ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിലുള്ള പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല.
ബാലാജി എന്നയാളുടെ സായ്‌നാഥ് എന്ന പടക്കനിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.
വേൽമുരുകൻ, നാഗരാജ്, കണ്ണൻ, കാമരാജ്, ശിവകുമാർ, മീനാക്ഷിസുന്ദരം എന്നിവരാണ് സ്‌ഫോടനത്തിൽ വെന്തുമരിച്ചത്. കൂടാതെ, 90 ശതമാനം പൊള്ളലേറ്റ മറ്റൊരാളെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പടക്കങ്ങൾ നിർമ്മിക്കാൻ രാസ മിശ്രിതം തയ്യാറാക്കുന്നതിനിടെ ഉണ്ടായ രാസപ്രവർത്തനവും ഘർഷണവുമാണ് വൻ സ്ഫോടനത്തിന് കാരണമായത്.
സെൻട്രൽ എക്‌സ്‌പ്ലോസീവ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് (സിഇഡി) ലൈസൻസുള്ള ഈ ഫാക്ടറിയിൽ അപകടസമയത്ത് 35 മുറികളിലായി 80-ലധികം തൊഴിലാളികൾ ഫാൻസി പടക്കങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതില്‍ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സത്തൂർ, ശിവകാശി, വിരുദുനഗർ എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. വാക്കക്കരപ്പട്ടി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മെയ് ഒൻപതിന് വിരുതുനഗറിൽ ഉൾപ്പെടുന്ന ശിവകാശിയിലെ പടക്ക നിർമാണശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ 12 പേർക്ക് ഗുരുതര പൊള്ളലേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: