തിരുവനന്തപുരം: ഇപ്പോള്‍ തുടരുന്ന നാലാമത്തെ വ്യാവസായിക വിപ്ലവമായ വിവര സാങ്കേതിക രംഗത്തും പ്രതീക്ഷിക്കുന്ന അഞ്ചാം വ്യാവസായിക വിപ്ലവമായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രംഗത്തും ഭാരതമാണ് മുന്നിലെന്ന് കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.മോഹനന് കുന്നുമ്മല്‍. ഭാരതീയശാസ്ത്രവും സംസ്കൃതവും വികസിത ഭാരതത്തിന്റെ ദിശ എന്ന വിഷയത്തില്‍ നടക്കുന്ന അന്താരാഷ്ട സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രൊഫ.റാണി സദാശിവന് മൂര്‍ത്തി അധ്യക്ഷനായിരുന്നു.
സരസ്വതി വന്ദനത്തിനു ശേഷം അതിഥികള്‍ നിലവിളക്കുകള്‍ തെളിയിച്ചതോടെ അഖില ഭാരതീയ രാഷ്ട്രീയശൈക്ഷിക മഹാസംഘിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടു ദിവസത്തെ സെമിനാറിന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ (ആര്‍ജിസിബി) തുടക്കമായി. ഡോ.മോഹനന് കുന്നുമ്മല്‍, ന്യൂദല്‍ഹി നോണ്കോളീജിയറ്റ് വിമന്‍സ് എജ്യുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ പ്രൊഫ.ഗീത ഭട്ട്, തിരുപ്പതി ശ്രീവെങ്കിടേശ്വര വേദിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.റാണി സദാശിവന് മൂര്‍ത്തി, രാഷ്ട്രീയശൈക്ഷിക മഹാസംഘ് അഖിലേന്ത്യാ ജോയിന്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ജി.ലക്ഷ്മണ്, തമിഴ്നാട് ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വൈസ് ചാന്‍സലര്‍ പ്രൊഫ.എന്‍.പഞ്ചനാദം, കാലിക്കറ്റ് എന്‍ഐടി ഡയറക്ടര്‍ പ്രൊഫ.പ്രസാദ് കൃഷ്ണ, ഐസിഎസ്എസ്ആര്‍ ഡയറക്ടര്‍ ഡോ.സുധാകര്‍ റെഡ്ഡി, തിരുവനന്തപുരം ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സീനിയര്‍ സയന്റിസ്റ്റ് വൈദ്യ വിനോദ് ടി.ജി, മൗലാന ആസാദ് നാഷണല്‍ ഉറുദു സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.സയ്യിദ് ഐനുല്‍ ഹസന്, ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ തുടങ്ങിയവരാണ് ദീപം തെളിയിച്ചത്.
ഭാരതീയശാസ്ത്രവും ആധുനിക ശാസ്ത്രവും സംയോജിപ്പിച്ച് ഭാവി ദിശയെ കണ്ടെത്താന്‍ കഴിയുമെന്നും പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങളെ പരിഹരിക്കാന്‍ ഇത് സഹായകമായിരിക്കുമെന്നും പ്രൊഫ.റാണി സദാശിവന് മൂര്‍ത്തി വിശ്വാസം പ്രകടിപ്പിച്ചു. ഭാരതത്തിന്റെ സാംസ്കാരികവും ശാസ്ത്രീയവുമായ അറിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അഖില ഭാരതീയ രാഷ്ട്രീയശൈക്ഷിക മഹാസംഘിന്റെ 37 വര്‍ഷത്തെ പ്രതിബദ്ധതയെ പ്രൊഫ.ഗീത ഭട്ട് പ്രശംസിച്ചു. ഭാരതത്തിന്റെ വേരുകള്‍ വീണ്ടും കണ്ടെത്തേണ്ടതിന്റെയും അതിന്റെ സമാനതകളില്ലാത്ത പാരമ്പര്യം ഉള്‍ക്കൊള്ളുന്നതിന്റെയും പ്രാധാന്യം എബിആര്‍എസ്എമ്മിന്റെ അഖിലേന്ത്യാ ജോയിന്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ഗുന്ത ലക്ഷ്മണ് അവതരിപ്പിച്ചു. ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ സ്വാഗതം ആശംസിച്ചു. കണ്‍വീനര്‍ ഡോ.ലക്ഷ്മി വിജയന്, ഡോ. വിനോദ് കുമാര്‍ ടി.ജി തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: