കൊല്‍ക്കത്ത: ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ തുറങ്കലിലടച്ച ഹിന്ദു ആചാര്യന്‍ ചിന്മയ് കൃഷ്ണദാസ് സുരക്ഷിതനായി തിരിച്ചെത്തുന്നതിനായി എല്ലാ ദിവസവും പ്രാര്‍ത്ഥന നടത്തുമെന്ന് കൊല്‍ക്കത്ത ഇസ്‌കോണ്‍ വക്താവ് രാധാരമണ്‍ ദാസ് പറഞ്ഞു. ആചാര്യന് നീതി ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. ബംഗ്ലാദേശ് ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് ഭക്തജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജയിലില്‍ രോഗബാധിതനായ ചിന്മയ് കൃഷ്ണദാസിന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണ്. വ്യാഴാഴ്ച ബംഗ്ലാദേശ് മെട്രോപൊളിറ്റന്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 25ന് ഢാക്ക അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വച്ചാണ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്.
ഇതിനിടയില്‍ ബംഗ്ലാദേശിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കാനുള്ള ശ്രമത്തിലാണ് ഇടക്കാല സര്‍ക്കാര്‍. ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാനെ മാറ്റി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നേതാവും മുന്‍ പ്രസിഡന്റുമായ സിയാവുര്‍ റഹ്മാന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി എന്ന രീതിയില്‍ ചരിത്ര പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാന്‍ മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍ തീരുമാനിച്ചു. 1971ല്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാനല്ലെന്നും അന്ന് പട്ടാളത്തില്‍ വെറും മേജറായിരുന്ന സിയാവുര്‍ റഹ്മാനാണ് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നുമാണ് പുതിയ കഥ. കൂടാതെ മുജീബുര്‍ റഹ്മാന് ഇക്കാലമത്രയും നല്‍കിവന്ന ‘രാഷ്‌ട്രപിതാവ്’ എന്ന സ്ഥാനവും പാഠപുസ്തകങ്ങളില്‍നിന്ന് നീക്കി. 2025-ലെ അക്കാദമികവര്‍ഷത്തെ പ്രൈമറി, സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളാണ് ഇത്തരത്തില്‍ ഇടക്കാലസര്‍ക്കാര്‍ തിരുത്തിയത്. 1971 മാര്‍ച്ച് 27ന് ലോകമാകെ 26 ന് നടന്ന മുജീബുര്‍ റഹ്മാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാകിസ്ഥാന്‍ പട്ടാളം അറസ്റ്റുചെയ്ത ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ കമ്പിയില്ലാക്കമ്പിവഴി സ്വാതന്ത്ര്യപ്രഖ്യാപന സന്ദേശമയച്ചു എന്നത് വസ്തുതാധിഷ്ഠിത വിവരമല്ലെന്ന് കണ്ടെത്തിയതിനാലാണ് നീക്കിയതെന്നാണ് പാഠപുസ്തകപരിഷ്‌കര്‍ത്താക്കള്‍പറയുന്നത്. നേരത്തെ മുജീബുര്‍ റഹ്മാന്റെ ചിത്രം നോട്ടുകളില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചിരുന്നു. മുജീബുര്‍ റഹ്മാന്‍ കൊല്ലപ്പെട്ട ദിവസമായ ആഗസ്ത് 15 പൊതു അവധിയാക്കിയിരുന്നതും റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: