Kerala

പെരിയ ഇരട്ടക്കൊലപാതക കേസിലെ വിധി സിപിഎം ഭീകര പാര്‍ട്ടിയായി അധപതിച്ചെന്ന് തെളിയിക്കുന്നത് : കെ.സുരേന്ദ്രന്‍

കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോള്‍ പരസ്പര സഹായത്തിലൂടെ സിപിഎം നേതാക്കളെ രക്ഷപ്പെടുത്തുന്ന രീതിയാണുണ്ടായിരുന്നത്

Published by

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസിലെ വിധിയോടെ സിപിഎം ഭീകര പാര്‍ട്ടിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പെരിയ ഇരട്ടക്കൊലപാതക കേസില്‍ മുന്‍ എംഎല്‍എ വരെ ശിക്ഷിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം.വിധിക്കെതിരെ രംഗത്ത് വന്ന സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ നിലപാട് അവരുടെ അധപതനത്തിന്റെ ആഴം വ്യക്തമാക്കുന്നു.

സിബിഐക്കെതിരെ രംഗത്ത് വന്നത് കൊണ്ട് ചെയ്ത കുറ്റം മായ്ച്ചുകളയാന്‍ സാധിക്കില്ലെന്ന് സി പി എം മനസിലാക്കണം.സിബിഐ അന്വേഷിച്ചത് കൊണ്ട് മാത്രമാണ് ഈ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.ലോക്കല്‍ പൊലീസ് തുടക്കം മുതല്‍ കേസ് അട്ടിമറിക്കാനാണ് പരിശ്രമിച്ചത് .സിബിഐ അന്വേഷണം ഉണ്ടാവാതിരിക്കാന്‍ കോടികളാണ് സംസ്ഥാന ഖജനാവില്‍ നിന്നും പിണറായി സര്‍ക്കാര്‍ പൊടിച്ചു കളഞ്ഞതെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത് കൊണ്ട് മാത്രമാണ് കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ശിക്ഷിക്കപ്പെടുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വരെ നീതി ലഭിക്കാന്‍ നരേന്ദ്രമോദി വരേണ്ടി വന്നു.

കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോള്‍ പരസ്പര സഹായത്തിലൂടെ സിപിഎം നേതാക്കളെ രക്ഷപ്പെടുത്തുന്ന രീതിയാണുണ്ടായിരുന്നത്. ഇന്‍ഡി സഖ്യത്തില്‍ നിന്നും സിപിഎമ്മിനെ പുറത്താക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിയുന്നില്ല.കേരളത്തില്‍ കോണ്‍ഗ്രസുകാരെ വാളുകൊണ്ട് തീര്‍ക്കുന്ന സിപിഎമ്മുകാര്‍ ദില്ലിയില്‍ കോണ്‍ഗ്രസിന്റെ സല്‍ക്കാരം ഏറ്റുവാങ്ങുകയാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരെടുത്ത ശക്തമായ നടപടികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക