ എണ്ണം വർദ്ധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ ആമി ബെറി കുറിച്ചു. ഒപ്പം 6 ഇന്ത്യൻ-അമേരിക്കൻ എംപിമാരുടെ ഫോട്ടോയും ആമി പങ്ക് വച്ചിട്ടുണ്ട്.
യുഎസ് ജനപ്രതിനിധി സഭയിലെ അംഗമെന്ന നിലയിൽ, തുടർച്ചയായി ഏഴാം തവണയാണ്` ആമി ബെറി തിരഞ്ഞെടുക്കപ്പെട്ടത് .കൂട്ടത്തിൽ സുഹാസ് സുബ്രഹ്മണ്യനാണ് ആദ്യമായി ജനപ്രതിനിധി സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്.റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ എന്നിവർ തുടർച്ചയായി അഞ്ചാം തവണയാണ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: