India

ജനുവരി 15 ചരിത്ര ദിനമാകും; രണ്ട് യുദ്ധക്കപ്പലുകളും ഒരു അന്തര്‍വാഹിനിയും ഒരേ ദിവസം കമ്മിഷന്‍ ചെയ്യും

Published by

ന്യൂദല്‍ഹി: നാവിക സേനയുടെ ചരിത്രത്തിലെ നിര്‍ണായക ദിവസമാണ് ജനുവരി 15. മൂന്ന് യോദ്ധാക്കളാണ് അന്ന് നാവിക സേനയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നത്. നില്‍ഗിരി, സൂറത്ത് എന്നീ യുദ്ധക്കപ്പലുകളും വാഗ്ഷീര്‍ എന്ന അന്തര്‍വാഹിനിയുമാണ് അന്ന് കമ്മിഷന്‍ ചെയ്യുക. മുംബൈ നേവല്‍ ഡോക്യാര്‍ഡാണ് ഈ ചരിത്ര നിമിഷത്തിന് സാക്ഷിയാകുന്നത്. ലോകത്തിലെ ഏറ്റവും നിശബ്ദമായ ഡീസല്‍- ഇലക്ട്രിക്ക് അന്തര്‍വാഹിനിയാണ് വാഗ്ഷീര്‍. നില്‍ഗിരി, സൂറത്ത് എന്നിവ അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച യുദ്ധക്കപ്പലുകളാണ്.

പ്രതിരോധ രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവ മൂന്നിന്റെയും നിര്‍മാണം. പ്രൊജക്ട് 17 എ ക്ലാസ് യുദ്ധക്കപ്പല്‍ വിഭാഗത്തിലുള്ളതാണ് നീല്‍ഗിരി. പ്രൊജക്ട് 15 ബി വിനാശകാരി വിഭാഗത്തിലാണ് സൂറത്ത് നിര്‍മിച്ചത്. എതിരാളികളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ അത്യാധുനിക റഡാര്‍ സ്യൂട്ടും ആന്റി മിസൈല്‍ സംവിധാനങ്ങളും ഉള്‍പ്പെടെ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചേതക്, എഎല്‍എച്ച്, സീ കിങ് എന്നിവ കൂടാതെ പുതിയതായി എംഎച്ച്- 60 ആര്‍ ഹെലികോപ്ടറുകള്‍ എന്നിയവും ഈ കപ്പലുകളുടെ ഭാഗമാണ്.

പ്രൊജക്ട് 75 ന്റെ ഭാഗമായി ഭാരതം നിര്‍മിച്ച അവസാനത്തെ അന്തര്‍വാഹിനിയായ വാഗ്ഷീര്‍ സ്‌കോര്‍പീന്‍ വിഭാഗത്തിലുള്ളതാണ്. 23,562 കോടിയാണ് ഇതിന്റെ നിര്‍മാണ ചെലവ്. കഴിഞ്ഞവര്‍ഷം നിര്‍മാണം പൂര്‍ത്തിയായ കപ്പല്‍ മുംബൈയിലെ കപ്പല്‍ നിര്‍മാണ ശാലയായ മസ്ഗാവ് ഡോക് ഷിപ്പ് ബില്‍ഡേഴ്സാണ് നിര്‍മിച്ചത്. ഫ്രഞ്ച് സ്ഥാപനമായ നേവല്‍ ഗ്രൂപ്പില്‍ നിന്നും കൈമാറ്റം ചെയ്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കല്‍വാരി ക്ലാസ് (സ്‌കോര്‍പീന്‍) ഡീസല്‍- ഇലക്ട്രിക് ആക്രമണ അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത്. സമുദ്രാതിര്‍ത്തിയില്‍ യുദ്ധങ്ങള്‍, അന്തര്‍വാഹിനികള്‍ തമ്മിലുള്ള യുദ്ധം, ദീര്‍ഘദൂര ആക്രമണങ്ങള്‍, രഹസ്യാന്വേഷണം തുടങ്ങിയ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇവ സഹായിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by