ബെംഗളൂരു: ആദ്ധ്യാത്മിക ഭാരതത്തിന്റെ അന്തസത്ത കുടുംബമൂല്യങ്ങളിലൂടെ അടുത്ത തലമുറയ്‌ക്ക് പകരണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മൂല്യങ്ങളില്‍ വളരാത്ത തലമുറ നഷ്ടപ്പെടും. അവരെ സംരക്ഷിക്കേണ്ട കടമ കുടുംബങ്ങള്‍ക്കാണ്. കുടുംബങ്ങള്‍ നിലനിന്നാലേ ഭാരതം നിലനില്‍ക്കൂ, അദ്ദേഹം പറഞ്ഞു.
പൂര്‍ണപ്രജ്ഞ വിദ്യാപീഠത്തില്‍ പേജാവര്‍ ശ്രീവിശ്വേശതീര്‍ത്ഥയുടെ പഞ്ചമ ആരാധനോത്സവത്തോടനുബന്ധിച്ച് നടന്ന ഗുരു സംസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍കാര്യവാഹ്. ഭക്തിയുടെയും ജാഗ്രതയുടെയും സാമൂഹിക അവബോധത്തിന്റെയും ജനജീവിതത്തിന്റെയും അര്‍ത്ഥവും വിജയവും കണ്ടെത്തുന്നതിനുള്ള മാര്‍ഗമാണ് ശ്രീവിശ്വേശതീര്‍ത്ഥയുടെ ആരാധനോത്സവം. കുട്ടികള്‍ ഭാരതത്തിന്റെ ശാശ്വതമായ പൈതൃകം മുന്നോട്ട് കൊണ്ടുപോകണമെന്ന ലക്ഷ്യത്തോടെയാണ് സ്വാമിജി വിദ്യാപീഠം ആരംഭിച്ചത്. അറിവിനും അധ്വാനത്തിനും ആദരവ് നല്‍കി മനുഷ്യജീവിതം സാര്‍ത്ഥകമാകണമെന്ന് അദ്ദേഹം പറഞ്ഞു.
ആത്മീയതയില്ലാതെ ഭാരതീയ പൗരജീവിതം അഭിവൃദ്ധി പ്രാപിക്കില്ല. രാജ്യത്തിന് അതിന്റേതായ വ്യക്തിത്വം പകര്‍ന്നത് ആത്മീയതയാണ്. അത് ഭാരതത്തിന്റെ ആത്മാവാണ്. ഭാരതമാണ് ലോകത്തിന് വെളിച്ചം നല്‍കുന്നത്. എന്നാല്‍ ഭാരതത്തിന് വെളിച്ചം നല്‍കേണ്ടത് ആത്മീയതയാണെന്ന് അദ്ദേഹം പറഞ്ഞു.
1979- 80ല്‍ സ്വാമി വിശ്വേശതീര്‍ത്ഥ ഹിന്ദുസേവാ പ്രതിഷ്ഠാന്‍ സ്ഥാപിച്ചു. ഹിന്ദു സമൂഹത്തിന്റെ ഉന്നമനമായിരുന്നു ലക്ഷ്യം. നൂറു വര്‍ഷത്തിലേറെയായി രാഷ്‌ട്രീയ സ്വയംസേവക സംഘം ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുന്നു. ഈ സംസ്‌കൃതിയെ സംരക്ഷിച്ച് വരുംതലമുറയ്‌ക്ക് സംഭാവന നല്‍കണമെന്നും ദത്താത്രേയ ഹൊസബാളെ ആഹ്വാനം ചെയ്തു. പേജാവര്‍ ശ്രീവിശ്വപ്രസന്നതീര്‍ത്ഥ സ്വാമിജി, ഭണ്ഡാര്‍കേരി ശ്രീവിദ്യാ സതീര്‍ത്ഥ സ്വാമിജി, ബന്നന്‍ജെ രാഘവേന്ദ്ര തീര്‍ത്ഥ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: