Business

ഹോട്ടല്‍ ഓഹരികള്‍ വാങ്ങാന്‍ നിര്‍ദേശിച്ച് നിക്ഷേപകമ്പനി; കാരണം മഹാകുംഭമേളയും കോള്‍ഡ് പ്ലേയുടെ സംഗീത പരിപാടിയും

പ്രമുഖ ഹോട്ടലുകളുടെ ഓഹരികള്‍ ഇക്കാലയളവില്‍ വാങ്ങാന്‍ നിര്‍ദേശിച്ച് നിക്ഷേപര്‍ക്ക് സാമ്പത്തിക ഉപദേശം നല്‍കുന്ന എലാറ ക്യാപിറ്റല്‍. ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ഉത്തര്‍പ്രദേശിലെ പ്രയാഗരാജില്‍ നടക്കുന്ന മഹാകുംഭമേളയും പ്രമുഖ ബ്രിട്ടീഷ് റോക്ക് ബാന്‍റായ കോള്‍ഡ് പ്ലേയുടെ മുംബൈയിലും അഹമ്മദാബാദിലും ന‍ടക്കുന്ന സംഗീത നിശകളും ആണ്.

Published by

ന്യൂദല്‍ഹി: പ്രമുഖ ഹോട്ടലുകളുടെ ഓഹരികള്‍ ഇക്കാലയളവില്‍ വാങ്ങാന്‍ നിര്‍ദേശിച്ച് നിക്ഷേപര്‍ക്ക് സാമ്പത്തിക ഉപദേശം നല്‍കുന്ന എലാറ ക്യാപിറ്റല്‍. ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ഉത്തര്‍പ്രദേശിലെ പ്രയാഗരാജില്‍ നടക്കുന്ന മഹാകുംഭമേളയും പ്രമുഖ ബ്രിട്ടീഷ് റോക്ക് ബാന്‍റായ കോള്‍ഡ് പ്ലേയുടെ (ColdPlay) മുംബൈയിലും അഹമ്മദാബാദിലും ന‍ടക്കുന്ന സംഗീത നിശകളും ആണ്.

ജനവരി 13ന് ആരംഭിക്കുന്ന മഹാകുംഭമേള അവസാനിക്കുക ഫെബ്രുവരി 26നാണ്. മഹാശിവരാത്രി നാളിലാണ് ഇക്കുറി മഹാകുംഭമേള അവസാനിക്കുക എന്ന പ്രത്യേകതയും ഉണ്ട്. 40 കോടി ഭക്തരെയാണ് മഹാകുംഭമേള പ്രതീക്ഷിക്കുന്നത്.

പ്രയാഗ് രാജില്‍ നിന്നും ഡ്രൈവിംഗ് ദൂരത്തില്‍ കിടക്കുന്ന വാരണാസിയിലും അയോധ്യയിലും എല്ലാം ഹോട്ടല്‍ ബിസിനസുകളെ സഹായിക്കുമെന്ന് എലാറ ക്യാപിറ്റല്‍ പറയുന്നു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഹോട്ടല്‍സിന്റെ കീഴിലുള്ള ടാജ് ഗെയ്ന്‍ജസ് നിറയെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കും. അതുപോലെ ടാറ്റയുടെ കീഴിലുള്ള ബെനാറസ് ഹോട്ടലുകളും. കഴിഞ്ഞ ഒരു മാസത്തില്‍ 806 രൂപയില്‍ നിന്നും ഇന്ത്യന്‍ ഹോട്ടല്‍സിന്റെ ഓഹരിവില 870ലേക്ക് കുതിച്ചിരുന്നു.

അതുപോലെ പ്രമുഖ ബ്രിട്ടീഷ് റോക്ക് ബാന്‍റായ കോള്‍ഡ് പ്ലേയുടെ സംഗീത നിശകള്‍ ജനവരി 18,19,21 തീയതികളിലാണ് മുംബൈയില്‍ നടക്കുന്നത്. ജനവരി 25,26 തീയതികളില്‍ അഹമ്മദാബാദിലും നടക്കും. ഇതും ഹോട്ടലുകളില്‍ ടൂറിസ്റ്റുകളെ നിറയ്‌ക്കും. അഹമ്മദാബാദിലെ സംഗീത പരിപാടികള്‍ ജൂനിപര്‍ ഹോട്ടല്‍സിനെ സഹായിക്കും. ഇവരുടെ 269 മുറികളുള്ള അഹമ്മദാബാദിലെ ഹയാത്ത് റീജന്‍സി ഫുള്‍ ബുക്കിംഗായിരിക്കും. ചാലറ്റ് ഹോട്ടലിനും ബിസിനസ് മെച്ചപ്പെടുമെന്ന് പറയുന്നു.

ഐടിസി ഹോട്ടല്‍സ്, ഹോട്ടല്‍ ലീല, ബ്രിഗേഡ് ഹോട്ടല്‍ വെഞ്ചേഴ്സ് എന്നീ ബെംഗളൂരു ഹോട്ടലുകള്‍ക്കും നല്ലകാലമായിരിക്കുമെന്നും എലോറ ക്യാപിറ്റല്‍ പ്രവചിക്കുന്നു മേല്‍ പറഞ്ഞ ഹോട്ടല്‍ ഓഹരികള്‍ നാലാം സാമ്പത്തിക പാദത്തില്‍ (2025 ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള 90 ദിവസങ്ങള്‍) മുകളിലേക്ക് കുതിക്കുമെന്നാണ് എലോറ ക്യാപിറ്റല്‍ പറയുന്നത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക