വനിതാ വിദ്യാഭ്യാസത്തിനും സ്ത്രീ ശാക്തീകരണത്തിനും അവരുടെ അവകാശ സംരക്ഷണത്തിനും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന സാവിത്രിഭായി ഫൂലെയുടെ ജന്മദിനമാണിന്ന്. ലക്ഷ്മി – പാട്ടീല്‍ ദമ്പതികളുടെ നാലുമക്കൡ ഇളയവളായി 1831 ജനുവരി മൂന്നിന് പഴയ ബോംബെ പ്രസിഡന്‍സി(മഹാരാഷ്‌ട്ര)യിലെ സതാര ജില്ലയിലെ നൈഗാവ് ഗ്രാമത്തില്‍ ജനിച്ച സാവിത്രിഭായ് ഭാരതത്തിലെ ആദ്യ വനിതാ പാഠശാലയിലെ ആദ്യ വിനത അധ്യാപികയാണ്. ഇത് കൂടാതെ ആധുനിക മറാഠി കവിതയിലെ അഗ്രഗാമിയായും ഈ വനിതാരത്‌നം വിശേഷിപ്പിക്കപ്പെടുന്നു.
ശൈശവ വിവാഹം സര്‍വ്വസാധാരണമായ പത്തൊമ്പതാം നൂറ്റാണ്ടില്‍ സാവിത്രിയെ ജ്യോതിറാവു ഫൂലേ വിവാഹം കഴിച്ചതോടെയാണ് അവര്‍ സാവിത്രിഭായ് ഫൂലേ ആയത്. വധുവിന് പത്തും വരന് 13-ഉം വയസ്സായിരുന്നു. വിവാഹസമയത്ത് സാവിത്രിഭായി നിരക്ഷരയായിരുന്നു. ജ്യോതിറാവു ഫൂലേ ആണ് സാവിത്രിയേയും ബന്ധുവായ സഗുണാഭായിയേയും പഠിക്കാന്‍ പ്രേരിപ്പിച്ചതും പ്രാഥമിക പാഠങ്ങള്‍ പഠിപ്പിച്ചതും.
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം സുഹൃത്തുക്കളായ സഖാറാം യശ്വന്ത് പരഞ്ജ്പെ, കേശവ് ശിവറാം ഭവല്‍ക്കര്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശപ്രകാരം അധ്യാപന പരിശീലനം നേടി. അഹമ്മദ്നഗറിലെ സിന്തിയ ഫരാര്‍ എന്ന അമേരിക്കന്‍ മിഷനറി നടത്തിയിരുന്ന ഒരു സ്ഥാപനത്തിലും ഒരു സാധാരണ സ്‌കൂളിലുമായിരുന്നു അവരുടെ പരിശീലനം. അങ്ങനെയാണ് സാവിത്രി ഭാരതത്തിലെ ആദ്യഅധ്യാപിക ആയി മാറിയത്.
പൂനെയില്‍ 1848-ല്‍ താത്യാസാഹേബ് ഭിഡെയുടെ വസതിയിലാണ് പെണ്‍കുട്ടികള്‍ക്കായി ആദ്യത്തെ സ്‌കൂള്‍ ആരംഭിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സാവിത്രിബായിയും ജ്യോതിറാവു ഫൂലെയും മുന്‍കൈയെടുത്ത് രണ്ട് വിദ്യാഭ്യാസ ട്രസ്റ്റുകള്‍ സ്ഥാപിച്ചു. പൂനെയിലെ നേറ്റീവ് മെയില്‍ സ്‌കൂള്‍, സൊസൈറ്റി ഫോര്‍ പ്രൊമോട്ടിംഗ് ദി എഡ്യൂക്കേഷന്‍ ഓഫ് മഹര്‍ എന്നിവയിലൂടെ അവര്‍ സ്‌കൂളുകളെ കോര്‍ത്തിണക്കി.
എഴുത്തുകാരിയും കവയിത്രിയും കൂടിയായിരുന്നു സാവിത്രി. 1854-ല്‍ കാവ്യ ഫൂലെ, 1892-ല്‍ ബവന്‍ കാശി സുബോധ് രത്‌നാകര്‍ എന്നീ കാവ്യഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ‘പോകൂ, വിദ്യാഭ്യാസം നേടൂ’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ കവിത സമൂഹത്തിന്റെ താഴേത്തട്ടില്‍പ്പെട്ടവരെ വിദ്യാഭ്യാസം നേടി സ്വയം ഉയരാന്‍ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. കാവ്യ ഫൂലെ 1934-ലും, ബവന്‍ കാശി സുബൊധ് രത്നാകര്‍ 1982ലും പുനഃപ്രസിദ്ധീകരിക്കപ്പെട്ടു.
വനിതകളുടെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്‌ക്കു വേണ്ട അവബോധം സൃഷ്ടിക്കുന്നതിനായി അവര്‍ സ്ഥാപിച്ചതാണ് മഹിളാ സേവാ മണ്ഡലം. ഒരു തരത്തിലുമുള്ള വേര്‍തിരിവുകളില്ലാതെ സ്ത്രീകള്‍ക്ക് ഒത്തുചേരാവുന്ന ഇടമായിരുന്നു മഹിളാ സേവാ മണ്ഡലം. ഉച്ചനീചത്വങ്ങളില്ലാതെ, മഹിളാ സേവാമണ്ഡലത്തില്‍ പങ്കെടുത്ത എല്ലാ സ്ത്രീകളും ഒരേ പായയില്‍ ഇരിക്കുകയെന്നത് അക്കാലത്ത് വലിയ പരിഷ്‌കരണവും വനിതാ ശാക്തീകരണവും ആയിരുന്നു. ബ്രാഹ്മണ വിധവകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ കഴിയുന്ന ഒരു വനിതാ അഭയകേന്ദ്രം തുറന്ന സാവിത്രി ശൈശവ വിവാഹത്തിനെതിരായും വിധവാ പുനര്‍വിവാഹത്തിനു വേണ്ടിയും പ്രചാരണവും നടത്തി.
കുട്ടികള്‍ സ്‌കൂളില്‍ വരുന്നത് പ്രോത്സാഹിപ്പിക്കാനും പഠനം നിര്‍ത്തി പോവുന്നത് തടയാനും സ്‌കൂളുകളില്‍ ഉച്ചഭക്ഷണ സമ്പ്രദായവും ഗ്രാന്റും ഭാരത്തില്‍ ആദ്യമായി തുടങ്ങിയതും സാവിത്രി ആയിരുന്നു.
പൂനെയില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ മാതാ സാവിത്രിഭായി മകനോടൊപ്പം ഒരു ആശുപത്രി തുടങ്ങി. രോഗികളെ അവര്‍ സ്വയം പരിചരിച്ചു. അങ്ങനെ രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗബാധിതയായി 1897 മാര്‍ച്ച് 10ന് അവര്‍ അന്തരിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ സാമൂഹ്യപരിഷ്‌കര്‍ത്താവായ ഈ വനിതയുടെ നാമം അനശ്വരമാക്കുകയാണ് സാവിത്രിഭായ് ഫൂലെ പൂനെ സര്‍വ്വകലാശാല. സാവിത്രിക്കുള്ള മരണാനന്തര ബഹുമതിയായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ 2014-ല്‍ പൂനെ സര്‍വ്വകലാശായുടെ പേര് സാവിത്രി ബായ് ഫൂലെ പൂനെ സര്‍വ്വകലാശാല എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നു.
നിരന്തരം പ്രയത്‌നിക്കുകയും അതോടൊപ്പം ഏറെ പഠിക്കുകയും തന്റെ അറിവുകള്‍ സമാജനന്മയ്‌ക്കായി പങ്കുവയ്‌ക്കുകയും ചെയ്ത സാവിത്രിഭായിയുടെ ജീവിതത്തെ അനുസ്മരിപ്പിക്കുന്നതാണ് യഃ ക്രിയാവാന്‍ സഃ പണ്ഠിതഃ എന്ന സര്‍വകലാശാലയുടെ ആദര്‍ശസൂക്തം. 1998-ല്‍ സാവിത്രിഭായിയുടെ ബഹുമാനാര്‍ത്ഥം ഭാരത സര്‍ക്കാര്‍ തപാല്‍ സ്റ്റാമ്പും പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: