ദല്‍ഹി: പോയവര്‍ഷത്തില്‍ ചരിത്രനേട്ടത്തോടെ ഭാരതത്തിനായി മെഡലുകള്‍ വാരിക്കൂട്ടിയ നാല് താരങ്ങള്‍ക്കാണ് ഇത്തവണത്തെ കായികരംഗത്തെ പരമോന്നത ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍ രത്ന അവാര്‍ഡിന് അര്‍ഹരായത്. പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം ഹോക്കിയില്‍ തുടര്‍ച്ചയായി ഒളിംപിക്സ് മെഡല്‍ നേട്ടം സാധ്യമാക്കിയതിന്റെ മികവാണ് ഭാരത പുരുഷ ഹോക്കി ടീം നായകന് ഹര്‍മന്‍പ്രീത് സിങ്ങിനെ ഖേല്‍ രത്നയ്ക്ക് അര്‍ഹനാക്കിയത്. ഒളിംപിക്സില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായാണ് ഹര്‍മന്‍പ്രീ
ത് പാരിസില്‍ നിന്നും മടങ്ങിയെത്തിയത്.
ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള മോഡേണ്‍ ഒളിംപിക്സില്‍ ഇക്കഴിഞ്ഞ തവണ പാരീസില്‍ ആണ് ഭാരതത്തിനായി ഒരേ താരം തന്നെ രണ്ട് മെഡലുകള്‍ സ്വന്തമാക്കി ചരിത്രം കുറിച്ചത്. വനിതകളുടെ 10 മീറ്റര്‍ റൈഫിള്‍സിലും മിക്സഡ് 10 മീറ്റര്‍ റൈഫിള്‍സിലും വെങ്കലം നേടിക്കൊണ്ട് പാരീസില്‍ മനു ഭാക്കര്‍ ആണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.
പാരീസ് പാരാലിംപിക്സില്‍ ഭാരതത്തിനായി സ്വര്‍ണം നേടിക്കൊണ്ട് ചരിത്രം സൃഷ്ടിച്ച പുരുഷ ഹൈജംപ് താരം പ്രവീണ്‍ കുമാറും രത്നത്തിളക്കത്തിന് അര്‍ഹത നേടി. കഴിഞ്ഞ തവണ ടോക്കിയോ ഒളിംപിക്സില്‍ നേടിയ വെള്ളി നേട്ടമാണ് ഇക്കഴിഞ്ഞ വര്‍ഷം പ്രവീണ്‍ പാരീസില്‍ പൊന്നേട്ടമാക്കി മാറ്റിയത്.
പോയവര്‍ഷത്തിന്റെ ഒടുവിലത്തെ ലാപ്പിലായിരുന്നു ഡി. ഗുകേഷിന്റെ ചരിത്രനേട്ടം പിറന്നത്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 18-ാം വയസില്‍ കിരീടം ചൂടിക്കൊണ്ടായിരുന്നു ഗുകേഷ് ചരിത്രം സൃഷ്ടിച്ചത്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കിരീടം നേടുന്ന താരമെന്ന റിക്കാര്‍ഡ് തിരുത്തിയായിരുന്നു ഭാരത താരത്തിന്റെ നേട്ടം. നാല്പത് വര്‍ഷത്തിലേറെ പഴക്കമുള്ള റിക്കാര്‍ഡ് ആണ് ഗുകേഷ് പഴങ്കഥയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: