കോട്ടയം: ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നുവെന്ന് എക്സൈസിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം 12 വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ പിടികൂടിയിരുന്നു.കുട്ടികള്‍ക്ക് കഞ്ചാവ് നല്കുന്ന മൂന്ന് ഔട്ട്ലെറ്റുകള് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചിരുന്നു. കഞ്ചാവ് മൊത്ത വില്‍പ്പന നടത്തുന്ന ഒരാളെ അടുത്തകാലത്ത് അറസ്റ്റ് ചെയ്തുവെങ്കിലും ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് വില്പന ആരംഭിച്ചതായാണ് അറിയുന്നത്. എക്സൈസിന് തകര്‍ക്കാന്‍ ആകുന്നതിനപ്പുറം കഞ്ചാവ് മാഫിയ ജില്ലയില്‍ പ്രബലമാണെന്നാണ് അറിവ്. മൂന്നുമാസത്തിനിടയില്‍ 52ഗ്രാം ഹെറോയിനും 200 ഗ്രാം ബ്രൗണ്‍ഷുഗറും 15 ഗ്രാം ഹാഷിഷ് ഓയിലും അടക്കം പിടികൂടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു.എന്നാല്‍ ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ലഭിക്കുന്ന സൂചന. കഞ്ചാവ് മാഫിയക്കെതിരെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ കുടുക്കാന്‍ തക്ക ശക്തിയുള്ള മാഫിയയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ ഉദ്യോഗസ്ഥര്‍ ഭയക്കുന്നതും അതുകൊണ്ടാണ് . ഭരണ രാഷ്ട്രീയ തലങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്നതും നടപടികളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: