ന്യൂദൽഹി : ജാതി രാഷ്‌ട്രീയത്തിന്റെ പേരിൽ സമാധാനം തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളിലെ സാമൂഹിക സൗഹാർദ്ദം സംരക്ഷിക്കാൻ ഇത്തരം പദ്ധതികൾ തടയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2047-ഓടെ വികസിത് ഭാരത് എന്ന സ്വപ്നം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഗ്രാമങ്ങൾ പ്രധാന പങ്ക് വഹിക്കുമെന്ന് ഗ്രാമീണ ഭാരത് മഹോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജാതി രാഷ്‌ട്രീയത്തിന്റെ വിഷം പടർത്തി സമാധാനം തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് പേരുകളൊന്നും പരാമർശിക്കാതെ മോദി പറഞ്ഞു. ഗ്രാമങ്ങളുടെ സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും പൈതൃകം ശക്തിപ്പെടുത്താൻ നാം പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാമവികസനത്തിനായി 2014 മുതൽ എൻഡിഎ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗ്രാമീണ ഇന്ത്യയിലെ ദാരിദ്ര്യം 2012 ൽ ഉണ്ടായിരുന്ന 26 ശതമാനത്തിൽ നിന്ന് ഇപ്പോൾ 5 ശതമാനത്തിൽ താഴെയായിയെന്ന് എസ്ബിഐ ഗവേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ച് മോദി പറഞ്ഞു.
കൂടാതെ മുൻ സർക്കാർ ഗ്രാമീണ ഇന്ത്യയിലെ ജനങ്ങളെ അവഗണിച്ചെന്നും സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾക്ക് ശേഷവും ഗ്രാമങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ തന്റെ സർക്കാർ ഗ്രാമങ്ങളെ ശാക്തീകരിക്കുന്നു, മുമ്പ് അവഗണിക്കപ്പെട്ടവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേ സമയം പ്രധാനമന്ത്രി ജൻധൻ യോജന, പിഎം മുദ്ര, പിഎം എസ്‌വാനിധി എന്നിവയുൾപ്പെടെ 16 സർക്കാർ പദ്ധതികൾക്കായി ബാങ്കുകൾ കൂടുതൽ പ്രചാരണം ഏറ്റെടുത്തതായി ചടങ്ങിൽ സംസാരിച്ച ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. മഹോത്സവം, വിവിധ ചർച്ചകൾ, ശിൽപശാലകൾ, മാസ്റ്റർക്ലാസ്സുകൾ എന്നിവയിലൂടെ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സ്വാശ്രയ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനും ഗ്രാമീണ സമൂഹങ്ങളിൽ നവീകരണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടാതെ സാമ്പത്തിക ഉൾപ്പെടുത്തൽ അഭിസംബോധന ചെയ്തും സുസ്ഥിര കാർഷിക രീതികളെ പിന്തുണച്ചും വടക്കുകിഴക്കൻ ഇന്ത്യയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഗ്രാമീണ ജനതയ്‌ക്കിടയിൽ സാമ്പത്തിക സ്ഥിരതയും സാമ്പത്തിക ഭദ്രതയും പ്രോത്സാഹിപ്പിക്കുന്നതാണ് ഇതിന്റെ ലക്ഷ്യങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: