തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഭൗതിക അപകടങ്ങൾക്ക് ഏറെ സാധ്യതയുള്ള സംസ്ഥാനങ്ങൾ കേരളവും ആന്ധ്രാപ്രദേശുമാണെന്ന് പഠന റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ഐസിഎആർ) കീഴിലുള്ള സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
കേരളം ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുള്ള സംസ്ഥാനമായും ആന്ധ്രാപ്രദേശ് ഉഷ്ണ തരംഗങ്ങൾക്കും ചുഴലിക്കാറ്റ് അപകടങ്ങൾക്കും സാധ്യതയുള്ള സംസ്ഥാനമായും മാറും. മൾട്ടി-ഹാസാർഡ് ഇൻഡക്‌സ് (എംഎച്ച്ഐ) ഉപയോഗിച്ച്, 14 ത്രെഷോൾഡ് അധിഷ്‌ഠിത കാലാവസ്ഥാ ഇംപാക്ട് ഡ്രൈവർ (സിഐഡി) സൂചികകൾ പരിഗണിച്ചാണ് ഈ വിലയിരുത്തൽ.
“ഇന്ത്യൻ തീരപ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാന അപകടങ്ങൾ: കാലാവസ്ഥാ ആഘാതം-സ്പെഷ്യൽ അനാലിസിസ്” എന്ന തലക്കെട്ടിലുള്ള പഠനം, ഇന്ത്യയുടെ തീരപ്രദേശത്തെ കാലാവസ്ഥാ പ്രേരിതമായ കേടുപാടുകൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്നു. “ദൈവത്തിന്റെ സ്വന്തം നാട്” എന്ന് വിളിക്കപ്പെടുന്ന കേരളം, വെള്ളപ്പൊക്ക അപകട സൂചികയിൽ (FHI) ഒന്നാം സ്ഥാനത്താണ്. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ലയായ തിരുവനന്തപുരം കൂടുതൽ അപകട സാധ്യതയുള്ള പ്രദേശമായി പഠനം ചൂണ്ടിക്കാട്ടുന്നു. ഇവിടെ വെള്ളപ്പൊക്ക അപകടങ്ങളുടെ തീവ്രത 0.85 ആണ്.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർഗോഡ് എന്നിവയുൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ മധ്യ കേരളത്തെ അപേക്ഷിച്ച് കടൽ നിരപ്പ് ഉയരുമെന്നും പഠനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: