വിരാട് കോഹ്‌ലിക്കും ഓസ്ട്രേലിയന്‍ മണ്ണ് ഇത്തവണ ഫലം തരുന്നില്ല. സിഡ്നി ടെസ്റ്റിലും കിങ് കോലി ഓഫ് സൈഡ് കെണിയില്‍ കുടുങ്ങി പുറത്ത്. ഈ ഘട്ടത്തില്‍ കോലിക്ക് പ്രചോദനമാകേണ്ടത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ്. കാരണം കരിയറില്‍ നിരവധി തവണ എത്രയോ പ്രതിസന്ധികളെ തരണം ചെയ്താണ് സച്ചിന്‍ തന്റെ പ്രതിഭയെ മിനുക്കിയത്. സ്‌കോട്ട് ബോളണ്ടിന്റെ ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ചാണ് കോഹ്‌ലി പുറത്തായത്.
2003-04 സീസണില്‍ ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ ഏതാണ്ട് സമാനമായ അവസ്ഥയിലായിരുന്നു സച്ചിനും. എന്നാല്‍ എങ്ങനെ ഓഫ് സൈഡ് ട്രാപ്പിനെ പൊളിച്ചടുക്കാനാകുമെന്ന് സച്ചിന്‍ കാണിച്ചുതന്നു. അഡ്ലെയ്ഡിലും ബ്രിസ്ബെയ്നിലും പെര്‍ത്തിലുമൊക്കെ ബാറ്റിങ്ങില്‍ അമ്പേ പരാജയപ്പെട്ട ശേഷമാണ് സച്ചിന്‍ സിഡ്നിയിലെത്തുന്നത്. 0,1 ,37,0,44 എന്നിങ്ങനെയായിരുന്നു ആ പരമ്പരയില്‍ സച്ചിന്റെ അതുവരെയുള്ള സംഭാവനകള്‍. 2004ല്‍ സിഡ്‌നിയില്‍ ഓസീസിനെതിരായ നാലാം ടെസ്റ്റിലായിരുന്നു ഓഫ്സൈഡ് ഷോട്ട് രഹിത ക്ലാസിക് ഇന്നിങ്സ് സച്ചിന്റെ ബാറ്റില്‍ പിറന്നത്. ആ ഇന്നിങ്സിനെക്കുറിച്ച് സച്ചിന്‍ തന്റെ ആത്മകഥയായ പ്ലെയിങ് ഇറ്റ് മൈ വേ യില്‍ പറയുന്നത് ഇങ്ങനെയാണ്. ആ പരമ്പരയില്‍ വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ എനിക്കായില്ല. 30-40 റണ്‍സിലെത്തുമ്പോള്‍ കൂറ്റനടിക്കു ശ്രമിച്ച് പുറത്തായി. ഈ സാഹചര്യത്തില്‍ സിഡ്നി ടെസ്റ്റിനു മുമ്പ് ഞാന്‍ സഹോദരനുമായി (അജിത് ടെന്‍ഡുല്‍ക്കര്‍) സംസാരിച്ചു. അജിത് എനിക്ക് നല്‍കിയ ഉപദേശം നീ ഷോട്ട് സെലക്ഷനില്‍ ശ്രദ്ധിക്കണം. ചില ഷോട്ടുകള്‍ ഒഴിവാക്കൂ എന്നായിരുന്നു. സിഡ്നിയില്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ജ്യേഷ്ഠന്റെ വാക്കുകളായിരുന്നു പ്രചോദനം. എന്നെ ചതിയില്‍ വീഴ്‌ത്താന്‍ ഓസീസ് ബൗളര്‍മാര്‍ ഓഫ് സൈഡില്‍ തന്നെ പന്തെറിഞ്ഞുകൊണ്ടിരുന്നു. എന്നാല്‍, അവരുടെ ട്രാപ്പില്‍ കുടുങ്ങാതിരിക്കാന്‍ മനസിനെ പരുവപ്പെടുത്തി.ഓഫ് സൈഡില്‍ ഷോട്ടിനു ശ്രമിക്കില്ല എന്ന എന്റെ ദൃഢനിശ്ചയം വിജയിച്ചു. സെഞ്ചുറിയും കടന്ന ഡബിള്‍ സെഞ്ചുറിയിലെത്തി. -സച്ചിന്‍ പറയുന്നു. 241 റണ്‍സ് നേടിയ സച്ചിനെ പുറത്താകാന്‍ ഓസീസ് ബൗളിങ്ങിനായില്ല.
അത്തരത്തിലൊരു ദൃഢനിശ്ചയം കോലിക്ക് ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ നിരന്തരം ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങി കോലി പുറത്താകുമായിരുന്നില്ല. 69 പന്തില്‍നിന്ന് കേവലം 17 റണ്‍സ് നേടിയ കോലി സ്റ്റീവന്‍ സ്മിത്തിന്റെ കൈകളില്‍ അവസാനിച്ചു. ഈ പരമ്പരയില്‍ എട്ട് ഇന്നിങ്സുകളില്‍നിന്ന് കോലിക്ക് നേടാനായത് 26.28 എന്ന ദയനീയ ശരാശരിയില്‍ 184 റണ്‍സ് മാത്രമാണ്.
കോലിയുടെ അവസാന 20 ഇന്നിങ്സുകളെടുത്താല്‍ ആകെ നേടിയത് 343 റണ്‍സ് മാത്രമാണ്, ശരാശരി 24.11. ഒരു സെഞ്ചുറി മാത്രമാണ് ഇക്കാലയളവില്‍ നേടാനായത്.
അതിനിടെ, ഔട്ടായി മടങ്ങിയ കോലിയെ ഇത്തവണയും ഓസ്‌ട്രേലിയന്‍ കാണികള്‍ വെറുതെവിട്ടില്ല. അവര്‍ കൂകി വിളിച്ചു. മുഖം താഴ്‌ത്തി മടങ്ങുന്ന കോലി ഈ പരമ്പരയിലെ ദുരന്തചിത്രമായി. മെല്‍ബണ്‍ ടെസ്റ്റിനിടെയും കോലിക്ക് ഓസീസ് കാണികളുടെ കൂക്കിവിളി കേള്‍ക്കേണ്ടി വന്നിരുന്നു. ഈ ടെസ്റ്റിന്റെ ആദ്യ ദിനം അരങ്ങേറ്റക്കാരനായ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെ മനപ്പൂര്‍വം ചുമലുകൊണ്ട് ഇടിച്ചതോടെ കോലി ഓസീസ് കാണികളുടെ നോട്ടപ്പുള്ളിയായി. മാച്ച് ഫീയുടെ 20 ശതമാനം കോലിക്ക് പിഴയും ലഭിച്ചു.
സിഡ്നിയില്‍ സ്‌കോട്ട് ബോളണ്ട് എറിഞ്ഞ ആദ്യ പന്തില്‍ തന്നെ കോലിയെ മാര്‍നസ് ലബുഷെയ്ന്‍ ക്യാച്ചെടുത്തിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച മൂന്നാം അമ്പയര്‍ നോട്ട് ഔട്ട് വിധിക്കുകയായിരുന്നു. കോലിയുടെ ബാറ്റില്‍ തട്ടി സ്ലിപ്പിലേക്ക് വന്ന പന്ത് പിടിക്കാന്‍ സ്റ്റീവ് സ്മിത്ത് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്മിത്തിന്റെ കൈയില്‍ നിന്ന് ഉയര്‍ന്ന പന്ത് ലബുഷെയ്ന്‍ പിടിക്കുകയായിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ സ്മിത്ത് കൈപ്പടിയിലൊതുക്കവേ പന്ത് നിലത്തുതട്ടിയതായി മൂന്നാം അമ്പയര്‍ക്കു ബോധ്യപ്പെട്ടു.
പരമ്പരയില്‍ ഇത് ആറാം തവണയാണ് കോലി ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തില്‍ എഡ്ജ് ആയി പുറത്താകുന്നത്. 5, 100*, 7, 11, 3, 36, 5, 17 എന്നിങ്ങനെയാണ് ഈ പരമ്പരയിലെ കോലിയുടെ സ്‌കോറുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: