India

മദ്രസ മറയാക്കി ഒരു വർഷമായി കള്ളനോട്ടടി ; മദ്രസ മാനേജർ മുബാറക് അലി അടക്കം അറസ്റ്റിൽ ; വിതരണം ചെയ്തത് മുബാറക്ക് അലിയുടെ അഞ്ച് ഭാര്യമാർ

Published by

ലക്നൗ : ഉത്തർപ്രദേശിലെ ശ്രാവസ്തി ജില്ലയിൽ നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള മദ്രസയിൽ കള്ളനോട്ട് പിടികൂടി . സംഭവവുമായി ബന്ധപ്പെട്ട് മദ്രസ മാനേജർ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.ഇവരിൽ നിന്ന് വ്യാജ കറൻസി പ്രിൻ്റിംഗ് മെഷീനുകളും അനധികൃത ആയുധങ്ങളും മറ്റ് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇൻ്റലിജൻസ് വിഭാഗത്തിന്റെയും ലോക്കൽ പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്.

റാക്കറ്റിന്റെ സൂത്രധാരനായ നൂറി എന്ന മുബാറക് അലി വ്യാജ കറൻസി അച്ചടിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ യൂട്യൂബിലൂടെ പഠിച്ചതായി പോലീസ് പറഞ്ഞു. മാലിപൂർ പള്ളിക്ക് സമീപമുള്ള മദ്രസ ഫസ്‌റുൽ നബിയിലാണ് കള്ളനോട്ടുകൾ അച്ചടിച്ചത്.

ഹർദത്ത് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭേസരി കനാൽ പാലത്തിന് സമീപം രാം സേവക്, അവധേഷ് കുമാർ പാണ്ഡെ, ധരം രാജ് ശുക്ല എന്നിവരെ കള്ളനോട്ടുകൾ അറസ്റ്റ് ചെയ്തതോടെയാണ് റാക്കറ്റിനെ പറ്റിയുള്ള വിവരങ്ങൾ പുറത്ത് വന്നത് . ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് മദ്രസയിൽ തിരച്ചിൽ നടത്തുകയും വ്യാജ കറൻസി പിടിച്ചെടുക്കുകയുമായിരുന്നു.

500 രൂപയുടെ 26 കള്ളനോട്ടുകളും 200 രൂപയുടെ 100 കള്ളനോട്ടുകളും 100 രൂപയുടെ 24 കള്ളനോട്ടുകളും പോലീസ് കണ്ടെടുത്തു. മദ്രസ മാനേജരോടൊപ്പം ഇയാളുടെ സഹായി സമീൽ അഹമ്മദിനെയും കസ്റ്റഡിയിലെടുത്തു. ഒരു വർഷത്തിലേറെയായി മദ്രസ കേന്ദ്രീകരിച്ച കള്ളനോട്ടുകൾ അച്ചടിക്കുന്നതായി പൊലീസ് പറഞ്ഞു.

വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന മുബാറക് അലിയുടെ അഞ്ച് ഭാര്യമാർ വ്യാജ കറൻസി വിതരണം ചെയ്യാൻ സഹായിച്ചതായും സംശയിക്കുന്നുണ്ട് .ഇവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് സൂചന.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by