ആത്മീയതയുടെ ആവേശത്തിനിടെ മഹാകുംഭ് നഗറിലെ സെൻട്രൽ ആശുപത്രി പ്രത്യാശയുടെയും ചേതനയുടെയും ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നു. മഹാകുംഭമേള ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ‘ഗംഗ’ എന്ന പെൺകുഞ്ഞിന്റെ ജനനം പുണ്യനദികളുടെ വിശുദ്ധിയുടെയും പരമാര്‍ത്ഥത്തിന്റെയും പ്രതീകമാണ്. ‘കുംഭ്’ എന്ന മറ്റൊരു ആണ്‍കുഞ്ഞിന്റെ ജനനത്തിനൊപ്പം ഈ കുഞ്ഞുങ്ങളിരുവരും മഹത്തായ ജീവിതചക്രത്തെയും മഹാകുംഭമേളയുടെ അനുഗ്രഹത്തെയും ഉൾക്കൊള്ളുന്നു. മഹാകുംഭമേളയുടെ ഔദ്യോഗിക തുടക്കത്തിന് മുന്‍പുതന്നെ പ്രവർത്തനക്ഷമമായ ആശുപത്രി ഉത്തർപ്രദേശ് സർക്കാരിന്റെ സൂക്ഷ്മ തയ്യാറെടുപ്പുകളുടെ തെളിവായി നിലകൊള്ളുന്നു. ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ ആശുപത്രി പാരമ്പര്യവും പുരോഗതിയും സമന്വയിപ്പിച്ച് മഹാകുംഭമേളയുടെ പവിത്രത മനുഷ്യക്ഷേമത്തോടുള്ള പ്രതിബദ്ധതയിലൂടെ പ്രതിഫലിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
സനാതന ധർമ്മത്തിന്റെ പരകോടിയായി ആദരിക്കപ്പെടുന്ന മഹാകുംഭമേള 2025-ൽ പ്രയാഗ്‌രാജിൽ അതിന്റെ മഹത്വം പ്രദര്‍ശിപ്പിക്കാന്‍ പോവുകയാണ്. ‘തീർത്ഥാടനങ്ങളുടെ രാജാവ്’ അഥവാ തീർത്ഥരാജ് എന്നറിയപ്പെടുന്ന പ്രയാഗ്‌രാജ് നഗരം പുരാണങ്ങളുടെയും ആത്മീയതയുടെയും ചരിത്രത്തിന്റെയും സംഗമത്തിലൂടെ സനാതന സംസ്കാരത്തിന്റെ കാലാതീത രൂപമായി മാറുന്നു. ഗംഗയും യമുനയും യോഗാത്മക സരസ്വതി നദിയും ഒന്നിക്കുന്ന ഈ പുണ്യഭൂമി ദിവ്യാനുഗ്രഹവും മോക്ഷവും തേടുന്ന ദശലക്ഷക്കണക്കിന് പേര്‍ക്ക് ഒരു ആത്മീയ ആകര്‍ഷണമായി വർത്തിക്കുന്നു. ഇവിടെ മഹാകുംഭമേള ഒരു സ്വർഗീയ യാത്രയായി മാറുന്നു – ഭക്തിയുടെയും ധ്യാനത്തിന്റെയും ആത്മീയതയുടെയും ‘ത്രിവേണി’.
പ്രയാഗ്‌രാജിലെ ആത്മീയ രത്നങ്ങളിലൊന്നാണ് തിരക്കേറിയ ലോക്‌നാഥ് പ്രദേശത്തെ പൂജനീയ ബാബ ലോക്‌നാഥ് മഹാദേവ ക്ഷേത്രം. കാശിയിലെ ബാബ വിശ്വനാഥന്റെ ‘പ്രതിരൂപ’മായി (പ്രതിഫലനം) ആദരിക്കപ്പെടുന്ന ബാബ ലോക്‌നാഥിന്റെ ഈ ക്ഷേത്രം ഭക്തിയുടെ കാലാതീത പ്രതിധ്വനികളാല്‍ മുഖരിതമാണ്. സ്കന്ദപുരാണത്തിലും മഹാഭാരതത്തിലും കാണപ്പെടുന്ന സ്വയംപ്രകടമായ ശിവലിംഗത്തെക്കുറിച്ചുള്ള പരാമർശങ്ങൾ അതിന്റെ പുരാതന വേരുകൾക്ക് അടിവരയിടുന്നു. ബാബ ലോക്‌നാഥിന്റെ അനുഗ്രഹം ലൗകിക ആയാസങ്ങള്‍ ലഘൂകരിക്കുമെന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിന് തീർത്ഥാടകർ മഹത്തായ മഹാകുംഭമേളയ്‌ക്കിടെ ദിവ്യത്വമനുഭവിക്കാനായി ഈ പുണ്യസ്ഥലത്ത് ഒത്തുചേരും. മദൻ മോഹൻ മാളവ്യ ഉള്‍പ്പെടെ പ്രതിഭകളുമായുള്ള ബന്ധം ക്ഷേത്രത്തിന്റെ സാംസ്കാരിക പൈതൃകത്തെ കൂടുതൽ സമ്പന്നമാക്കുന്നു. ശിവരാത്രിയിലെ പ്രതീകാത്മക ശിവഭാരത് ഘോഷയാത്രയും ഊര്‍ജസ്വലമായ ഹോളി ആഘോഷങ്ങളും പ്രയാഗ്‌രാജിന്റെ ആത്മീയ അഭിനിവേശത്തിന്റെ ആകര്‍ഷണീയ ചിത്രങ്ങള്‍ക്ക് ഭംഗി കൂട്ടുന്നു. മഹാകുംഭമേളയ്‌ക്ക് നഗരം തയ്യാറെടുക്കുമ്പോൾ ലോകമെങ്ങുമുള്ള ഭക്തരുടെ ശ്രദ്ധാകേന്ദ്രമായി ബാബ ലോക്‌നാഥിന്റെ ക്ഷേത്രം മാറുമെന്നതിൽ സംശയമില്ല.
മഹാകുംഭമേളയുടെ ആത്മീയ നഗരത്തില്‍ നാഗ മഹര്‍ഷിമാരും സന്യാസിമാരും ആചാരാനുഷ്ഠാനങ്ങള്‍ക്കും ധ്യാനത്തിനും ജ്ഞാനം പങ്കിടാനുമായി ഒത്തുചേരുന്ന അഖാര മേഖലയ്‌ക്ക് ഭക്തിയുടെ തുടിപ്പുണ്ട്. അവരിൽ മഹന്ത് ശ്രാവൺ ഗിരിയുടെയും മഹന്ത് താരാഗിരിയുടെയും കഥകൾ അതുല്യമായ ആകർഷണീയതയോടെ പ്രതിധ്വനിക്കുന്നു. ലാലി, സോമ എന്നീ വളർത്തുമൃഗങ്ങളോടുള്ള അവരുടെ അഗാധമായ സ്നേഹം എല്ലാ ജീവജാലങ്ങളെയും ദിവ്യമായി പരിഗണിക്കുന്ന സനാതന ധർമ്മത്തിന്റെ സഹാനുഭൂതിയുടെ ആത്മാവിനെ കാണിക്കുന്നു. ലൗകിക ബന്ധങ്ങൾ ഉപേക്ഷിച്ച ഈ സന്യാസിവര്യര്‍ വളർത്തുമൃഗങ്ങളുമായുള്ള ആത്മബന്ധത്തിലൂടെ അഹിംസയുടെയും നിരുപാധിക സ്നേഹത്തിന്റെയും തത്വം പ്രതിനിധാനം ചെയ്യുന്നു. ഇത്തരം ആഖ്യാനങ്ങള്‍ സന്യാസിമാരുടെ കഠിന ജീവിതത്തെ മാനുഷികവല്‍ക്കരിക്കുകയും മഹാകുംഭമേളയുടെ ഉൾച്ചേര്‍ക്കലിന്റെ ആത്മാവിനെ അടിവരയിടുകയും ചെയ്തുകൊണ്ട് ആത്മീയതയ്‌ക്കും നിലനില്‍പ്പിന്റെ ലളിതമായ സന്തോഷങ്ങൾക്കുമിടയിലെ സാദൃശ്യങ്ങള്‍ പ്രകടമാക്കുന്നു.
പ്രസന്നമായ ജുൻസി മേഖലയിലെ മഹർഷി ദുർവാസാശ്രമം പ്രയാഗ്‌രാജിന്റെ ആത്മീയ ആകർഷണത്തിന് മറ്റൊരു തലംകൂടി നൽകുന്നു. ഇതിഹാസ മഹർഷി ദുർവാസാവുമായി ബന്ധപ്പെട്ട ഈ പുരാതന സ്ഥലം ദിവ്യ തപസ്സിന്റെയും പാപവിമുക്തിയുടെയും കഥകൾ ഉൾക്കൊള്ളുന്നു. മഹർഷി ദുർവാസാവിന്റെ തീവ്രധ്യാനം ശിവനെ പ്രീതിപ്പെടുത്തുകയും ഭഗവാൻ വിഷ്ണുവിന്റെ സുദർശന ചക്രത്തിന്റെ കോപത്തിൽ നിന്ന് അദ്ദേഹത്തിന് സംരക്ഷണം നൽകുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. മഹർഷി സ്ഥാപിച്ച ശിവലിംഗം ‘അഭയദാനം’ (ഭയത്തിൽ നിന്നുള്ള മോചനം) തേടുന്ന ഭക്തർക്ക് പ്രത്യാശയുടെ ദീപമായി തുടരുന്നു. മഹാകുംഭമേളയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ആശ്രമം കാര്യമായ പുനരുദ്ധാരണത്തിന് വിധേയമായതോടെ ചുവന്ന മണൽക്കല്‍ കവാടങ്ങളും മെച്ചപ്പെട്ട സൗകര്യങ്ങളും തീർത്ഥാടകരെ അതിന്റെ പവിത്രതയിൽ മുഴുകാൻ ക്ഷണിക്കുന്നു. പ്രയാഗ്‌രാജിനെ നിർവചിക്കുന്ന പുരാണങ്ങളും ആത്മീയതയും തമ്മിലെ ശാശ്വത ബന്ധത്തിന്റെ ഓർമപ്പെടുത്തലായി ഇത് നിലകൊള്ളുന്നു.
കുംഭമേളയെ ഒരു ചതുര്‍തല ആഘോഷമായി വിശേഷിപ്പിക്കുന്നു – ഒരു ആത്മീയ യാത്ര, വിസ്മയകരമായ ആസൂത്രണം, സാമ്പത്തിക പ്രതിഭാസം, ആഗോള ഐക്യത്തിന്റെ സാക്ഷ്യം. ജീവിതത്തിന്റെ ശാശ്വത സത്യങ്ങൾ സ്വീകരിക്കുന്നതിനായി ജനങ്ങള്‍ ക്ഷണികമായ ഡിജിറ്റൽ ലോകത്തെ ഉപേക്ഷിക്കുന്ന കല്പവാസ് എന്ന ആശയം മഹാകുംഭമേളയുടെ പരിവർത്തന ശക്തിയുടെ പ്രതീകമാണ്. മഹാകുംഭമേള വെറുമൊരു ചടങ്ങല്ല; അതൊരു ജീവിതരീതിയാണ് – ദിവ്യ തത്വസംഹിതയാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ഉത്സവം. അതിന്റെ ആത്മാവ് സന്യാസിവര്യരുടെയും ഋഷിമാരുടെയും ആത്മീയ ഒത്തുചേരലിലാണ്. സനാതന ഹൈന്ദവ വേദ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇവിടെ ധർമ്മവും വിപണിയും ഒരുമിക്കുന്നു.
സംഗമത്തിന്റെ പുണ്യമണൽത്തീരങ്ങൾ 2025-ൽ ദശലക്ഷക്കണക്കിന് ഭക്തരെ കാത്തിരിക്കുമ്പോള്‍ മഹാകുംഭമേള മറ്റേതൊരു ആത്മീയ യാത്രയെക്കാള്‍ സവിശേഷമാകുമെന്ന് ഉറപ്പിച്ചുപറയാം. സ്വന്തം ഉല്പത്തിയുമായി വീണ്ടും ബന്ധപ്പെടാനും സനാതന ധർമ്മത്തിന്റെ കാലാതീത ജ്ഞാനമനുഭവിക്കാനും, ലൗകികതയെ മറികടക്കുന്ന ആഘോഷത്തിൽ പങ്കുചേരാനുമുള്ള ഒരു ക്ഷണമാണിത്. ബാബ ലോക്നാഥിന്റെ ദിവ്യാനുഗ്രഹം മുതൽ മഹർഷി ദുർവാസാവിന്റെ പൗരാണിക പാരമ്പര്യം വരെ, സന്യാസിമാരുടെ മാനുഷിക ബന്ധങ്ങൾ മുതൽ ജീവിതാത്ഭുതങ്ങൾ വരെ, മഹാകുംഭമേള വിശ്വാസത്തിന്റെയും ഭക്തിയുടെയും ഔന്നിത്യത്തിന്റെയും വര്‍ണചിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: