മുംബൈ : മഹാരാഷ്‌ട്രയിലെ സോലാപൂരിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ് . മുംബൈയിൽ നിന്ന് സോലാപൂരിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സി-11 കോച്ചിന് നേരെയാണ് കല്ലേറുണ്ടായത് . ഇതേത്തുടർന്ന് കോച്ചിന്റെ ജനൽ ഗ്ലാസ് തകർന്നു.
വെള്ളിയാഴ്ച രാവിലെ ജൂർ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. വന്ദേ ഭാരത് എക്‌സ്പ്രസ് റെയിൽവേ സ്‌റ്റേഷനു സമീപം എത്തിയപ്പോഴായിരുന്നു ആക്രമണം.സംഭവത്തിൽ യാത്രക്കാർക്ക് പരിക്കേറ്റതായി വാർത്തകളൊന്നുമില്ലെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് റെയിൽവേയും പ്രാദേശിക ഭരണകൂടവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്ലെറിഞ്ഞവർ ആരാണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും വ്യക്തമല്ലെന്ന് റെയിൽവേ അധികൃതർ പറയുന്നു. സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് റെയിൽവേ അറിയിച്ചു .
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്നത് ഇതാദ്യമല്ല. നേരത്തെ, ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ ഡൽഹി-ഉന വന്ദേ ഭാരത് ട്രെയിനിന്റെ കോച്ചുകൾക്ക് നേരെ കല്ലേറുണ്ടായി, തുടർന്ന് സുരക്ഷ കണക്കിലെടുത്ത് ട്രെയിനിൽ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു. ഇപ്പോൾ മഹാരാഷ്‌ട്രയിലെ മുംബൈ-സോലാപൂർ വന്ദേ ഭാരത് ട്രെയിനിന് നേരെയുണ്ടായ ഈ ആക്രമണം സുരക്ഷാ സംവിധാനത്തിൽ വീണ്ടും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: