ന്യൂദെൽഹി:അസമിലെ ദിബ്രുഗഡിൽ ജയിലിൽ കഴിയുന്ന ഖലിസ്ഥൻ അനുകൂല വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ നേതാവും എംപിയുമായ അമൃത്പാൽ സിംഗ് പുതിയ രാഷ്‌ട്രീയ പാർട്ടിക്ക് രൂപം നൽകുന്നു. ഈ മാസം 14 ന് പഞ്ചാബിലെ ശ്രീമുക്ത്സർ സാഹിബിൽ നടക്കുന്ന റാലിയിൽ വെച്ച് പാർട്ടി രൂപീകരണ പ്രഖ്യാപനം ഉണ്ടാകും. പന്ഥ് ബചാവോ, പഞ്ചാബ് ബച്ചാവോ എന്ന പേരിൽ റാലി ശ്രീമുക്ത്സർ സാഹിബിലാണ് നടക്കുന്നത്. സിഖ് വംശജരുടെ ആഘോഷമായ മാഘി ദാ മേളയിലാണ് റാലി.
പൊലീസ് അറസ്റ്റ് ചെയ്ത തന്റെ അനുയായികളെ മോചിപ്പിക്കാനായി അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയായ അമൃത് പാലിനെ 2023 ഏപ്രിൽ 23 നാണ് ദേശീയ സുരക്ഷ നിയമം അനുസരിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
മുക്ത്സറിൽ നടക്കുന്ന മാഗി മേളയിൽ വിളിച്ച സമ്മേളനത്തിൽ വെച്ച് ഒരു കമ്മിറ്റിക്ക് രൂപം നൽകും. പുതിയ രാഷ്‌ട്രീയ പാർട്ടിയുടെ ഭരണഘടന തയ്യാറാക്കുക, പേര് തീരുമാനിക്കുക, ഒരു ഉപദേശക സമിതിക്ക് രൂപം നൽകുക എന്നീ കാര്യങ്ങളും സമ്മേളനം ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഇക്കാര്യങ്ങൾ വിശദീകരിച്ച അമൃത്പാൽ സിംഗിന്റെ പിതാവ് തർസെ സിംഗ് വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകൻ ബിയാന്ത് സിംഗിന്റെ മകനും ഫരീദ് കോട്ട എംപിയുമായ സരബ്ജിത് സിംഗ് ഖൽസ, മനുഷ്യാവകാശ പ്രവർത്തകൻ പരംജിത് കൗർ ഖൽറ എന്നിവരുൾപ്പെടെ നിരവധി പേരുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
2024 ൽ ലോകസഭ തിരഞ്ഞെടുപ്പിൽ ജയിലിൽ കഴിയവെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് 197,120 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അമൃത്പാൽ സിംഗിനെ മൂന്നാഴ്‌ച്ച മുമ്പ് ദിബ്രുഗഡ് ജയിലിൽ സന്ദർശിച്ച ശേഷമാണ് പിതാവ് തർസെം സിംഗ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. സിഖ് പാർട്ടിയായ ശിരോമണി അകാലിദളിന് സംഭവിച്ച അപചയം ചൂണ്ടിക്കാട്ടിയാണ് അമൃത്പാൽ സിംഗ് രാഷ്‌ട്രീയ നീക്കം നടത്തുന്നത്. അകാലിദളിന്റെ ദുഷ്പ്രവൃത്തി കാരണം അവർക്ക് പിന്തുണ നഷ്ടപ്പെട്ടതായും അമൃത്പാൽ സിംഗ് അഭിപ്രായപ്പെട്ടതായും തർസെം സിംഗ് പറഞ്ഞു. അകാലിദൾ വിമതരെ കണ്ട് അമൃത്പാൽ സിംഗിന്റെ ടീം വിവരശേഖരണം നടത്തുന്നുണ്ട്. ഈ വിഭാഗം മാഗി മേളയിൽ നടക്കുന്ന റാലിയിൽ അമൃത്പാലിന്റെ പുതിയ പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും ടീം അമൃത്പാൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: