കൊച്ചി: ശ്രീനാരായണ ഗുരുദേവന്റെ ആത്മീയ വശങ്ങള്‍ വേണ്ടവിധം കേരളം സ്വീകരിച്ചില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ എബിവിപി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദിശങ്കരാചാര്യരുടെ മതമാണ് നമ്മുടെ മതമെന്നാണ് ഗുരുദേവന്‍ പ്രഖ്യാപിച്ചത്. എഴുപതോളം പുസ്തകങ്ങളാണ് ഗുരുദേവന്റേതായി പുറത്തുവന്നിരിക്കുന്നത്. ഇതിലൊന്നില്‍ പോലും ആത്മീയതയെക്കുറിച്ച് അദ്ദേഹം പറയാതെ പോയിട്ടില്ല. ഈ ആത്മീയതയെ എങ്ങനെയാണ് മുഖ്യമന്ത്രി നിരാകരിക്കുന്നത്? ഗുരുദേവന്‍ സ്ഥാപിച്ച 42 ക്ഷേത്രങ്ങളില്‍ സനാതന ധര്‍മ വിശ്വാസവും തന്ത്ര ശാസ്ത്രവും പാലിക്കാത്ത ക്ഷേത്രങ്ങളില്ല, പി.എസ്. ശ്രീധരന്‍ പിള്ള തുടര്‍ന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുകയാണ്. അടിയന്തരാവസ്ഥ ഒരു ദിവസത്തെ സൃഷ്ടിയല്ല. അക്കാലത്ത് ജയിലില്‍ കിടന്നവര്‍ അനുഭവിച്ച ക്രൂര പീഡനങ്ങളും ദുരിത ജീവിതവും എണ്ണിപ്പറഞ്ഞ് അദ്ദേഹം വിശദീകരിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരേ പോരാടിയ ഏതെങ്കിലും നക്‌സലുകളുണ്ടോ, ഇനി ഇത്തരക്കാരെയാകും ഇവിടെ ഉയര്‍ത്തിക്കാട്ടുകയെന്നും ജനാധിപത്യത്തിന്റെ അന്തകയായിരുന്നു ഇന്ദിര ഗാന്ധിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ധീരരായ പല നേതാക്കളുടെയും നാടാണ് കേരളമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എബിവിപി ദേശീയ ജന. സെക്രട്ടറി ഡോ. വിരേന്ദ്ര സിങ് സോളങ്കി പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം എന്തെന്ന ചിന്ത എല്ലാവരുടെയും മുന്നില്‍ നില്‍ക്കുമ്പോഴാണ് കുറച്ച് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് എബിവിപി എന്ന സംഘടന രൂപീകരിച്ചത്. ഇതിന് ശേഷം രാജ്യത്തിനും സമൂഹത്തിനും നേരേ വരുന്ന പ്രശ്‌നങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിച്ച് ചെറുത്തു നില്‍ക്കാന്‍ എബിവിപിക്കായിട്ടുണ്ട്. രാജ്യത്തിന്റെ അഭിവൃദ്ധിക്കും വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനുമായി അഹോരാത്രം പ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഡോ. വൈശാഖ് സദാശിവന്‍ യോഗത്തില്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വര്‍ പ്രസാദ്, സംസ്ഥാന സമിതിയംഗം അഭിരാമി പ്രദീപ്, സ്വാഗത സംഘം ചെയര്‍മാന്‍ സി. ദാമോദരന്‍, ജന. സെക്രട്ടറി അഡ്വ. എം.എ. വിനോദ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: