കോഴിക്കോട്: വടകരയില്‍ കാരവനില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ മരണ കാരണം കാര്‍ബണ്‍ മോണോക്സൈഡെന്ന് കണ്ടെത്തി. എന്‍ഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ജനറേറ്ററില്‍ നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് കാരവാന്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി ഉളളിലെത്തി. രണ്ട് മണിക്കൂറിനുള്ളില്‍ 957 പിപിഎം അളവ് കാര്‍ബണ്‍ മോണോക്സൈഡാണ് വാഹനത്തില്‍ പടര്‍ന്നത്.
കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.കഴിഞ്ഞ മാസം 23 നായിരുന്നു അപകടം. പൊലീസിനൊപ്പം ഫോറന്‍സിക് വിഭാഗവും വാഹനം നിര്‍മ്മിച്ച ബെന്‍സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരും എന്‍ഐടിയിലെ വിദഗ്ധ സംഘത്തിന്റെ പരിശോധനയുടെ ഭാഗമായിരുന്നു.
മലപ്പുറം വണ്ടൂര്‍ സ്വദേശി മനോജും കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. വിവാഹ സംഘത്തോടൊപ്പം എത്തിയ യുവാക്കള്‍ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിര്‍ത്തി എസി ഓണ്‍ ചെയ്ത് വിശ്രമിച്ചതായിരുന്നു. വാടകയ്ക്ക് എടുത്ത കാരവന് തിരിച്ചെത്താതെ വന്നതോടെ വാഹനത്തിന്റെ ഉടമകള്‍ അന്വേഷിച്ചപ്പോഴാണ് വാഹനത്തിനുളില് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: